ക്ഷേത്ര വാദ്യങ്ങൾ
*ക്ഷേത്ര വാദ്യങ്ങൾ*..
=========================
കേരളത്തിലെ ക്ഷേത്രങ്ങളിലൂടെ വളർച്ച പ്രാപിച്ച ഒരു കലയാണ് വാദ്യകല. നമ്മുടെ ക്ഷേത്രങ്ങളിൽ നിത്യവും ഉള്ള ആചാര അനുഷ്ടാനങ്ങൾക്ക് വിവിധ വാദ്യങ്ങൾ ഉപയോഗിക്കുന്നു. വാദ്യം എന്നതിന് വാദ്യകലാരൂപം എന്നും വാദ്യോപകരണം എന്നും അർത്ഥമുണ്ട് . സുഷിരം, ഘനം, അവനദ്ധം, തന്ത്രി ഇങ്ങിനെ നാലു തരത്തിൽ സംഗീത-നാട്യശാസ്ത്ര പ്രകാരം വാദ്യങ്ങളെ വിഭജിച്ചിരിക്കുന്നു. ഈ നാലു വിഭാഗത്തിൽ ഉൾപ്പെടുന്ന വാദ്യങ്ങളും ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നു.
*1. ശംഖ്:*
പ്രകൃതി നിർമ്മിത വാദ്യം
“പ്രകൃതി നിർമ്മിച്ചൊരേകവാദ്യത്തിൽ
ശക്തിസ്വരൂപമാം ഇടംപിരിശംഖിനാൽ
മാരാരുണർത്തുന്ന ഓംകാരനാദത്തിൽ
പളളിയുണരുന്ന ക്ഷേത്രവും ഗ്രാമവും”.
നമ്മുടെ ക്ഷേത്രങ്ങളിൽ ദൈനംദിന അടിയന്തിര ചടങ്ങുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ് ശംഖ്. ക്ഷേത്ര അടിയന്തിര ജോലിയിൽ ഭഗവാനെ സേവിക്കുന്ന, മാരാർ കുലത്തിൽ ഉപയോഗിക്കുന്ന വാദ്യഗണങ്ങളിൽ ആദ്യ സ്ഥാനം ശംഖിന് ആണ്. ക്ഷേത്ര അടിയന്തിര വാദ്യ പ്രവർത്തികളിൽ ഒരു മാരാർ ആദ്യം അറിഞ്ഞിരിക്കേണ്ടതും, പ്രയോഗിച്ചു പഠിച്ചെടുക്കേണ്ടതും ഈ വാദ്യത്തിന്റെ പ്രയോഗമാണ്. ശംഖുവിളിയും, പൂജകൊട്ടും ഉള്ള ഏതൊരു ക്ഷേത്രത്തിലേയും നിത്യനിദാനം തുടങ്ങുന്നത് തന്നെ പുലർച്ചെയുള്ള ശംഖുവിളിയിലൂടെയാണ് (പള്ളിയുണർത്തൽ). ഒരു മനുഷ്യ ശരീരത്തിനു തുല്യമായ ക്ഷേത്രത്തിൽ അതിന്റെ ജീവതാളം തുടങ്ങുന്നത് ഈ പ്രക്രിയയിലൂടെ ആണ്.
രൂപ ഭേദമനുസരിച്ചു ശംഖ് രണ്ടു തരത്തിലുണ്ട്. വലംപിരിയും, ഇടംപിരിയും. ഇതിൽ വലംപിരി ശംഖ് പുരുഷ രൂപമായ വിഷ്ണുവിനെ പ്രതിനിദാനം ചെയ്യുന്നു. ഇടംപിരി ശംഖ് സ്ത്രീരൂപമായ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. (വലതുഭാഗം പുരുഷനും, ഇടതുഭാഗം സ്ത്രീയും എന്ന സങ്കല്പം). വൈഷ്ണവ പ്രതികമാകയാൽ വലംപിരി ശംഖ് ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല. തികഞ്ഞ ഭക്തിയോടെയും, ശുദ്ധിയോടെയും ഒരു സാളഗ്രാമം പോലെ വലംപിരി ശംഖ് നിത്യവും പൂജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ ശംഖനാദം മുഴക്കാൻ ഉപയോഗിക്കുന്നത് ഇടംപിരി ശംഖ് ആണ്.
മംഗള ശബ്ദം മുഴക്കുന്നതിനാൽ ഇതൊരു വാദ്യം ആയി പരിഗണിക്കുന്നു. ബ്രാഹ്മണർ പൂജാവേളയിൽ അഭിഷേകത്തിനു ഉപയോഗിക്കുന്നതും ഇടം പിരി ശംഖ് ആണ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതൊരു മംഗളകർമ്മങ്ങളുടേയും തുടക്കം ശംഖനാദത്തിലൂടെ ആണ്. പുലർച്ചെ ദേവനെ പള്ളിയുണർത്താനും, പൂജാവേളയിൽ നിവേദ്യം എഴുന്നള്ളിക്കുമ്പോളും, വിശേഷ പുജകളിൽ നട തുറന്നു ദീപരാധന നടത്തുമ്പോളും. അനുഷ്ടാന വാദ്യങ്ങളായ പാണികൊട്ടിനു മുൻപും (മരപ്പണിയിൽ ആദ്യവും, അവസാനവും), ദേവചൈതന്യത്തെ പുറത്തേക്കെഴുന്നള്ളിക്കുമ്പോളും എല്ലാം ക്ഷേത്രത്തിൽ ശംഖനാദം മുഴക്കുന്നു. കൂടാതെ പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം എന്നിവയിലും ആരംഭം കുറിക്കാൻ ശംഖനാദം മുഴക്കുന്നു.
“ഓം” കാരം എന്ന ഏക ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന ഒരേ ഒരു വാദ്യമാണ് ശംഖ്. ശംഖ് മാത്രം കൊണ്ട് ഉത്സവങ്ങളും, നവീകരണ കലശങ്ങളും കഴിച്ചു കൂട്ടാം എന്ന് ഗുരുനാഥന്മാർ പറഞ്ഞു തന്നിട്ടുണ്ട്. മറ്റുള്ള വാദ്യങ്ങളെല്ലാം മനുഷ്യ നിർമ്മിതമാവുമ്പോൾ ശംഖ് പ്രകൃതി നിർമ്മിതമാണെന്നത് ഈ വാദ്യത്തിന്റെ സ്ഥാനം ഉന്നത ശ്രേണിയിലെത്തിക്കുന്നു. ശംഖിന്റെ ഉത്ഭവം ജലത്തിൽ നിന്ന് ആണ്. കടലിൽ കാണുന്ന “ഒച്ച് ” വർഗ്ഗത്തിൽപെട്ട ഒരിനം ജീവിയുടെ പുറം തോട് ആണ് ശംഖ് ആയി ഉപയോഗിക്കുന്നത്. ശംഖിൽ ശബ്ദം കേൾപ്പിക്കുന്ന പ്രവർത്തിയെ ശംഖ് ഊതുക അല്ലെങ്കിൽ ശംഖ് വിളിക്കുക എന്ന് പറയും. ഇതിന്റെ പ്രയോഗം ചുണ്ടുകൾ ഉപയോഗിച്ച് ആണ്. അതു കൊണ്ടു തന്നെ ശംഖ് അശുദ്ധിയുള്ള വാദ്യമായ് തോന്നാം. എന്നാൽ അത്തരം വാദങ്ങൾക്ക് കഴമ്പില്ല. ഉമിനീർ നിലത്തു വീഴാത്ത വിധം ആണ് ശംഖിന്റെ രൂപഘടന. അതിന്റെ നാദം മുഴക്കേണ്ടതും അതേ രൂപഘടന പോലെ തന്നെ ആണ്. ഏറ്റവും കൂടുതൽ കാലം ആയുസ്സുള്ള ഒരു വാദ്യമാണ് ശംഖ്. അതു കൊണ്ടു തന്നെ ക്ഷേത്ര അടിയന്തിര വാദ്യങ്ങളിൽ ചിരഞ്ജിവി ആയ ഒരേ ഒരു വാദ്യവും ശംഖ് ആണ്. നമ്മുടെ പല ക്ഷേത്രങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ശംഖുകൾ കാണാം. അനവധി തലമുറകളുടെ പാരമ്പര്യം കൈമാറിയ ഒരു പൂർണ്ണവാദ്യം എന്ന രീതിയിലും ശംഖിന്റെ മഹത്വം വർധിക്കുന്നു.
*2. ഇടയ്ക്ക എന്ന മംഗള – ദേവവാദ്യം*
നയന സുന്ദരം ശ്രുതി മനോഹരമീ ദേവവാദ്യം
ദേവനു ചാര്‍ത്തിടുന്നൊരു കര്‍ണ്ണാഭരണമെന്നപോലെ.
പവിത്രമാം സോപാനത്തിങ്കല്‍ ഭക്തിതന്‍
കിര്‍ത്തനമലരുകള്‍ക്കകമ്പടി തീര്‍ക്കും സങ്കല്പ വാദ്യമല്ലോ
സൂര്യ-ചന്ദ്രസമാനങ്ങളിരു തോൽ വട്ടങ്ങളും
ശരിരസമമാം മരക്കുറ്റിയില്‍ ജീവന്റെ നാളിയും.
ആറു ശാസ്ത്രങ്ങളാം സുഷിരത്തില്‍ ചരടു
കോര്‍ത്തുകെട്ടിയൊരു ഇടയ്ക്കതൻ നാദം ശ്രവണ സുന്ദരം.
ശ്രുതിമീട്ടും നാലു ജിവക്കോലുകള്‍ ചതുര്‍വേദപ്രതീകങ്ങൾ
കലകള്‍ അറുപത്തിനാലിനെ കാട്ടും വർണ്ണ പൊടിപ്പുകൾ –
ശോഭകുട്ടും ക്ഷേത്ര വാദ്യ പ്രധാനമീ മംഗള വാദ്യം.
