അഗസ്ത്യ മഹർഷി

🛕🛕🛕🛕🛕🛕🕉️🕉️🕉️🛕🛕🛕🛕🛕🛕

          🌳🪔 അഗസ്ത്യ മഹർഷി 🪔🌳

🌼🌹🌺🪷🌼🌹🌺🪷🌼🌹🌺🪷🌼🌹🌺

    ഭാരതം കണ്ട മുനിമാരിൽ ഏറ്റവും പ്രഗൽഭനായിരുന്നു അഗസ്ത്യൻ. വേദശാസ്ത്രങ്ങൾ മാത്രമല്ല മറ്റനേകം സിദ്ധികളും അഗസ്ത്യന് ഉണ്ടായിരുന്നു. ഏകനായി ജീവിക്കുവാനായിരുന്നു അഗസ്ത്യന് ആഗ്രഹം. ഒരിക്കൽ വനത്തിലൂടെ നടക്കുമ്പോൾ മോക്ഷം കാത്തുകിടക്കുന്ന തൻ്റെ പിതൃക്കളെ അഗസ്‌ത്യൻ കാണുകയുണ്ടായി. (ഈ കഥ നാം മുമ്പുപറഞ്ഞ ജരൽക്കാരുവിന്റെ കഥയുമായി സാമ്യമുള്ളതാണ്.) അവർ അഗസത്യനോട്, വിവാഹം ചെയ്‌ത്‌ തങ്ങൾക്ക് മോക്ഷപ്രാപ്‌തി ഉണ്ടാക്കുവാൻ അപേക്ഷിച്ചു. അവർക്കുവേണ്ടി മുനി തനിക്ക് പറ്റിയ പെൺകുട്ടിയെ തേടി നടന്നുതുടങ്ങി.

ഉയരം കുറഞ്ഞ ആളായിരുന്നു അഗസ്ത്യൻ വിലക്ഷണനായ തനിക്ക് ആരും വധുവിനെ നൽകാത്തതിൽ രോഷം പൂണ്ട മുനി ലോകത്തിലുള്ള സകല ജീവജാലങ്ങളുടെയും സത്ത കൊണ്ട് ഒരു ചൈതന്യം മെനഞ്ഞ് അതിന് ജീവനും നൽകി.എന്നാൽ ആയിടെ വിദർഭയിലെ രാജാവ് തനിക്ക് മക്കളില്ല എന്ന ദുഃഖവുമായി അഗസ്‌ത്യനെ സമീപിച്ചു. ദയാലുവായ അഗസ്ത്യൻ ആ കുഞ്ഞിനെ തൻ്റെ ദിവ്യത്വത്താൽ വിദർഭ റാണിയിൽ നിക്ഷേപിച്ചു. റാണി പ്രസവിച്ചു. ലോപമുദ്ര എന്ന ആ കുഞ്ഞ് വിദർഭയുടെ പൊന്നോമനയായി വളർന്നുവന്നു.

ലോപമുദ്രയെ ശുശ്രൂഷിക്കുന്നതിനായി വിദർഭ രാജൻ നൂറു ദാസികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എല്ലാ സുഖസൗകര്യങ്ങളുടെയും മദ്ധ്യത്തിൽ ലോപമുദ്ര വളർന്നു വന്നു. യൗവനാംരഭത്തിലെത്തി. പക്ഷെ ഇത്രയുമായിട്ടും ആരും അവളെ വിവാഹം കഴിക്കാൻ വന്നെത്തിയില്ല എന്നത് രാജാവിനെ ദുഃഖിതനാക്കി. പലയിടത്തും തിരഞ്ഞിട്ടും അവൾക്കനുരൂപനായ ഒരു വരനെ കണ്ടുകിട്ടിയില്ല.

