ക്ഷേത്രം

ക്ഷേത്രം
🌹🌹🌹

ക്ഷേത്രം, അഥവാ അമ്പലം എന്നത് വിവിധ രാജ്യങ്ങളില്‍ വിവിധ മതസ്ഥരുടെ ഇടയില്‍ വേരൂന്നിയ ഒരു ആരാധനാലയാ സങ്കല്‍പ്പമാണ്. ഹിന്ദു, ബുദ്ധ, ഗ്രീക്ക്, ജൈനരുടെ ആരാധനാലയങ്ങളെ ക്ഷേത്രം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു. ക്ഷേത്രം എന്ന വാക്ക് ക്ഷേത്ര് എന്ന സംസ്കൃത വാക്കില്‍ നിന്നും ഉത്ഭവിച്ചിരിക്കുന്നു. ക്ഷേത്ര് എന്ന പദത്തിന്റെ അര്‍ത്ഥം ശരീരം എന്നാണ്. ശരീരം എന്നാല്‍ ആകാരമുള്ളത് എന്ന് വിവക്ഷ. ക്ഷേത്രത്തിന്റെ മലയാള പദമായി ഉപയോഗിക്കുന്നത് ആദി ദ്രാവിദ ഭാഷയാ‍യ തമിഴില്‍ നിന്നു കടമെടുത്ത അമ്പലം എന്ന വാക്കാണ്. പക്ഷേ ഈ വാക്കിന് ക്ഷേത്രം എന്ന വാക്കുമായി പുലബന്ധം പോലും ഇല്ല. അമ്പലം എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം അന്‍പുള്ള ഇടം എന്നാണ്. ഭക്തര്‍ക്ക് അന്‍പ് അല്ലെങ്കില്‍ കരുണ ലഭിക്കുന്ന ഇടം എന്നു ചുരുക്കം. അതായത് അമ്പലം എന്ന വാക്ക് ആധുനിക മലയാളഭാഷയുടെ സംഭാവനയാണെന്ന് നിസംശയം പറയാം.

ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാക്കിയ ബി സി 320 മുതൽ 550 വരെ ഭാരതം ഭരിച്ചിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലം മുതലുള്ള ക്ഷേത്രങ്ങളോ ക്ഷേത്രാവശിഷ്ടങ്ങളോ മാത്രമേ ഇന്ന് നിലവിലുള്ളു എന്നത് ചരിത്രകാരന്മാ‍രില്‍ അല്‍പ്പം അത്ഭുതവും, അങ്കലാപ്പും ഉളവാക്കിയിട്ടുണ്ട്. കാരണം പ്രാചീന കാലം മുതല്‍ ആരാധന മനുഷ്യന്റെ ദിനചര്യകളില്‍ ഒന്നാണെന്ന് എഴുതപ്പെട്ട ലിഘിതങ്ങളില്‍ എല്ലാം വിവരിച്ചിട്ടുണ്ട് എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്നത് ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു.

പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണെന്ന് വിശ്വസിക്കപ്പെടുന്നു‌. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു ആരാധന. ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള, മാൻ , ലിംഗം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. ഇവയുടെ വിവിധഭാവങ്ങള്‍ക്ക് മനുഷ്യനില്‍ നേരിട്ട്  ആധിപത്യം ചെലുത്താന്‍ കഴിവുണ്ട് എന്ന തിരിച്ചറിവാകണം ഇത്തരം ആരാധനയുടെ ഉറവിടം. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ എന്ന് ഇവയെ വിളിക്കാം.

കേരളത്തിൽ ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുൻ‍ഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡർ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയൻ തടങ്ങളില്‍ നിന്നുള്ളവരെത്രെ,. മരുമക്കത്തായികളായ ഇവർ ഭൂമി, സൂര്യൻ, അമ്മദൈവം, സർപ്പം എന്നിങ്ങനെ വിവിധ ആരാധനാ രീതികള്‍ അവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ ‌കാവുകളും മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു. അമ്മ ദൈവത്തെയാണ്‌ കാവുകളില് ആരാധിച്ചിരുന്നത്. ആദിവാസികൾ വേട്ടദൈവങ്ങളേയും മല ദൈവത്തേയും ആരാധിച്ചു പോന്നു.

കേരളത്തിൽ ആദ്യമായി എത്തിയ മതം ജൈനമതവും അതിനെ പിന്തുടർന്ന് ബുദ്ധമതവുമായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇന്നു കാണുന്ന പുരാതന ഹൈന്ദവ ക്ഷേത്രങ്ങള്‍ പലതും ബുദ്ധന്മാരോ, ജൈനരോ ആരാധിച്ചിരുന്ന ക്ഷേത്രങ്ങളെ പിടിച്ചെടുത്തവയോ അല്ലെങ്കില്‍ ബുദ്ധരുടെയും, ജൈനരുടെയും നിഷ്കാസനത്തിനു ശേഷം പുനര്‍നിര്‍മ്മിക്കപ്പെട്ടവയോ ആണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും അതേപടി പിന്തൂടരുന്ന ക്ഷേത്രങ്ങള്‍ പോലും ഇന്നും നിലനില്‍ക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാ‍ണുന്ന കെട്ടു കാഴ്ച്ചകള്‍ ബുദ്ധമതാചാരവുമായി ബന്ധപ്പെട്ടതാണെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു.തെയ്യവും, പടയണിയും ബുദ്ധമത അനുഷ്ടാനങ്ങളായിരുന്നു എന്ന് ചരിത്രക്കാരന്മാര്‍ അവകാശപ്പെടുന്നു.