നമ്മുടെ മഹാ ക്ഷേത്രങ്ങളിൽ പ്രധാന ശ്രീകോവിലിനോട് ചേർന്ന് സോപാനത്തിങ്കൽ ദേവന്റെ/ ദേവിയുടെ കാതുകളിലെ കർണ്ണാഭരണം പോലെ തൂങ്ങിക്കിടക്കുന്ന ഒരു ദൃശ്യസുന്ദരമായ, ശ്രുതി മനോഹരമായ ഒരു ദേവവാദ്യത്തെ കാണാം. പ്രധാന ശ്രീകോവിലിനുള്ളിൽ നടയടച്ചു പൂജാവേളയിൽ സോപാനത്തിങ്കൽ നിന്ന് കൊട്ടിപ്പാടി സേവയ്ക്കുപയോഗിക്കുന്ന ആ മംഗളവാദ്യമാണ് ഇടയ്ക്ക. പുജകൊട്ടിനും, കൊട്ടിപ്പാടി സേവയ്ക്കും പുറമെ സോപാന സംഗീതത്തിലും, അഷ്ടപദി കച്ചേരിയിലും ഒഴിച്ചു കൂടാനാവാത്ത ഒരു വാദ്യമാണ് ഇടയ്ക്ക. വിശേഷ വാദ്യോപകരണങ്ങളുടെ വാദ്യ സംഗമം ആയ പഞ്ചവാദ്യത്തിൽ ഇടയ്ക്കക്ക് പ്രധാന സ്ഥാനം ഉണ്ട്. ക്ഷേത്ര വാദ്യ ഗണങ്ങളിൽ ഉൾപ്പെടുന്ന ഒരു വാദ്യം എന്നതിന് പുറമെ ഒരു സംഗീതോപകരണമായും ഇടയ്ക്ക അറിയപ്പെടുന്നു. ഇടയ്ക്കയെ ഒരു തുകൽ വാദ്യമായും, തന്ത്രി വാദ്യമായും, സുഷിര വാദ്യമായും പരിഗണിക്കുന്നു. ഒരു പക്ഷെ ഇത്രയും സിമ്പോളിക് ആയിട്ടുള്ള ഒരു വാദ്യം ഈ ലോകത്തിൽ തന്നെ മറ്റൊന്ന് കാണുകയില്ല. ഇടയ്ക്കയുടെ ഒരോ ഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന അർത്ഥവർത്തായ ശാസ്ത്രിയ സങ്കല്പങ്ങൾ ഈ മംഗളവാദ്യത്തെ ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു.
ഇടയ്ക്കയുടെ ഇരുവശങ്ങളിലെ വട്ടങ്ങൾ സൂര്യനെയും ചന്ദ്രനെയും പ്രതിനിധാനം ചെയ്യുന്നു. നടുക്കുള്ള കുറ്റിയെ ശരീരമായും അതിലുള്ള ചെറിയ സുഷിരത്തെ ജീവനാളിയായും കരുതുന്നു. രണ്ടു വട്ടവും നടുക്ക് കുറ്റിയും ഇതു ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരുടെ ത്രിമൂർത്തി സങ്കല്പമായും കരുതാറുണ്ട്. കുറ്റിയുടെ ഇരുവശങ്ങളെയും ആത്മീയതയുടെയും ഭൗതികതയുടെയും അംശമായി കണ്ടുകൊണ്ടു അവയ്ക്കു കുറുകെ പനനാരുകൊണ്ടോ, കുതിരവാലു കൊണ്ടോ ബന്ധിപ്പിച്ചിരിക്കുന്ന രണ്ടു തന്ത്രികളെ ജീവാത്മാവെന്നും പരമാത്മാവെന്നും സങ്കൽപ്പിക്കുന്നു. തോൽ മാടിയിരിക്കുന്ന വളയലിൽ ആറു സുഷിരങ്ങൾ കാണാം. ഇവ ആറു ശാസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ സുഷിരങ്ങളിലൂടെ നുൽ കോർത്തുകെട്ടിയാണ് ഇരുവട്ടങ്ങളെയും കുറ്റിയുമായി ബന്ധിപ്പിക്കുന്നത്. മാധുര്യമുള്ള ശബ്ദ വ്യതിയാനം വരുത്തുവാൻ നാലു കോലുകൾ ഇടയിലൂടെ കൊരുത്തിരിക്കുന്നതു കാണാം ഇവയെ ജീവക്കോൽ എന്ന് പറയും. ഈ നാലു ജീവകോലുകൾ ചതുർവേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ നാലു കോലുകളുടെ രണ്ടറ്റത്തും (എട്ടെണ്ണം വീതം) തൂങ്ങിക്കിടക്കുന്ന വിവിധ വർണങ്ങളിലുള്ള അറുപത്തിനാലു പൊടിപ്പുകളെ അറുപത്തിനാല് കലകളായി സങ്കൽപ്പിക്കുന്നു.
ഈ അറുപത്തിനാലു കലകളുടെ സങ്കല്പമാണ് ഇടയ്ക്കയെ വർണ്ണമനോഹരമാകുന്നത്.
ഇടയ്ക്ക ഉപയോഗം കഴിഞ്ഞ് തറയിൽ വയ്ക്കരുതെന്നാണ് ചട്ടം. ശ്രീകോവിലിന്റെ അരികിലായി തൂക്കിയിടുകയാണ് വേണ്ടത്. ഇത്രയും മനോഹരമായ ഈ വാദ്യത്തെ സോപത്തിങ്കൽ തൂക്കിയിടുന്ന തോൾകച്ചയെ സർപ്പരൂപമായ ശിവഗംഗയായി സങ്കൽപ്പിക്കുന്നു.
64 കലകൾ :-
1. ഗീതം,
2. വാദ്യം,
3. നൃത്യം,
4. നാട്യം,
5. ചിത്രകർമ്മം,
6. പുസ്തകകർമ്മം,
7. പത്രച്ഛേദ്യം,
8. ലിപിഞജാനം,
9. വചന കൗശലം,
10. വൈലക്ഷണ്യം,
11. മാല്യ വിധി,
12. ഗന്ധയുക്തി,
13. ആസ്വാദ്യവിധാനം,
14. അനുരഞ്ജനഞ്ജാനം,
15. സീവ്യo,
16. ഉപകരണ ക്രിയ,
17. ആ ജീവഞ്ജാനം,
18. തിത്യഗ്യോനി ചികിത്സ,
19. മായാകൃതം,
20. പാഷാണ്ഡ സമയഞ്ജാനം
21. ക്രീഡാ കൗശലം,
22. ആയ പ്രാപ്തി,
23. രക്ഷാവിധാനം,
24. രൂപ സംഖ്യാ,
25. ക്രിയാ മാർഗ്ഗം,
26. ജീവ ഗ്രഹണം,
27. നയഞ്ജാനം,
28. ചിത്രവിധി,
29. ഗൂഡരാശി,
30. തുലാ വിധി,
31. ഗതം,
32. തതം,
33. സ്ത്രീ പുരുഷ ഭാവ ഗ്രഹണം,
34. സ്വരാഗപ്രകാശനം,
35. പ്രത്യം ഗദാനം,
36. നഖവിചാരം,
37. ദന്ത വിചാരം,
38. ഗുഹ്യസ്പർശനലോഹ്യം,
39. പരമാർത്ഥ കൗശലം,
40. ഭൂഷണം,
41. സമാനാർഥത,
42. പ്രോത്സാഹനം,
43. മൃദു ക്രോധ പ്രവർണനം,
44. ക്രൂദ്ധ പ്രസാദനം,
45. സപ്ത പരിത്യാഗം,
46. പരമസ്വാപവിധി,
47. ഗുഹ്യഗ്രഹണം,
48. സാശ്രുപാതനം,
49. രമണ വീക്ഷണം,
50. സ്വയം ശപഥ ക്രിയ,
51. പ്രസ്ഥിതാനുഗമനം,
52. പുനർ നിരീക്ഷണം,
53. ലഗ്നപരീക്ഷ,
54. ലേഖം,
55. യുദ്ധം,
56. നീവീസ്രംസനo,
57. ക്ഷിപ്ര ഗ്രഹണം,
58. അനുപ്രാപ്തി,
59. സ്മൃര്യനുകുമം,
60. ലീലാവ്യാപാരമോഹനം,
61. തൃഹണാദാനം,
62. ഉപസ്ഥാനവിധി,
63. സംവാഹനം,
64. ശരീരസംസ്കാരകൗശലം,
4 വേദങ്ങൾ
1. ഋഗ്വേദം
2. യജുർവേദം
3. സാമവേദം
4. അഥർവ്വവേദം
6 ശാസ്ത്രങ്ങൾ
1. ശിക്ഷ
2. നിരുക്തം
3. ഛന്ദസ്സ്
4. വ്യാകരണം
5. ജ്യോതിഷം
6. കല്പം
സോപാനസംഗീതം:
സോപാനം എന്നാൽ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് കയറുന്ന പടികൾ എന്നാണ് അർഥം. കുറച്ചുകൂടി വിശദമായി ഈ വാക്കിന്റെ അർത്ഥത്തിലേക്കു പോയാൽ ഈ വാക്കിന്റെ ഉത്ഭവത്തേക്കുറിച്ചു കാണാം. സഹ + ഉപ + ആനം = സോപാനം സഹ = കൂടെ, ഉപ = പൂജ, ആനം = ഗമനം. അതായത് പൂജാപുർവ്വം(ആദര പൂർവ്വം) കയറുകയും ഇറങ്ങുകയും ചെയുന്ന പടികൾ അതാണ് സോപാനം.