അക്കാലത്ത് അഗസ്‌ത്യൻ വിദർഭയിലെത്തി തനിക്ക് ലോപമുദ്രയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിരൂപനായ ഈ കുള്ളൻ സന്യാസിക്ക് എങ്ങനെ ഈ സൗന്ദര്യധാമത്തെ വിവാഹം കഴിച്ചുകൊടുക്കും.. രാജാവ് ചിന്തയിലാണ്ടു. നിരസിക്കുവാൻ കഴിയാത്ത കാര്യമാണ് മുനി ചോദിക്കുന്നത്.
അദ്ദേഹത്തിന്റെ തപശക്തി മൂലമാണ് ഇവൾ പിറന്നത്. നൽകിയില്ലെങ്കിൽ ശപിച്ചാലോ. രാജാവിൻ്റെ ധർമ്മസങ്കടം മനസ്സിലോക്കിയ ലോപമുദ്ര പിതാവിന്റെ അടുത്തെത്തി.

"അച്ഛാ ഞാൻ മഹർഷിയുടെ ഭാര്യയാകാം." അവൾ പറഞ്ഞു. ആദ്യമൊന്നും അച്ഛനമ്മമാർ സമ്മതിച്ചില്ല. ഒടുവിൽ മുനിശാപമോർത്ത് അവർ ഈ വിവാഹത്തിന് സമ്മതിച്ചു.തന്റെ സുന്ദരിയായ പുത്രിയെ , അതും സുഖസൗകര്യങ്ങളുടെ നടുവിൽ ജീവിച്ച കുട്ടിയെ ആ നാടോടിയായ, മഹർഷിക്ക് ഭാര്യയായി നൽകുമ്പോൾ രാജാവിന് ഹൃദയം പറിച്ചെടുക്കുന്നതു പോലെ തോന്നി.

"നീയിനി രാജകുമാരിയല്ല. മുനി പത്നിയാണ്. രാജഭോഗങ്ങളൊന്നും തന്നെ ഇനി അനുഭവിച്ചുകൂടാ. വസ്ത്രങ്ങളും ആഭരണങ്ങളും മാറ്റുക. പകരം മാൻതോലോ മരവൂരിയോ ധരിക്കുക" വിവാഹ ശേഷം അഗസ്ത്യൻ പറഞ്ഞു. ലോപമുദ്ര മടിയൊന്നും കൂടാതെ ഭർത്താവിനെ അനുസരിച്ചു.

അവർ പല നാടും ചുറ്റി പലയിടത്തും പർണ്ണശാലകൾ കെട്ടി തപസ്സുചെയ്തു. ഭർത്താവിൻ്റെ ഇഷ്ട‌ത്തിനനുസരിച്ച് അവൾ പാദപൂജകൾ ചെയ്‌തു. താൻ ഒരിക്കൽ രാജകുമാരിയായിരുന്നു എന്നതുപോലും അവൾ മറന്നു.

ഗംഗാതീരത്തു വച്ച് ഒരുനാൾ അഗസ്‌ത്യൻ ലോപമുദ്രയോടു പറഞ്ഞു: "പിതൃക്കളുടെ ആഗ്രഹം പൂർത്തീകരിക്കണം. നമുക്ക് ഒരു കുഞ്ഞ് പിറക്കണം അവനിലൂടെ എൻ്റെ പൂർവ്വികർക്ക് മോക്ഷം കിട്ടണം ."

ലോപമുദ്ര ചിരിച്ചു. "പക്ഷെ! ഞാനിന്ന് ഒരു സന്യാസിനിയാണ്. അങ്ങു പറഞ്ഞതുപോലെ ഭൗതിക ജീവിതത്തിലെ എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ചവൾ.ഞാൻ എങ്ങനെ ഒരു സന്തതിയെ പ്രസവിക്കും? ഒരുകാര്യം ചെയ്യുക. എല്ലാ സുഖസൗകര്യങ്ങളും നൽകി എന്നെ പഴയതുപോലെ ആക്കുക എന്നിട്ടാവാം കുട്ടികളുണ്ടാവുന്നത്." അവൾ അറുത്തു മുറിച്ചതുപോലെ പറഞ്ഞു.