സംഗീതം എന്നാൽ ഗീതം, വാദ്യം, നൃത്തം എന്നീ മൂന്നംഗങ്ങൾ (തൗര്യതൃകങ്ങൾ) കൂടിയതിനെ സൂചിപ്പിക്കുന്നു. ഇതിൽ നൃത്തം ഒരു സ്വയം പര്യാപ്ത കലയായി ഗതി മാറ്റം ചെയ്തതിനാൽ ഗീതവും വാദ്യവും ചേർന്നാണ് സംഗീതം എന്നും പ്രമാണമുണ്ട്. കേരളത്തിലെ ക്ഷേത്ര സോപാനങ്ങളിൽ രൂപം കൊണ്ട കൊട്ടിപ്പാടി സേവ എന്ന ഒരു സമ്പ്രദായം ആണ് സോപാന സംഗീതത്തിന്റെ ആദ്യ ഘടന. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ താപത്രയോന്മൂലനാശനം വരുത്തുന്നതിന് അവരിൽ ഈശ്വരഭക്തി തോന്നിപ്പിക്കുവാൻ ഉതകുന്ന ഒരു മാർഗ്ഗം എന്ന നിലയിൽ ഈ സമ്പ്രദായം വളർച്ച പ്രാപിച്ചു. സോപാനത്തിങ്കൽ നിന്നുകൊണ്ട് മാരാർ/ പൊതുവാൾ സമുദായത്തിൽപ്പെട്ട ക്ഷേത്ര അടിയന്തിരക്കാരൻ പൂജ സമയങ്ങളിൽ ഇടയ്ക്ക വാദനം ചെയ്തുകൊണ്ട് ഭക്തിനിർഭരമായ കിർത്തനങ്ങൾ പാടി സേവിച്ചിരുന്ന ആ സമ്പ്രദായത്തിൽ നിന്നും പലവഴികളിലൂടെ സഞ്ചരിച്ചു ഇന്നത്തെ സോപാന സംഗീതത്തിൽ എത്തി നിൽക്കുന്നു. കൊട്ടിപ്പാടിസേവ അഥവാ സോപാന സംഗീതം ഇടക്കയിൽ കൊട്ടി കിർത്തനങ്ങൾ പാടുന്ന വെറുമൊരു ചടങ്ങല്ല. ഗുരുമുഖത്തു നിന്ന് പഠിച്ചെടുക്കേണ്ട ഒരു അനുഷ്ടാന കർമ്മമാണിത്. ഈ അനുഷ്ടാന കലയുടെ ചിട്ടവട്ടങ്ങൾ ഈ വിധത്തിലാണ്. പൂജയ്ക്കു നട അടയ്ക്കുന്നതിനോടൊപ്പം ഇടക്കയിൽ ഗണപതി കൊട്ടി തുടങ്ങുന്നു. തുടർന്ന് ഓരോ പൂജകളുടെയും സമയക്രമത്തിന് അനുസരിച്ചു ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗത്തിലുള്ള ത്യാണി പാടുക.
ഉഷപൂജ : ദേശാക്ഷി രാഗം
എതൃത്തപൂജ: ശ്രീകണ്ഠി രാഗം
പന്തീരടി പൂജ : നളത്ത രാഗം
ഉച്ചപൂജ: മലഹരി രാഗം
പ്രദോഷ പൂജ : അന്ധാളി
രാഗം ദീപരാധന : സാമന്ത മലഹരി രാഗം
അത്താഴപൂജ : ഭൗളി രാഗം
അതിനെത്തുടർന്ന് ഓരോ പൂജകളുടെയും സമയക്രമത്തിന് അനുസരിച്ചു ചിട്ടപ്പെടുത്തിയിരിക്കുന്ന താളത്തിലുള്ള കൂറുകൾ ഇടയ്ക്കയിൽ കൊട്ടുന്നു. അതിനു ശേഷം ക്ഷേത്രത്തിലെ പ്രധാന മൂർത്തിയെ സ്തുതിക്കുന്ന കിർത്തനങ്ങളോ, അഷ്ടപദിയോ പാടുന്നു. അവസാനം ഇടയ്കയിൽ തീറു കൊട്ടി അവസാനിപ്പിക്കണം.
*3. വലന്തല വാദ്യം –*
അക്ഷരകാലം നിയന്ത്രിക്കും അകമ്പടി വാദ്യം.
അക്ഷരകാല ക്രമത്തിൽ മെനഞ്ഞൊരു
പഞ്ചാരി, പാണ്ടികൾ ഗംഭീരമാക്കുവാൻ,
അസുരവാദ്യ പ്രധാനിയാം ചെണ്ടയെ
നേർവഴി നയിക്കുന്നൊരച്ഛൻ ചെണ്ട.
ചെണ്ടതൻ പ്രതിരൂപസമാനമാം ഭാവത്തിൽ
വലന്തലയെന്നൊരു നാമവും, അല്പമായ്-
കുറ്റിയെ ചെറുതാക്കി കോർക്കുകിൽ
മാറ്റൊട്ടും കുറയാത്ത നാദം മുഴക്കുന്ന വീക്കനും
ദേവാസുരവാദ്യളിൽ അകമ്പടി വാദ്യവും
അനുഷ്ടാനവാദ്യങ്ങളിൽ ആരംഭ വാദ്യവും
എതിരേറ്റുവലത്തിൽ പ്രദക്ഷിണ വാദ്യവും അങ്ങനെ
ഏതിലും സർവ്വോത്തമത്തിലകമീ വലന്തല വാദ്യം.
അക്ഷരകാലം നിയന്ത്രിക്കുന്ന അകമ്പടി വാദ്യം.
ഗംഭീരമായ പഞ്ചാരിമേളത്തിലും, പാണ്ടിമേളത്തിലും ചെണ്ടയ്ക്കു പിന്നിലായി കാഴ്ചയിൽ ചെണ്ടയുടേതിന് സമാനമായ, എന്നാൽ ഘനഗംഭീര ശബ്ദം മുഴങ്ങുന്ന ഒരു വാദ്യം കാണാം. അതാണ് വലന്തലവാദ്യം. ചെണ്ട ഉപയോഗിച്ചുള്ള എല്ലാ മേളങ്ങളുടെയും കാലം നിയന്ത്രിച്ചു കൊണ്ടു പോകുന്നത് ഈ വാദ്യമാണ്. എല്ലാ മേളങ്ങളുടെയും അക്ഷരകാല ക്രമത്തിലാണ് വലന്തലയിലെ താളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വലന്തലയിലെ കൊട്ടിന്റെ എണ്ണം മാത്രകളായി എണ്ണിയാൽ ഏതൊരു മേളവും എത്ര അക്ഷരകാലത്തിൽ ആണെന്ന് അറിയൻ കഴിയും. തായമ്പകയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന മർമ്മ പ്രധാനിയായ വാദ്യമാണ് വലന്തല ചെണ്ട.
അതീവ സവിശേഷതകൾ ഉള്ള ഈ വാദ്യം വിവിധ രൂപത്തിൽ ഉപയോഗിക്കാറുണ്ട്. ചെണ്ട തിരിച്ചിട്ടു രണ്ടാമത്തെ വശം ആയ വലന്തലയിൽ കൊട്ടുകയും,
ചെണ്ടയുടെ അത്രയും ശബ്ദത്തിൽ വലിക്കാതെ വലന്തലയായ് കോർക്കുകുയും, കുറ്റിക്കു നീളം കുറച്ചു വീക്കൻ ചെണ്ട എന്ന രീതിയിലും കാണപ്പെടുന്നു. മേളങ്ങളിൽ കൂടുതലായും ആദ്യ രണ്ടു രീതികളിൽ (വലന്തല ആയി) ഉപയോഗിക്കുമ്പോൾ, വീക്കൻ ചെണ്ട ക്ഷേത്ര അടിയന്തിര ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു. ക്ഷേത്ര മേളവാദ്യ ഗണത്തിലും ക്ഷേത്ര അടിയന്തിരവാദ്യ ഗണത്തിലും മുൻപന്തിയിൽ നിൽക്കുന്ന വാദ്യമാണ് വലന്തല വാദ്യം. ക്ഷേത്ര അടിയന്തിര വാദ്യത്രയത്തിലെ പ്രധാന വാദ്യമായ വലന്തല, ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നിവയിലും, കലശം, ശുദ്ധിക്രിയകൾ, എതിരേൽപ് പ്രദക്ഷിണം എന്നിവയിലെല്ലാം നിര്ബന്ധമായി ഉപയോഗിക്കുന്നു.
അടിയന്തിര വാദ്യങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ തുടക്കവും അവസാനം കൊട്ടിവയ്ക്കുന്നതും വലന്തലയിൽ ആണ്. വലന്തല, തിമില, ചേങ്ങില/ ഇലത്താളം ഈ വാദ്യങ്ങൾ ഉപയോഗിച്ചുള്ള പുരാതന വാദ്യ സമ്പ്രദായമായ പരിഷവാദ്യത്തിൽ പ്രഥമ സ്ഥാനം വലന്തലയ്ക്കുണ്ട്.
ഒരു കോൽ മാത്രം ഉപയോഗിച്ച് കൊട്ടുന്ന ഈ വാദ്യത്തിൽ രണ്ടു തരത്തിലുള്ള നാദങ്ങൾ മേളത്തിൽ ഉപയോഗിച്ച് കാണുന്നു. തുറന്ന കൊട്ടും, പൊത്തിപ്പിടിച്ചുള്ള കൊട്ടും. പഞ്ചാരിയും, പാണ്ടിയും ഒരു ലഹരിയായി കാഴ്ചക്കാരിലേക്കു പടരുമ്പോൾ അവരുടെ കൈകൾ താളമായി ഉയരുന്നത് ഈ വലന്തലയിലെ കൊട്ടിനൊപ്പമാണ്.
*4. ചേങ്ങില എന്ന ഘനവാദ്യം*.
അനുഷ്ടാനവാദ്യമാം പാണിക്കു തുണയേകും
അനുപമമായൊരു ചേങ്ങില ഘനവാദ്യം.
അടിയന്തിര വാദ്യത്രയങ്ങളിൽ പ്രധാനിയാം
അനശ്വരമായൊരു വെള്ളോടിൻ വാദ്യം.
കഥകളിപ്പദങ്ങളും, സോപാനഗീതവും,
കാലവും,താളവും മുറിയാതെ കാത്തിടും
കാലപ്പഴക്കങ്ങൾ നാദം കെടുത്താത്ത
ദേവപ്രിയവാദ്യമീ ചേങ്ങിലവാദ്യം.
ക്ഷേത്ര അടിയന്തിര വാദ്യത്രയങ്ങളിൽ (തിമില, വലന്തല, ചേങ്ങില) പ്രധാനിയായ ഒരു വാദ്യമാണ് ചേങ്ങില. ഘനവാദ്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന വൃത്താകൃതിയിലുള്ള ഈ വാദ്യം വെള്ളോട് (ഓട്, പിത്തള, വെളുത്തീയം എന്നിവ കൂട്ടിച്ചേർത്ത്) ഉപയോഗിച്ച് ആണ് നിർമിക്കുന്നത്. അറ്റത്തുള്ള രണ്ടു ദ്വാരങ്ങളിലൂടെ ചരട് കോർത്ത് ഇടതുകയ്യിലെ തള്ളവിരലിൽ അണിഞ്ഞാണ് ഈ വാദ്യം കൊട്ടുന്നത്. കൊട്ടാനായി കോലുപയോഗിക്കുന്നു (തെങ്ങിന്റെ ഉണങ്ങിയ “കോഞ്ഞാട്ട”).
“ണാം” എന്ന തുറന്ന ശബ്ദവും “ണ” എന്ന അടഞ്ഞ ശബ്ദവും വ്യക്തമായി ധ്വനിപ്പിച്ചുകൊണ്ടു പാണി കൊട്ടിനു നിർബന്ധമായി ഉപയോഗിക്കുന്ന വാദ്യമാണ് ചേങ്ങില. കൂടാതെ ശീവേലി, ശ്രീഭൂതബലി, ഉത്സവബലി, ശുദ്ധിക്രിയകൾ, കലശപൂജ, അഭിഷേകങ്ങള്‍, കൊട്ടിപ്പാടി സേവ, കഥകളിപ്പദം എന്നിവയിലെല്ലാം ഉപയോഗിക്കുന്ന വാദ്യമാണ് ചേങ്ങില.
വലിയപാണി കൊട്ടുമ്പോള്‍ മരത്തിനോളം പ്രാധാന്യം ചേങ്ങിലയ്കുമുണ്ട് . അക്ഷരമാത്രകളിലധിഷ്ടിതമായ മരപ്പാണിയില്‍, മരം കൊട്ടുന്നയാള്‍ക്കു തുണയായ് കൈകളുടെ ഗതിവിഗതികള്‍ കൃത്യമായി കാണിച്ചുകൊടുക്കുന്നതില്‍ ചേങ്ങിലക്കാരന് സുപ്രധാനചുമതലയുണ്ട്. മന്ത്രോച്ചാരണങ്ങൾ കൊണ്ടും, മണിനാദം കൊണ്ടും പൂജാരി ഈശ്വര ചൈതന്യത്തെ ഉണർത്തുമ്പോൾ, കൊട്ടിപ്പാടിസേവയിൽ കിർത്തനങ്ങൾ പാടി ഇടയ്കയുടെയും, ചേങ്ങിലയുടെയും ശ്രവണസുന്ദര ശബ്ദം കൊണ്ട് മാരാർ ഈശ്വരനെ സേവിക്കുന്നു. തിമില, വലന്തല, ഇടക്ക, ചെണ്ട എന്നീ വാദ്യങ്ങളിലെല്ലാം തുകൽ ഉപയോഗിക്കുന്നതുകൊണ്ട് അവയൊന്നും ശുദ്ധം എന്ന് പറയുവാൻ സാധിക്കില്ല.
പക്ഷെ അഗ്നി ശുദ്ധി വരുത്തി നിർമ്മിച്ച ചേങ്ങില എന്ന ഘനവാദ്യം പൂർണ്ണമായും ശുദ്ധമാണ്. ക്ഷേത്ര അടിയന്തിര വദ്യങ്ങളില്‍ “ഏറ്റവും ശുദ്ധിയുള്ള ഒരേ ഒരു വാദ്യം” എന്ന പ്രത്യേകതകൊണ്ടാവാം ഉൽസവബലി , കലശം എന്നിവയുടെ താന്ത്രിക ചടങ്ങുകൾക്ക് അവസാനം മാരാർ ദക്ഷിണ വാങ്ങുന്നത് ചേങ്ങിലയിൽ ആണ്.
*5. തിമില വാദ്യം -*
എന്ന അസുര നിർമ്മിത ദേവവാദ്യം.
ഗീത-വാദ്യ പ്രിയനാം ശ്രീ മഹേശ്വരന്റെ ഭക്തൻ
ശൂരപദ്മാസുരൻ ആദ്യമായ് നിർമ്മിച്ച ദേവവാദ്യം.
ഉരൽസമാനമായൊരു നീള മരക്കുറ്റിയിൽ മോടി കൂട്ടി
ഇരുപുറം തോൽവട്ടങ്ങൾ നല്ല വാറിൽ കോർത്തതിൽ-
കൈലാസനാഥൻ ഓം കാരം നൽകിയ ധിമില വാദ്യം.
മൃത്യുഞ്ജയഹരനെ പുകഴ്ത്തിയ സവിശേഷവാദ്യം.
തകാര നാദം താളനിയന്ത്രിതം ശബ്ദഗംഭീരമെങ്കിലോ-
തോംകാര നാദം മാധുര്യമേറും ശ്രുതി മനോഹരം.
പഞ്ചവാദ്യത്തിൽ കാലം നിരത്തുന്ന പ്രമാണി വാദ്യം.
പരിഷവാദ്യത്തിൽ ആഢ്യത്തമുള്ളൊരു പക്ക വാദ്യം.
അടിയന്തിരവാദ്യങ്ങളിൽ വിളംബിത, പാണിവാദ്യം.
എന്നും ക്ഷേത്രവാദ്യ കൗസ്തുഭം ഈ തിമില വാദ്യം.
ശംഖ്, ഇടക്ക, ചേങ്ങില, വലന്തല, തിമില. എന്നീ വാദ്യങ്ങൾ ക്ഷേത്ര അടിയന്തിര വാദ്യങ്ങളിൽ നിത്യോപയോഗമുള്ളതും, പരമപ്രധാനവുമായ അഞ്ചു വാദ്യങ്ങളാണ്. ഇവയിൽ ആഢ്യത്വം ഏറിയതും, പ്രാമാണിക സ്ഥാനം വഹിക്കുന്നതുമായ വാദ്യമാണ് തിമില വാദ്യം. നിത്യാടിയന്തിര ചടങ്ങുകളിൽ പാണികൊട്ടാൻ ഉപയോഗിക്കുന്ന വാദ്യം എന്ന നിലയിലും, ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നീ ചടങ്ങുകളിൽ വിളംബിതം കൊട്ടുന്ന വാദ്യം എന്ന നിലയിലും തിമില അടിയന്തിര വാദ്യങ്ങളിലെ നായക സ്ഥാനം അടക്കി വാഴുന്നു.
നിത്യശീവേലി ഉള്ള ക്ഷേത്രങ്ങളിൽ പാണി കൊട്ടുന്നത് തിമിലയും, ചേങ്ങിലയും, ശംഖും ചേർന്നാണ്. ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നീ താന്ത്രിക പ്രധാനമായ അടിയന്തിര ചടങ്ങുകൾക്ക് തിമില, വലന്തല, ചേങ്ങില എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ ഉത്സവബലിക്കു മാത്രം പാണികൊട്ടാൻ മരവും, ശീവേലിക്കും ശ്രീഭൂതബലിക്കും തിമിലയും ഉപയോഗിക്കുന്നു. തുടർന്നുള്ള വിളംബിതം കൊട്ടലിൽ തിമിലയാണ് പ്രധാന വാദ്യം. പഞ്ചവാദ്യത്തിലും പരിഷവാദ്യത്തിലും പ്രമാണിക പരിവേഷമുള്ള വാദ്യമാണ് തിമില.
സ്പടിക ഘടികാരത്തിന്റെ ആകൃതിയിൽ (ഉരലിന്റെ ആകൃതിയിലും) പ്ലാവിന്റെ മരക്കുറ്റിയിൽ കടഞ്ഞെടുത്ത കുറ്റിയാണ് തിമില നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.
ഉരലിന്റെ ആകൃതിയിൽ രണ്ടറ്റവും അല്പം വ്യാസം കൂടി നടുക്ക് വീതി കുറഞ്ഞ രീതിയിൽ ആണ് നിർമ്മാണം. കുറ്റിയിൽ നടുക്ക് ഒരു ചെറിയ ദ്വാരം കാണാം. ഇതിനെ ജീവനാളി എന്ന് പറയുന്നു. മഹാദേവൻ ഈ വാദ്യത്തിനു ശ്രുതി സുന്ദരമായ തോം കാരം നൽകിയത് ഈ ദ്വാരമിട്ടാണ്
ധിമി എന്ന മത്സ്യത്തിന്റെ രൂപ സാദൃശ്യം ഉള്ളതുകൊണ്ടാണ് ധിമില എന്ന പേര് വന്നത് എന്ന് ഒരു പ്രമാണം ഉണ്ട്. ധിമില ലോപിച്ചു തിമില ആയതാവാം. രണ്ടു വശങ്ങളിലും തോലുകൊണ്ടുള്ള വട്ടങ്ങൾ ഉപയോഗിക്കുന്നു. രണ്ടു വട്ടങ്ങളുടെയും വളയലിൽ ഉള്ള ആറു ദ്വാരങ്ങളിലൂടെ തോൽപറ്റ് കൊണ്ടുണ്ടാക്കിയ മനോഹരമായ വാറ് ഉപയോഗിച്ച് രണ്ടു വട്ടങ്ങളെയും ബന്ധിപ്പിക്കുന്നു. തിമിലയുടെ രണ്ടു വശത്തെ തുകൽ വട്ടങ്ങൾ കൊട്ടുവട്ടം എന്നും മൂട്ടുവട്ടം എന്നും പറയുന്നു. ഇതിൽ കൊട്ടുവട്ടം കോർത്ത വശത്തു രണ്ടു കൈകളും ഉപയോഗിച്ചാണ് ഈ വാദ്യം കൊട്ടുന്നത്.