പക്ഷെ എനിക്ക് സമ്പത്തില്ലല്ലോ.." അഗസ്ത്യൻ ദയനീയമായി പറഞ്ഞു.

"ഇല്ലെങ്കിൽ നേടണം." അവളുടെ ശബ്‌ദത്തിൽ തെല്ലും മാർദ്ദവമില്ലായിരുന്നു.

ഭാര്യയുടെ ആഗ്രഹം പൂർത്തികരിച്ചാലേ പുത്രഭാഗ്യമുണ്ടാവൂ. മറ്റുവഴികളില്ലാതെ അഗസ്‌ത്യൻ ധനത്തിനുവേണ്ടി ശ്രമം തുടങ്ങി.പരിചയമുള്ള രാജാക്കന്മാരുണ്ട്. അവരെച്ചെന്നു കാണാം. സഹായിക്കാതിരിക്കില്ല.

ശ്രുതർവൻ എന്ന രാജാവിൻ്റെ അടുത്താണ് അഗസ്ത്യൻ ആദ്യം പോയത്. ദൂരെ നിന്നുകണ്ടപ്പോഴേ രാജാവ് പരിവാരങ്ങളോടെ ഓടിവന്നു. കാൽ കഴുകിച്ച ആനയിച്ചു. ഇളനീരും പഴങ്ങളും നൽകി പരിചരിച്ചു.

"സ്വാമീ.. അങ്ങയുടെ ആഗമനോദ്ദേശ്യം! ശ്രുതർവൻ കാര്യത്തിലേക്ക് കടന്നു.

"എനിക്ക് അത്യാവശ്യമായി കുറച്ച് ധനം വേണം. ആർക്കും ദ്രോഹമുണ്ടാകാത്ത വിധത്തിൽ താങ്കളുടെ സമ്പത്തിന്റെ ഒരുഭാഗം എനിയ്ക്ക് ദാനം ചെയ്യുക." അഗസ്ത്യൻ പറഞ്ഞതുകേട്ട് രാജാവ് വിഷണ്ണനായി നിന്നു. പിന്നെ തൻ്റെ ധനകാര്യ മന്ത്രിമാരെ വിളിച്ച് ഖജനാവിലെ ധനവും ചെലവ് ചെയ്യേണ്ട തുകയും കണക്കുകൂട്ടി. വരവും ചെലവും തുല്യമായിരുന്നു. ഇതിൽ നിന്ന് ദാനം വാങ്ങിയാൽ അത് ഈ നാട്ടിലെ പ്രജകളോട് താൻ ചെയ്യുന്ന ദ്രോഹമായിരിക്കും. അഗസ്ത്യൻ കരുതി.

“വേണ്ട.. ഇതിൽ നിന്ന് എനിയ്ക്ക് ധനം വേണ്ട." അദ്ദേഹം രാജാവിനെയും കൂട്ടി ബ്രദ്ധ്‌നശ്വനെന്ന രാജാവിൻ്റെ അടുത്തെത്തി. അവിടെയും എതിരേൽപ്പിനും ഉപചാരങ്ങൾക്കും കുറവൊന്നുമുണ്ടായില്ല. എന്നാൽ വരവും ചെലവും തമ്മിൽ വലിയ അന്തരമില്ലാത്ത കണക്കുതന്നെയാണ് അദ്ദേഹവും അവതരിപ്പിച്ചത്.

വീണ്ടും അവരെല്ലാവരും കൂടി യാത്ര തുടർന്നു. അങ്ങനെ പല കൊട്ടാരങ്ങളിൽ കയറിയിറങ്ങിയിട്ടും ധനം ലഭിച്ചില്ല. രാജാക്കന്മാർ കൂടിയാലോചന തുടങ്ങി.