തോൽ വട്ടങ്ങളുടെ ക്ഷാമം മൂലം ഇപ്പോൾ ഫൈബർ വട്ടങ്ങൾ (സിന്തറ്റിക് വട്ടം) ഉപയോഗിക്കുന്നുണ്ട്.
ക്ഷേത്ര അടിയന്തിര വാദ്യമേളമായ പരിഷദ വാദ്യത്തിൽ (പരിഷവാദ്യം) പ്രധാന സ്ഥാനം തിമിലക്കുണ്ട്. വാദ്യ കലാസ്വാദകരെ ആവേശത്തിന്റെ പരകോടിയിൽ എത്തിക്കുന്ന പഞ്ചവാദ്യം എന്ന വാദ്യമേളകലാ സ്വരൂപത്തിന്റെ പ്രമാണ സ്ഥാനം അടക്കി ഭരിക്കുന്ന ദേവ വാദ്യമാണ് തിമില അഥവാ ധിമില. ശിവ ഭക്തനായ ശൂരപത്മൻ എന്ന അസുരനാൽ നിർമിതമായ ദേവവാദ്യം എന്ന പ്രേത്യേകത ഈ വാദ്യത്തിനുണ്ട്. ഒരു അസുരനാണ് രൂപകല്പന ചെയ്തതെങ്കിലും ഭഗവൻ ശ്രീ പരമേശ്വരൻ കുറ്റിയിലെ ജീവനാളിയിലൂടെ ഓംകാരം എന്ന “തോം” കാരം നൽകി ആ വാദ്യത്തെ ശബ്ദമാനമാക്കിയതു കൊണ്ടാവാം ഈ വിശേഷവാദ്യം ദേവവാദ്യങ്ങളുടെ ഗണത്തിൽ വരുന്നത്. “ത” കാരം, “തോം” കാരം എന്നീ രണ്ടു ശബ്ദങ്ങൾ തിമിലയിൽ സൃഷ്ടിക്കപ്പെടുന്നു. തകാരം ഗംഭീരമായ താളനിയന്ത്രണം ഉള്ള നാദം ആണ്. തോം കാരം എന്ന ശബ്ദം ശ്രുതി സുന്ദരമായ നാദം ആണ്.
*6. ഇലത്താളം-*
താളാധിഷ്ഠിതമായ സംപൂർണ്ണ വാദ്യം
താളത്തില്‍ സൃഷ്ടിച്ച മേളവാദ്യങ്ങള്‍ക്കു
താളമായി പിന്നിൽ തിളങ്ങുന്ന വാദ്യം.
താമരയിലതന്‍ സമാനമാം രൂപത്തില്‍
തനി തങ്കവര്‍ണ്ണത്തിലീ ഇലത്താളവാദ്യം
പഞ്ചാരി – പാണ്ടിയിൽ ഇടനികത്തീടുന്ന
പഞ്ചവാദ്യത്തിൽ താളക്കൊഴുപ്പേകുന്ന
സര്‍വ്വമേളങ്ങള്‍ക്കും ശോഭയേകീടുന്ന
സമ്പൂര്‍ണ്ണവാദ്യമീ ലോഹവാദ്യം
ഗീതം, വാദ്യം, നൃത്യം എന്നീ കലകൾ മികച്ച ഒരു താളപദ്ധതിയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തപ്പെടുത്തിയ മഹാത്ഭുതങ്ങളാണ്. വിവിധ താളപ്രകാരങ്ങളിലും, ഗതികളിലും അധിഷ്ഠിതമാക്കി ഒട്ടും സംഗീതമില്ലാതെ, നിർമ്മിച്ചെടുത്ത കലാവിസ്മയമാണ് മേളവാദ്യകല. നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായ ചിട്ടകളോടുകൂടിയ ഒരു താളപദ്ധതിയുണ്ടെങ്കിൽ മാത്രമേ മേളങ്ങൾ ആവിഷ്ക്കരിയ്ക്കാൻ കഴിയുകയുള്ളു.
ശൈവ -ശക്തി സമന്വിതമാണ് താളം എന്ന മഹത്തായ സങ്കൽപ്പം.
“തകാരം ശങ്കരപ്രോക്തം
ലകാരം ശക്തിരുശ്ച്യതേ
ശിവശക്തി സമായോഗേ
താള നാമാഭി ധീയതെ”
ശിവൻ താണ്ഡവവും പാർവതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു. ശിവന്റെ ശക്തമായ ചലനത്താൽ ‘ത’എന്ന ശബ്ദവും പാർവതിയുടെ ലാസ്യനടനത്താൽ ‘ല’എന്ന ശബ്ദവും ഉണ്ടാകുന്നു. ഇപ്രകാരം ശിവശക്തിയുടെ (അർദ്ധനാരീശ്വര സങ്കൽപ്പം) സംയോഗത്താൽ താലം അഥവാ താളം ഉണ്ടായത്രേ. സമയത്തിന്റെ തുല്യ അകലത്തിൽ സംഭവിയ്ക്കുന്നതാണ് താളം. താളങ്ങൾക്കിടയിൽ വരുന്ന സമയമാണ് ലയം.
എല്ലാ വാദ്യമേളങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു ഘടനയുണ്ട്. ആ ഘടനയുടെ ആധാരം താളമാണ്. ആ താളത്തിൽ അനുഷ്ഠിതമായി മേളങ്ങൾക്കെല്ലാം താളക്കൊഴുപ്പേകുന്ന ഒരു വാദ്യം ആണ് ഇലത്താളം. പേര് സൂചിപ്പിക്കുന്നതു പോലെ താമരയിലയുടെ ആകൃതിയിൽ ഓട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ലോഹ വാദ്യമാണ് ഇലത്താളം.
രണ്ടു താളങ്ങളുടെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് രണ്ടു കരങ്ങളിൽ പിടിച്ചു അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. വാദ്യങ്ങളില്ലാതെയും താളം പിടിക്കാം. ശൈവ സങ്കല്പമായ വലതു കയ്യും, ശക്തി സങ്കല്പമായ ഇടതു കയ്യും കൂട്ടി മുട്ടിക്കുമ്പോൾ നാദം ഉണ്ടാകുന്നതു പോലെ. ഒരു താളം വലതു കൈയ്യിലും ഒരു താളം ഇടതു കയ്യിലും പിടിച്ചു പരസ്പരം കൂട്ടിമുട്ടിച്ചു ഇലത്താളത്തിൽ താളം പിടിക്കുന്നു. ആ ഒരു രീതിയെ പിന്തുടരുമ്പോൾ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. താളത്തിന്റെ പ്രാണസമാനമായി കാലം, മാർഗ്ഗം എന്ന് തുടങ്ങി പത്ത് കാര്യങ്ങൾ സംഗീത ശാസ്ത്രത്തിൽ വിവരിയ്ക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇവിടെ പ്രസക്തമായതും ആയി രണ്ടെണ്ണമാണുള്ളത്. അവയാണ് ‘ക്രിയ’, ‘അംഗം’ എന്നിവ.
താളം പിടിയ്ക്കുന്നതിന്നായി നടത്തുന്ന മനുഷ്യന്റെ പ്രയത്നമാണ് ക്രിയ. താളത്തിന്റെ അവയവങ്ങളാണ് അംഗങ്ങൾ. ഒന്നിലധികം അവയവങ്ങൾ ഒന്നിച്ച് ചേർന്നാലാണ് ഒരു പരിപൂർണ്ണ താളമാകുന്നത്.
ക്രിയകൾ രണ്ടു തരത്തിലാണുള്ളത്. ഒന്ന്, സശബ്ദക്രിയ, രണ്ട്, നിശ്ശബ്ദക്രിയ. പേരുകൾ സൂചിപ്പിയ്ക്കുന്നതു പോലെ തന്നെയാണ് അവയുടെ അർത്ഥവും. ശബ്ദം ഉണ്ടാക്കുന്ന ക്രിയ സശബ്ദക്രിയ. കയ്യുകൾ തമ്മിൽ കൂട്ടിയടിയ്ക്കുക, വിരൽ ഞൊടിയ്ക്കുക, ചേങ്ങിലയിൽ വടി കൊണ്ടടിയ്ക്കുക, രണ്ട് ഇലത്താളങ്ങൾ തമ്മിലടിയ്ക്കുക മുതലായവ സശബ്ദ ക്രിയകളാണ്. അതുപോലെ ശബ്ദം ഉണ്ടാക്കാത്ത ക്രിയകൾ നിശ്ശബ്ദ ക്രിയകൾ. കയ്യ് വീശുക, വിരൽ മടക്കുക, ക്രിയകൾ ഒന്നും ചെയ്യാതിരിയ്ക്കുക എന്നിവ നിശ്ശബ്ദ ക്രിയകൾക്ക് ഉദാഹരണമാണ്. താളം പിടിയ്ക്കുന്നതിന്ന് ഇവിടെ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഉപകരണം ഇലത്താളമാണ്. അതിനാൽ അതിന്റെ ക്രമം പറയാം. മൂന്ന് തരത്തിൽ സശബ്ദക്രിയ പിടിയ്ക്കുന്നു. അടച്ച്, തുറന്ന്, തരിയിട്ട് എന്നിവയാണവ.
രണ്ട് ഇലത്താളങ്ങളും കൂട്ടിയടിച്ച് വേർപ്പെടുത്താതെ അടച്ച് തന്നെ പിടിയ്ക്കുന്നത് അടച്ച്. തമ്മിൽ കൂട്ടിയടിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ വലിച്ചെടുക്കുന്നത് തുറന്നത്. ഇതിന്റെ ശബ്ദത്തിന്ന് നീളം കൂടുന്നതാണ്. താഴത്തെ ഇലത്താളത്തിന്റെ ഉപരിതലത്തിൽ കൂടി മുകളിലെ ഇലത്താളം ഉരുട്ടിയെടുക്കുന്നതാണ് തരിയിട്ടത്. ഒരു നിശ്ശബ്ദ ക്രിയയുടെ തൊട്ടുമുമ്പു വരുന്ന സശബ്ദ ക്രിയയാണ് സാധാരണയായി തരിയിട്ട് പിടിയ്ക്കുക പതിവ്. നിശബ്ദക്രിയയ്ക്ക് ക്രിയകളൊന്നുമില്ല
ചെണ്ട ഉപയോഗിച്ചുള്ള എല്ലാ മേളങ്ങളിലും (കേളി, തായമ്പക ഉൾപ്പടെ) നിര്ബദ്ധമായി ഉപയോഗിക്കുന്ന വാദ്യമാണ് ഇലത്താളം. കൂടാതെ പഞ്ചവാദ്യം, പരിഷവാദ്യം എന്നീ വാദ്യശൃംഖലകളിലും കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം എന്നി കലകളിലും ഇലത്താളം ഉപയോഗിക്കുന്നു.
അക്ഷരകാലങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന പഞ്ചാരി, പാണ്ടി, അടന്ത തുടങ്ങിയ മേളങ്ങൾക്കു വലന്തലയുടെ കൊട്ടിന് അനുശ്രുതമായി ഇടനികത്തി താളം പിടിക്കുക എന്ന ധർമ്മമാണ് ഇലത്താളത്തിന് ഉള്ളത്. അങ്ങിനെ വരുമ്പോൾ ഇലത്താളത്തിലെ പ്രയോഗം വലന്തലയ്ക്കു അനുസരിച്ചാണ് എന്ന് സാരം. എന്നാൽ പഞ്ചവാദ്യത്തിൽ തിമിലയ്ക്കും, മദ്ദളത്തിനും ഒപ്പം താളക്കൊഴുപ്പേകുകയും താളം നിയന്ത്രിച്ചു കൊണ്ടുപോകുകയും ചെയ്യുന്നത് ഇലത്താളമാണ്.
*6. ഇലത്താളം-*
താളാധിഷ്ഠിതമായ സംപൂർണ്ണ വാദ്യം
താളത്തില്‍ സൃഷ്ടിച്ച മേളവാദ്യങ്ങള്‍ക്കു
താളമായി പിന്നിൽ തിളങ്ങുന്ന വാദ്യം.
താമരയിലതന്‍ സമാനമാം രൂപത്തില്‍
തനി തങ്കവര്‍ണ്ണത്തിലീ ഇലത്താളവാദ്യം
പഞ്ചാരി – പാണ്ടിയിൽ ഇടനികത്തീടുന്ന
പഞ്ചവാദ്യത്തിൽ താളക്കൊഴുപ്പേകുന്ന
സര്‍വ്വമേളങ്ങള്‍ക്കും ശോഭയേകീടുന്ന
സമ്പൂര്‍ണ്ണവാദ്യമീ ലോഹവാദ്യം
ഗീതം, വാദ്യം, നൃത്യം എന്നീ കലകൾ മികച്ച ഒരു താളപദ്ധതിയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തപ്പെടുത്തിയ മഹാത്ഭുതങ്ങളാണ്. വിവിധ താളപ്രകാരങ്ങളിലും, ഗതികളിലും അധിഷ്ഠിതമാക്കി ഒട്ടും സംഗീതമില്ലാതെ, നിർമ്മിച്ചെടുത്ത കലാവിസ്മയമാണ് മേളവാദ്യകല.
നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായ ചിട്ടകളോടുകൂടിയ ഒരു താളപദ്ധതിയുണ്ടെങ്കിൽ മാത്രമേ മേളങ്ങൾ ആവിഷ്ക്കരിയ്ക്കാൻ കഴിയുകയുള്ളു.
ശൈവ -ശക്തി സമന്വിതമാണ് താളം എന്ന മഹത്തായ സങ്കൽപ്പം.
“തകാരം ശങ്കരപ്രോക്തം
ലകാരം ശക്തിരുശ്ച്യതേ
ശിവശക്തി സമായോഗേ
താള നാമാഭി ധീയതെ”
ശിവൻ താണ്ഡവവും പാർവതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു. ശിവന്റെ ശക്തമായ ചലനത്താൽ ‘ത’എന്ന ശബ്ദവും പാർവതിയുടെ ലാസ്യനടനത്താൽ ‘ല’എന്ന ശബ്ദവും ഉണ്ടാകുന്നു. ഇപ്രകാരം ശിവശക്തിയുടെ (അർദ്ധനാരീശ്വര സങ്കൽപ്പം) സംയോഗത്താൽ താലം അഥവാ താളം ഉണ്ടായത്രേ. സമയത്തിന്റെ തുല്യ അകലത്തിൽ സംഭവിയ്ക്കുന്നതാണ് താളം. താളങ്ങൾക്കിടയിൽ വരുന്ന സമയമാണ് ലയം.
എല്ലാ വാദ്യമേളങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു ഘടനയുണ്ട്. ആ ഘടനയുടെ ആധാരം താളമാണ്. ആ താളത്തിൽ അനുഷ്ഠിതമായി മേളങ്ങൾക്കെല്ലാം താളക്കൊഴുപ്പേകുന്ന ഒരു വാദ്യം ആണ് ഇലത്താളം. പേര് സൂചിപ്പിക്കുന്നതു പോലെ താമരയിലയുടെ ആകൃതിയിൽ ഓട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ലോഹ വാദ്യമാണ് ഇലത്താളം.
രണ്ടു താളങ്ങളുടെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് രണ്ടു കരങ്ങളിൽ പിടിച്ചു അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. വാദ്യങ്ങളില്ലാതെയും താളം പിടിക്കാം. ശൈവ സങ്കല്പമായ വലതു കയ്യും, ശക്തി സങ്കല്പമായ ഇടതു കയ്യും കൂട്ടി മുട്ടിക്കുമ്പോൾ നാദം ഉണ്ടാകുന്നതു പോലെ. ഒരു താളം വലതു കൈയ്യിലും ഒരു താളം ഇടതു കയ്യിലും പിടിച്ചു പരസ്പരം കൂട്ടിമുട്ടിച്ചു ഇലത്താളത്തിൽ താളം പിടിക്കുന്നു. ആ ഒരു രീതിയെ പിന്തുടരുമ്പോൾ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. താളത്തിന്റെ പ്രാണസമാനമായി കാലം, മാർഗ്ഗം എന്ന് തുടങ്ങി പത്ത് കാര്യങ്ങൾ സംഗീത ശാസ്ത്രത്തിൽ വിവരിയ്ക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇവിടെ പ്രസക്തമായതും ആയി രണ്ടെണ്ണമാണുള്ളത്. അവയാണ് ‘ക്രിയ’, ‘അംഗം’ എന്നിവ. താളം പിടിയ്ക്കുന്നതിന്നായി നടത്തുന്ന മനുഷ്യന്റെ പ്രയത്നമാണ് ക്രിയ. താളത്തിന്റെ അവയവങ്ങളാണ് അംഗങ്ങൾ.
ഒന്നിലധികം അവയവങ്ങൾ ഒന്നിച്ച് ചേർന്നാലാണ് ഒരു പരിപൂർണ്ണ താളമാകുന്നത്.
ക്രിയകൾ രണ്ടു തരത്തിലാണുള്ളത്. ഒന്ന്, സശബ്ദക്രിയ, രണ്ട്, നിശ്ശബ്ദക്രിയ. പേരുകൾ സൂചിപ്പിയ്ക്കുന്നതു പോലെ തന്നെയാണ് അവയുടെ അർത്ഥവും. ശബ്ദം ഉണ്ടാക്കുന്ന ക്രിയ സശബ്ദക്രിയ. കയ്യുകൾ തമ്മിൽ കൂട്ടിയടിയ്ക്കുക, വിരൽ ഞൊടിയ്ക്കുക, ചേങ്ങിലയിൽ വടി കൊണ്ടടിയ്ക്കുക, രണ്ട് ഇലത്താളങ്ങൾ തമ്മിലടിയ്ക്കുക മുതലായവ സശബ്ദ ക്രിയകളാണ്. അതുപോലെ ശബ്ദം ഉണ്ടാക്കാത്ത ക്രിയകൾ നിശ്ശബ്ദ ക്രിയകൾ. കയ്യ് വീശുക, വിരൽ മടക്കുക, ക്രിയകൾ ഒന്നും ചെയ്യാതിരിയ്ക്കുക എന്നിവ നിശ്ശബ്ദ ക്രിയകൾക്ക് ഉദാഹരണമാണ്. താളം പിടിയ്ക്കുന്നതിന്ന് ഇവിടെ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഉപകരണം ഇലത്താളമാണ്. അതിനാൽ അതിന്റെ ക്രമം പറയാം.