“നമ്മളെ വിശ്വസിച്ചാണ് അഗസ്‌ത്യമുനി വന്നത്. നമുക്ക് അദ്ദേഹത്തെ സഹായിക്കാൻ സാധിച്ചില്ല. വെറുംകൈയോടെ മടക്കി അയക്കുന്നത് ശരിയല്ല." ഒരാൾ പറഞ്ഞു.

“നമുക്ക് ഇല്വലന്റെ അടുത്തുപോയാലോ?" മറ്റൊരാൾ ചോദിച്ചു.

“അസുരനാണ്.. ബ്രാഹ്മണനായ മുനിക്ക് ദാനം ചെയ്യുമോ..?" ഒരാൾ തന്റെ സംശയം പ്രകടിപ്പിച്ചു.

"അതൊന്നും സാരമില്ല. നമുക്ക് അഭ്യർത്ഥിക്കാം.അവർ അഗസ്ത്യനെയും കുട്ടി ഇല്വലന്റെ കൊട്ടാരത്തിലെത്തി.

മണിമതി എന്ന നഗരത്തിലായിരിന്നു അസുര പ്രമാണിയായ ഇല്വലന്റെ കൊട്ടാരം. അയാൾക്ക് പല അത്ഭുത വിദ്യകളും വശമുണ്ടായിരുന്നു. രാക്ഷസ വർഗത്തിൽപ്പെട്ട അയാൾക്ക് വാതാപി എന്നൊരു അനുജനും ഉണ്ടായിരുന്നു.

ഒരിക്കൽ ഇല്വലൻ ഒരു ബ്രാഹ്മണ സന്യാസിയുടെ അടുത്തെത്തി. തനിക്ക് ഇന്ദ്രസമനായ ഒരു പുത്രൻ ജനിക്കണമെന്നും അതിനായി അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അത് അസാധ്യമാണെന്നും നന്മകൾ ചെയ്യുന്നവർക്ക് നല്ല പുത്രന്മാരുണ്ടാകുമെന്നും ബ്രാഹ്മണൻ ഉപദേശിച്ചു. ഇത് ഇല്വലന് ഇഷ്ടമായില്ല. പല ബ്രാഹ്മണ സന്യാസിമാരെയും അവൻ ചെന്നു കണ്ടു. ആരും സഹായിച്ചില്ല. ബ്രാഹ്മണ വർഗത്തോട് ആകെ ദേഷ്യം തോന്നിയ അയാൾ അവരെ വധിക്കാൻ പദ്ധതികൾ തയ്യാറാക്കി.

ഈയവസരത്തിൽ ഒരുകാര്യം സൂചിപ്പിക്കട്ടെ. പൗരാണിക ഭാരതത്തിലെ ബ്രാഹ്മണർ മത്സ്യവും മാംസവും കഴിച്ചിരുന്നു എന്നതിന് തെളിവുകളായി ഒട്ടനവധി കഥകൾ മഹാഭാരതത്തിലൂണ്ട്. ഗോമാംസം പക്ഷെ അക്കാലത്ത് നിഷിദ്ധമായിരുന്നു. ഗോക്കളെ വധിക്കരുതെന്ന് നിയമം പോലും ഉണ്ടായിരുന്നു. പശുവിന്റെ സാമ്പത്തിക മൂല്യം തന്നെയാണ് അതിനു കാരണം. പാല് അത്യാവശ്യ വസ്‌തുവായിരുന്നു. കൂടാതെ നെയ്യ് മുതലായ ഉപോൽപ്പന്നങ്ങളും. അതുകൊണ്ടുതന്നെ ദാനം ചെയ്യുന്ന സ്വത്തിൽ കൂടുതലും പശുക്കളായിരുന്നു.