മൂന്ന് തരത്തിൽ സശബ്ദക്രിയ പിടിയ്ക്കുന്നു. അടച്ച്, തുറന്ന്, തരിയിട്ട് എന്നിവയാണവ. രണ്ട് ഇലത്താളങ്ങളും കൂട്ടിയടിച്ച് വേർപ്പെടുത്താതെ അടച്ച് തന്നെ പിടിയ്ക്കുന്നത് അടച്ച്. തമ്മിൽ കൂട്ടിയടിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ വലിച്ചെടുക്കുന്നത് തുറന്നത്. ഇതിന്റെ ശബ്ദത്തിന്ന് നീളം കൂടുന്നതാണ്. താഴത്തെ ഇലത്താളത്തിന്റെ ഉപരിതലത്തിൽ കൂടി മുകളിലെ ഇലത്താളം ഉരുട്ടിയെടുക്കുന്നതാണ് തരിയിട്ടത്. ഒരു നിശ്ശബ്ദ ക്രിയയുടെ തൊട്ടുമുമ്പു വരുന്ന സശബ്ദ ക്രിയയാണ് സാധാരണയായി തരിയിട്ട് പിടിയ്ക്കുക പതിവ്. നിശബ്ദക്രിയയ്ക്ക് ക്രിയകളൊന്നുമില്ല
ചെണ്ട ഉപയോഗിച്ചുള്ള എല്ലാ മേളങ്ങളിലും (കേളി, തായമ്പക ഉൾപ്പടെ) നിര്ബദ്ധമായി ഉപയോഗിക്കുന്ന വാദ്യമാണ് ഇലത്താളം. കൂടാതെ പഞ്ചവാദ്യം, പരിഷവാദ്യം എന്നീ വാദ്യശൃംഖലകളിലും കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം എന്നി കലകളിലും ഇലത്താളം ഉപയോഗിക്കുന്നു. അക്ഷരകാലങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന പഞ്ചാരി, പാണ്ടി, അടന്ത തുടങ്ങിയ മേളങ്ങൾക്കു വലന്തലയുടെ കൊട്ടിന് അനുശ്രുതമായി ഇടനികത്തി താളം പിടിക്കുക എന്ന ധർമ്മമാണ് ഇലത്താളത്തിന് ഉള്ളത്. അങ്ങിനെ വരുമ്പോൾ ഇലത്താളത്തിലെ പ്രയോഗം വലന്തലയ്ക്കു അനുസരിച്ചാണ് എന്ന് സാരം. എന്നാൽ പഞ്ചവാദ്യത്തിൽ തിമിലയ്ക്കും, മദ്ദളത്തിനും ഒപ്പം താളക്കൊഴുപ്പേകുകയും താളം നിയന്ത്രിച്ചു കൊണ്ടുപോകുകയും ചെയ്യുന്നത് ഇലത്താളമാണ്.
*8. ചെണ്ട*:
പതിനെട്ടു വാദ്യങ്ങളിലും ഒന്നാമൻ
ശ്രുതി സുന്ദരഭാവത്തിൽ പഞ്ചാരിമേളവും,
ദ്രുത രൗദ്രഭാവത്തിൽ ഗംഭീര പാണ്ടിയും,
കേളിയും,കളിക്കൊട്ടും,തായമ്പകപ്പെരുക്കവും,
മന്ദാരക്കമ്പിനാൽ വിസ്മയം തീർക്കുന്നൊരിഷ്ടവാദ്യം.
അസുരനാദത്തിന്റെ പ്രൗഡിയിൽ ഇന്തലവട്ടവും,
ദേവനാദത്തിൽ മുഖരിതമാം വലന്തലവട്ടവും,
പന്ത്രണ്ടു ദ്വാരത്തിൽ കുറ്റിമേൽ ചണനാരിൽ കോർക്കുമ്പോൾ,
ദേവാസുരവാദ്യത്തിൻ സമ്മിശ്രവാദ്യമീ സവിശേഷ വാദ്യം.
പൂരോത്സവങ്ങളിൽ ഗംഭീരമായൊരു അവനദ്ധവാദ്യം.
ദേവനുമുമ്പിൽ മേളാർച്ചന ചെയ്യുന്നൊരസുര വാദ്യം.
സപ്ത മേളങ്ങൾക്കും പ്രമാണിയാം വിതതവാദ്യം.
പതിനെട്ടു വാദ്യങ്ങളിൽ പ്രഥമനാം ചെണ്ടവാദ്യം.
കേരളീയ മേളവാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ് ചെണ്ട. പഞ്ചാരി, പാണ്ടി, ചെമ്പട, അഞ്ചടന്ത, അടന്ത, ധ്രുവം, ചമ്പ തുടങ്ങിയ സപ്തമേളങ്ങളിലും പ്രമാണി വാദ്യം ചെണ്ടയാണ്.
പതിനെട്ട് വാദ്യങ്ങളിലും പ്രധാനി, സപ്തമേളങ്ങളിലും പ്രമാണി. അങ്ങനെ പോകുന്നു ചെണ്ട എന്ന വാദ്യത്തിന്റെ വിശേഷണങ്ങൾ. ഗംഭീരമായ ഈ വിശേഷണങ്ങൾ അലങ്കരിക്കുമ്പോളും, ശബ്ദത്തിലെ തീവ്രത ആവാം ഈ വാദ്യത്തെ അസുരവാദ്യങ്ങളുടെ ശ്രേണിയിലേക്ക് തരം തിരിച്ചത്.
അതി ഗംഭീരമായ ചെണ്ടയുടെ ശബ്ദത്തിൽ നവധാന്യങ്ങൾ പോലും പൊട്ടി മുളക്കുന്നു എന്ന് തന്ത്രിമാർ വിലയിരുത്തുന്നു.
അതു കൊണ്ടാവാം അംഗുരാദി ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിൽ മുളപൂജയിൽ ചെണ്ടമേളം നിര്ബന്ധമായത്. കലശം, കളഭം, മുളപൂജ തുടങ്ങിയ ഏതാനും ചില താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ ചെണ്ട കൊട്ടുന്നത് പതിവുള്ളു. ശീവേലി, ഇറക്കി എഴുന്നള്ളിപ്പ്, വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾക്ക് ഗംഭീരമായ മേളപ്രപഞ്ചം തീർക്കാൻ ക്ഷേത്ര മതിൽകെട്ടിനുള്ളിൽ ചെണ്ട അവിഭാജ്യ ഘടകമണ്. പ്രധാനമായും പള്ളിവേട്ട വിളക്ക്, ആറാട്ട് എതിരേൽപ്പ് തുടങ്ങിയ ചടങ്ങുകളിൽ ക്ഷേത്ര ഗോപുരത്തിന് വെളിയിലും ചെണ്ടമേളം നടക്കുന്നു.
വാദ്യങ്ങളിലെ രാജാവ് എന്ന് പരിഗണിക്കാവുന്ന ചെണ്ടയുടെ നിർമ്മാണത്തിലുമുണ്ട് ചില സവിശേഷതകൾ. ക്ഷേത്ര വാദ്യങ്ങളിൽ ഇത്രയും ശബ്ദമുള്ള മറ്റൊരു വാദ്യം ഇല്ല.
വരിക്കപ്ലാവിന്റെ കാതൽ ഉപയോഗിച്ച് നിർമ്മിച്ച കുറ്റിയുടെ ഇരുവശങ്ങളിലുമായി ഇടന്തല, വലന്തല വട്ടങ്ങളിൽ പന്ത്രണ്ട് ദ്വാരങ്ങളിലൂടെ കയർ കോർത്ത് വലിച്ച് മുറുക്കിയാണ് ഘനഗംഭീരമയ ചെണ്ടയുടെ ശബ്ദം സൃഷ്ടിച്ചെടുക്കുന്നത്. ശബ്ദ വ്യത്യാസം വരുത്തുന്നതിന് പതിനൊന്ന് കുത്തുവാറുകൾ കയറുകൾക്കിടയിലൂടെ കോർക്കുന്നു. ഈ കുത്തുവാർ ഒരെണ്ണത്തിന് ഏഴ് ചുറ്റ് എന്നതാണ് കണക്ക്. ഇത് സപ്തസ്വരങ്ങളേ സൂചിപ്പിക്കുന്നു. വാദ്യങ്ങളിൽ ചെണ്ടയ്ക്ക് ശ്രുതിയില്ല എന്ന പോരായ്മ ഇതിലൂടെ പരിഹരിക്കാം.
ചെണ്ടവട്ടങ്ങൾ കുറ്റിക്കിരുഭാഗങ്ങളിലുമായി കോർക്കുമ്പോൾ വലന്തലയിലെ ദ്വാരത്തിലൂടെ ആദ്യം കോർത്ത് ഇടന്തലയിലൂടെ ഇടത് വശത്തുനിന്നു വലത്തേക്കാണ് കയർ കോർത്തെടുക്കുന്നത്. അവസാനം കോർക്കുന്ന കയർ ചെണ്ടയുടെ മധ്യഭാഗത്തായി കെട്ടി മുറുക്കുന്നു. ഈ പ്രക്രിയ മേളത്തിന്റെ സീസണുമായി ബന്ധപ്പെടുത്തി ഒന്നു വിശകലനം ചെയ്തു നോക്കാം.
ഏകദേശം വ്യശ്ചികം മുതൽ തുടങ്ങുന്ന മേളം സീസൺ മേടം പകുതിയോടു കൂടി പരിസമാപ്തിയിലെത്തും. എടവം,മിഥുനം, കർക്കിടകം എന്നീ മാസങ്ങളിൽ ചെണ്ടയ്ക്ക് വിശ്രമം കിട്ടുന്ന മാസങ്ങളാണ്. കുംഭം, മീനം, മേടം മാസങ്ങൾ മേളങ്ങൾ ഏറ്റവും കൂടുതലുള്ള മാസങ്ങളുമാണ്. കയർ കോർത്തു തുടങ്ങുന്ന ആദ്യ കയർവട്ടം എടവമാസം(രാശി) ആയി സങ്കല്പിച്ചാൽ അത് മിഥുനം, കർക്കിടകം, ചിങ്ങം എന്നിങ്ങനെ അവസാനം മേടം രാശിയിൽ പകുതിയിലായ് കോർത്തുകെട്ടുന്നു. ചെണ്ട വലിച്ചു മുറുക്കുന്നതും ഈ പന്ത്രണ്ട് രാശികളുമായി സാമ്യപ്പെടുത്തിയാൽ ആദ്യത്തേ കുറച്ച് കയർ വട്ടങ്ങൾക്ക് വലിവ് കുറച്ചേ കിട്ടു വലത് വശത്തേക്ക് പോകുംതോറും വലിവ് കൂടി വന്ന് അത് മേടം രാശിയായി സങ്കല്പിക്കാവുന്ന അവസാനത്തേ കയർ വട്ടത്തിന്റെ നടുക്കായി കോർത്ത് കെട്ടുന്നു. ഇപ്രകാരം ചെണ്ടയുടെ വലിവും ആ വാദ്യം ഉപയോഗിക്കുന്ന മാസങ്ങളേയും തമ്മിൽ ആശയപരമായി ബന്ധിപ്പിക്കാം.