ഇല്വലൻ, തന്റെ അനുജനായ വാതാപിയെ ഒരു ആടാക്കി മാറ്റി ബ്രാഹ്മണരെ സദ്യക്കു വിളിച്ചു. ഇല്വലന്റെ ചതിയറിയാതെ സദ്യയുണ്ണാൻ വരുന്ന അവർക്ക് ആടിനെക്കൊന്ന് മാംസം പാകം ചെയ്ത് ഭക്ഷിക്കാൻ കൊടുക്കും. അവർ അത് ഭക്ഷിച്ചു തീർത്ത ഉടൻ ഇല്വലൻ മന്ത്രം ചൊല്ലി തൻ്റെ അനുജനെ വിളിക്കും. “വാതാപി പുറത്തുവാ.." അത് കേൾക്കേണ്ട താമസം ഭക്ഷിച്ചവരുടെ വയർ പിളർന്ന് വാതാപി പുറത്തുവരും. ബ്രാഹ്മണരെല്ലാം ഇങ്ങനെ വധിക്കപ്പെട്ടുകൊണ്ടിരുന്നു.കാരണം ആർക്കും അറിയാനും കഴിഞ്ഞില്ല.

അഗസ്ത്യനും കൂട്ടരും വന്നെത്തിയതോടെ ഇല്വലന് ഹരമായി. എത്രപേരാണ് വന്നിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് ഇവരെയെല്ലാം വധിക്കാം. ഇല്വലൻ മനക്കോട്ട കെട്ടി.

"വന്നാട്ടെ. നിങ്ങൾ ഇന്ന് എൻ്റെ അതിഥികളാണ്. ഇല്വലൻ അവരെ സ്വീകരിച്ചിരുത്തി.വന്ന കാര്യം അറിഞ്ഞപ്പോൾ അസുര രാജാവിനു സന്തോഷമായി.. "അതിനെന്താ.. അളവറ്റ ധനം എനിക്കുണ്ട്. എത്ര വേണമെങ്കിലും അങ്ങേയ്ക്ക് തരാമല്ലോ. പക്ഷെ അതിനുമുമ്പ് ഭക്ഷണം. നിങ്ങൾക്കായി നല്ല ഒരു വിരുന്നൊരുക്കാൻ ഞാൻ കൽപ്പിച്ചിട്ടുണ്ട്." ഇല്വലൻ ഗൂഢമായി ചിരിച്ചു. ആ കെണിയറിയാതെ രാജാക്കന്മാരും ചിരിയിൽ പങ്കു ചേർന്നു.

ആവി പറക്കുന്ന ആട്ടിറച്ചി ഇലയിൽ വിളമ്പി അസുരൻ അവരെ ഊണിനു ക്ഷണിച്ചു. ഇതിനിടെ അഗസ്ത്യൻ ജ്ഞാന ദൃഷ്ടിയാൽ കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു.

ഇവർ വ്രതത്തിലാണ്. സസ്യാഹാരമേ കഴിക്കൂ. മാംസം മുഴുവനും ഞാൻ തന്നെ ഭക്ഷിച്ചുകൊള്ളാം." അഗസ്ത‌്യൻ ചിരിച്ചുകൊണ്ട് ആട്ടിറച്ചി മുഴുവൻ ഒറ്റയ്ക്ക് തിന്നു തീർത്തു.

ഭക്ഷണം കഴിച്ചു തീർത്തു എന്നുറപ്പുവരുത്തിയ ഇല്വലൻ തന്റെ മന്ത്രം ചൊല്ലി അനുജനെ വിളിച്ചു. എന്നാൽ അഗസ്‌ത്യന്റെ വയറു പിളർന്നില്ല. വാതാപി പുറത്തുവന്നുമില്ല. ആശങ്കാകുലനായ ഇല്വലൻ വീണ്ടും വീണ്ടും അനുജനെ വിളിച്ചു. “വാതാപി.. പുറത്തുവാ..."