*9. കുറുംകുഴൽ വാദ്യം*-
ശ്രുതി മധുര നാദവാദ്യം
മേളപ്രമാണത്തിൽ ചെണ്ടയെ നയിക്കുന്ന,
സവിശേഷ വാദ്യമീ സുഷിരവാദ്യം.
മാറ്റക്കലാശങ്ങൾ കൃത്യമായ് കാട്ടുന്ന,
സമയമാം കലയുടെ പ്രമാണ വാദ്യം.
കരിമരക്കുഴലും, വെള്ളോടിൻ അണശും,
ഗണ്ഡയിൽ പിടിപ്പിച്ച ശീവാളിപ്പുല്ലും,
സപ്തസ്വരങ്ങളേ കേൾക്കുന്ന സുഷിരവും,
വ്യത്യസ്ത രൂപ-ഭാവത്തിലീ താളവാദ്യം.
ഊരകം,വളപ്പായ,മാപ്രാണ പ്രമാണിമാർ
അദ്‌ഭുതം തീർക്കുന്ന കുറും കുഴൽ പറ്റും,
ശ്രുതി മധുര സംഗീതം മേളത്തിൽ ചേർക്കുന്ന,
സ്വര നാദ വാദ്യമീ കുറും കുഴൽ വാദ്യം..
സുഷിര വാദ്യഗണത്തിൽ ഉൾപ്പെടുന്ന ഒരു വാദ്യമാണ് കുറുംകുഴൽ. സാധാരണയായി ചെണ്ട ഉപയോഗിച്ചുള്ള അക്ഷര കാലങ്ങളിലുള്ള മേളങ്ങളിൽ പ്രധാനിയാണ് കുറും കുഴൽ. മേളങ്ങളുടെ താളവട്ടങ്ങളെ ഈ സവിശേഷ വാദ്യം ശ്രുതിമധുരമാക്കുന്നു.
മറ്റു വാദ്യങ്ങളേ അപേക്ഷിച്ച് പ്രത്യേകമായ ഒരു രൂപഭാവം കുറുംകുഴലിന്റെ പ്രത്യേകതയാണ്.
തടിയിൽ നിർമ്മിച്ച ശ്രുതിക്കുഴല്‍,
വെങ്കലത്തില്‍ കെട്ടിച്ച മുരട്. മുരടില്‍ ഊതാന്‍വേണ്ടി ഉപയോഗിക്കുന്ന ഒരു തരം പുല്ലിൽ നിർമ്മിച്ച ശീവാളി, വെള്ളോടിൽ നിർമ്മിച്ച അണശ് എന്നിവയാണ് ഈ വാദ്യത്തിന്റെ പ്രധാന ഭാഗങ്ങൾ. കാഴ്ചയിൽ നാദസ്വരത്തിന് സമാനമെങ്കിലും അതിനേക്കാൾ വലിപ്പക്കുറവുണ്ട്.
സപ്തമേളങ്ങളിലും സംഗീതാത്മകമായ മേളപ്രപഞ്ചം തീർക്കാൻ കഴിവുള്ള ഈ വാദ്യം ഇല്ലാതെയും മേളം അവതരിപ്പിക്കാമെങ്കിലും ഏതൊരു മേളവും രാജകീയമാവണമെങ്കിൽ അതിൽ കുറും കുഴലിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. ഓരോ ചെണ്ടക്കാരനും അഭിമുഖമായി നിന്ന് സമയബന്ധിതമായ മേളം കലാശങ്ങളിലേക്കു നയിക്കുന്ന ചുമതല കുഴൽ പ്രയോഗിക്കുന്ന ആൾക്കാണ്. കുറും കുഴൽ ഉപയോഗിച്ച് ചിട്ടപ്പെടുത്തി എടുത്ത നാദസുന്ദരമായ ഒരു വാദ്യപ്രയോഗമാണ് കുഴൽ പറ്റ്. സമ്മിശ്രവാദ്യങ്ങൾ ചേർന്നുള്ള മേളങ്ങളിൽ കുഴലിന്റെ പ്രയോഗങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോളും വിളക്കാമചാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കുറുംകുഴൽപറ്റ് ഈ വാദ്യത്തിന്റെ സവിശേഷതയും, അത് പ്രയോഗിക്കുന്ന കലാകാരന്റെ സാധനയും പ്രകടമാക്കാൻ സാധിക്കുന്ന ഒരു ചടങ്ങാണ്.
*10. കൊമ്പ് വാദ്യം*
അർദ്ധചന്ദ്രാകാര സമാനമാം രൂപത്തിൽ
മഴവില്ലു കോർത്തപോൽ നല്ലൊരു കൊമ്പ് വാദ്യം
ഘനവാദ്യശ്രേണിയിൽ ബഹുകേമത്തമേറിടും
വെള്ളോടിൽ വാർത്തു നിർമ്മിച്ചൊരു ഭേരിവാദ്യം
ചെമ്പട, ചമ്പ, അടന്ത താളങ്ങളിൽ ചൊല്ലുകൾ
പറ്റിൽ മനോധർമ്മം ഊതുന്ന സുഷിരവാദ്യം
സപ്തമേളങ്ങളും, പരിഷ-പഞ്ചവാദ്യങ്ങളും
താളക്കൊഴുപ്പേകി ഗംഭീരമാക്കും കൊമ്പു വാദ്യം
ഘനവാദ്യങ്ങളുടെ ശ്രേണിയിൽ വെങ്കലത്തിൽ വാർത്തു നിർമിച്ച വളഞ്ഞ കുഴൽരൂപത്തിലുള്ള ഒരു വാദ്യമാണ് കൊമ്പ്. ഇത് ഒരു സുഷിരവാദ്യമായും പരിഗണിക്കുന്നു. അർദ്ധചന്ദ്രാകാരമായ ഒരു വില്ലുപോലെ വളഞ്ഞിരിക്കുന്ന ഈ വാദ്യത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്.
*വായിൽ ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം. ഊതേണ്ട ഘട്ടത്തിൽ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു*. *ഈ ഭാഗങ്ങളിൽ മെഴുക് തേച്ച് പിടിപ്പിക്കുന്നതും കാണാം. കൊമ്പിന്റെ രണ്ട് അറ്റങ്ങൾ തമ്മിൽ ഒരു ചരടുകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ടാവും*.
ചെണ്ട ഉപയോഗിച്ചുള്ള സപ്ത മേളങ്ങളിലും, വിശദമായി അവതരിപ്പിക്കുന്ന പരിഷ വാദ്യത്തിലും, പഞ്ചവാദ്യത്തിലും കൊമ്പ് പ്രധാനമായും ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിൽ വിളക്കാചാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കൊമ്പ് പറ്റ് എന്ന ചടങ്ങ് ഈ വാദ്യം പ്രയോഗിക്കുന്ന കലാകാരന്മാരുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്*.
*സാധാരണയായി അടന്ത(14 അക്ഷര കാലം), ചെമ്പട(8 അക്ഷരകാലം), ചമ്പ(10 അക്ഷരകാലം) എന്നീ താളങ്ങളിൽ ആണ് പറ്റ് വായിക്കുന്നത്. ഏതില് തുടങ്ങിയാലും ചെമ്പടയിലാണ് അവസാനിപ്പിക്കുന്നത്. വലിയ അക്ഷര കാലത്തിൽ പതിഞ്ഞ് തുടങ്ങി ചെറിയ അക്ഷര കാലത്തിൽ വേഗത കൂട്ടി ആസ്വാദകരേ ആവേശ ഭരിതമാക്കുന്ന, സാധാരണ മേളങ്ങളിൽ ഉപയോഗിക്കുന്ന ആ ശൈലി കൊമ്പു പറ്റിലും കാണാം. രൗദ്ര മേളമായ പാണ്ടിയുടെ കൊലുമ്പലിൽ കൊമ്പ് ഊതുന്ന ശബ്ദം അവർണ്ണനീയം എന്നേ പറയാനാകൂ. മേളങ്ങളിൽ കലാശം ഊതി തുടർന്ന് രണ്ട് താളവട്ടവും, പഞ്ചവാദ്യത്തിൽ കാലം നിരത്തുമ്പോളും, കൂട്ടിക്കൊട്ടിനും, ഓരോ കാലങ്ങളിലെ പതിഞ്ഞ താളത്തിൽ നില മുഴുവനായും കൊമ്പ് ഊതുന്നു. മറ്റ് വദ്യങ്ങളുടെ പ്രയോഗത്തേ അപേക്ഷിച്ച് ആയാസം കൂടുതൽ ആവശ്യമുള്ള വാദ്യമാണ് കൊമ്പ്. ശ്വാസം പിടിച്ച് നിർത്താനുള്ള കഴിവും, കൃത്യമായി തിരിച്ചറിയൻ പറ്റുന്ന രീതിയിൽ ചൊല്ലുകൾ ഊതുവാനുള്ള അക്ഷരശുദ്ധിയും സായത്തമാക്കുവാൻ കടുത്ത സാധകം ആവശ്യമാണ്*.
കടപ്പാട് ശ്രീ. മാരാർജി രാമപുരം
*കാരിക്കോട്ടമ്മ 12-01-20*
Comments
Post a Comment