“അവൻ വരില്ല! ഇനി ഒരിക്കലും നിൻ്റെ അനുജൻ പുറ ത്തുവരില്ല." അഗസ്ത്യൻ പൊട്ടിച്ചിരിച്ചു.. "അവൻ എന്റെ ജഠരാഗ്നിയിൽ ദഹിച്ചുകഴിഞ്ഞു." നിരാശനായി ശിരസ്സിൽ കൈവെച്ചിരിക്കുന്ന ഇല്വലനോട് അഗസ്ത്യൻ പറഞ്ഞു: "കഴിവുകൾ ആളുകളെ സഹായിക്കാൻ ഉപയോഗിക്കുക അത് മറ്റുള്ളവരെ ദ്രോഹിക്കുവാനാകരുത്. നിൻ്റെ ജീവിതം പോലെ പ്രധാനമാണ് മറ്റുള്ളവരുടേതും."

ഇല്വലന് തൻ്റെ തെറ്റു മനസ്സിലായി.

"മഹാമുനേ... മാപ്പ്.. ഈ അജ്ഞാനിയായ അസുരന് അങ്ങ് മാപ്പ് നൽകണം. പറയൂ.. അങ്ങേയ്ക്ക് ഞാനെന്താണ് നൽകേണ്ടത്." അയാൾ അഗസ്‌ത്യൻ്റെ പാദങ്ങളിൽ കെട്ടിപ്പിടിച്ച് കിടന്ന് കരഞ്ഞു.

ഓരോ രാജാക്കന്മാർക്കും പതിനായിരം പശുക്കൾ, അത്ര തന്നെ സ്വർണ നാണയങ്ങൾ, സ്വർണം പൂശിയ രഥങ്ങൾ..
എല്ലാം ഒരുക്കി. പിറ്റേന്നു തന്നെ അഗസ്‌ത്യൻ ധനവുമായി തൻ്റെ ആശ്രമത്തിൽ എത്തി.

ലോപമുദ്ര ആഗ്രഹിച്ചതുപോലെ സമൃദ്ധിയുടെ നിറവിൽ കുറച്ചുകാലം കഴിഞ്ഞു. അക്കാലത്ത് അവൾ ഗർഭിണിയായി താൻ ആഗ്രഹിച്ചതുപോലെ പിത്യക്കൾക്ക് മോക്ഷം ലഭിക്കുവാൻ സന്താനം പിറക്കാൻ പോകുന്നു എന്ന സന്തോഷത്തോടെ അഗസ്ത‌്യൻ തപസ്സിനുവേണ്ടി കാട്ടിലേക്കുപോയി.

അളവറ്റ സമ്പത്തുമായി അനവധി പരിചാരകരോടൊപ്പം ലോപമുദ്ര നഗരത്തിൽ ജീവിച്ചു. അവൾക്ക് ഒരു പുത്രൻ ജനിച്ചു
. ജനനത്തിനു മുമ്പുതന്നെ ലോപമുദ്രയോട് അഗസ്ത്യൻ ചോദിച്ചു.

"ഭദ്രേ.. നിനക്ക് ആയിരം പുത്രന്മാർ വേണോ... നൂറു പേർക്കു തുല്യരായ പത്തു സന്താനങ്ങൾ വേണോ.. അതുമല്ല ആയിരം പേർക്കു തുല്യനായ ഒരേയൊരു പുത്രൻ വേണോ.."

എനിക്ക് അങ്ങയുടെ മഹത്വമുള്ള ഒരേയൊരു പുത്രൻ മതി." ലോപമുദ്ര പറഞ്ഞു. അങ്ങനെ പിറന്ന സന്താനമാണ് ദൃഢസ്യു അഥവാ ഇദ്മാവാഹൻ എന്ന മഹാതപസ്വി.

🌼🌹🌺🪷🌼🌹🌺🪷🌼🌹🌺🪷🌼🌹🌺

              🌼🪔 ഹരേ കൃഷ്ണ 🪔🌼

🕉️🌼🌹🌺🌷🔱🪷🕉️🌼🌹🌷🔱🌺🪷🕉️കടപ്പാട് സോഷ്യൽ മീഡിയ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

യുഗങ്ങൾ