മഹാക്ഷേത്രങ്ങളിലെ ശ്രീകോവിലുകള്‍ മിക്കവയും ദീര്‍ഘ വൃത്താകൃതിയിലോ ദീര്‍ഘ ചതുരാകൃതിയിലോ നിര്‍മ്മിച്ചവയാണ്. വടക്കേ ഇന്‍ഡ്യന്‍ ക്ഷേത്രങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ തടികളാല്‍ തീര്‍ത്ത നിര്‍മ്മിതി കൂടുതലായി കാണപ്പെടുന്നതിനു പണ്ടുണ്ടായിരുന്ന നിബിഡ വനസമൃദ്ധി തന്നെ കാരണം. വലിയ പാറകള്‍ ചെത്തി മിനുക്കി തീര്‍ത്ത ശക്തമായ തറകള്‍ക്കു മുകളില്‍ പാറകള്‍ ചെത്തി മിനുക്കിയതൊ അല്ലെങ്കില്‍ തടിയില്‍ തീ‍ര്‍ത്തതോ അല്ലെങ്കില്‍ പാറയൂടെയും, തടിയുടെയും മിശ്രഭാവത്തിലോ ഭിത്തികള്‍ തീര്‍ത്തിരിക്കുന്നു. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒഴികെ കേരളത്തിലെ ഒട്ടു മിക്ക മഹാ ക്ഷേത്രങ്ങള്‍ക്കും തടിയിലും ഓടിലും തീര്‍ത്ത മേല്‍ക്കൂരകളാണ് ഉള്ളത്. അപൂര്‍വ്വം ചില ക്ഷേത്രങ്ങളോ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ചില ഭാഗങ്ങളോ പാറകള്‍ അടുക്കി മനോഹരമാക്കിയിരിക്കുന്നതായും കാണുന്നു. ഇന്ന് അവയെല്ലാം ചെമ്പു തകിടുകള്‍ക്കോ, സ്വര്‍ണ പാളികള്‍ക്കോ വഴിമാറി എന്നതു വിചിത്രമായ മറ്റൊരു വസ്തുത. അപൂര്‍വ്വം ക്ഷേത്രങ്ങള്‍ ഒന്നിലധികം നിലകളിലും കാണപ്പെടുന്നു.

ക്ഷേത്രങ്ങള്‍ നില നില്‍ക്കുന്നിടത്തോളം കാലം അത് കലകളുടെയും, കലാകാരന്മാരുടെയും സംഗമസ്ഥാനങ്ങളായി നിലനില്‍ക്കും എന്നതില്‍ സംശയം ഇല്ല. ചെണ്ടയും, നാഗസ്വരവും, പഞ്ച വാദ്യവും, കളമെഴുത്തും, അഷ്ടപദി പാട്ടും മാത്രമല്ല പൂജകള്‍ക്കൊപ്പമുള്ള ശംഖൊലിയും, മണിനാദങ്ങളും വരെ കലകളായി വിശേഷിപ്പിക്കപ്പെടുന്നു. അതേ പോലെ ക്ഷേത്ര നിര്‍മ്മാണവും അത്യപൂര്‍വ്വങ്ങളായ കലകളുടെ കൂടിച്ചേരലുകളാണ്. ശില്‍പ്പകലയും, ചിത്ര കലയും സംഗമിക്കുന്ന മറ്റൊരിടം കണ്ടെത്തുക പ്രയാസം തന്നെ.

ക്ഷേത്രത്തെയും, ക്ഷേത്രാചാരങ്ങളേയും കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന കുലര്‍ണവ തന്ത്രയില്‍ ക്ഷേത്രത്തെ ശിവഭഗവാന്റ ശരീരത്തോട് ഉപമിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രവും ശരീരവുമായി ബന്ധപ്പെട്ട സങ്കല്‍പ്പത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ഏറിയപങ്കും ശരീരസങ്കല്‍പ്പത്തില്‍ തീര്‍ത്തവ തന്നെയാണ്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിന്റെ വിവിധഭാഗങ്ങളെ സങ്കല്‍പ്പിച്ചാണ്. ശ്രീകോവില്‍ അല്ലെങ്കില്‍ ഗര്‍ഭഗുഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗം തലയായും, അകത്തെ ബലിവട്ടം മുഖമായും, നമസ്കാര മണ്ഡപം ഗളമായും, നാലമ്പലം കൈകളായും, പ്രദ്ദിക്ഷണവഴി ഉദരമായും, പുറംമതില്‍കെട്ട് കാലുകളായും, ഗോപുരം കാല്‍പ്പാദങ്ങളായും വിശേഷിക്കപ്പെടുന്നു. ക്ഷേത്രവും പരിസരവും ദേവന്റെ ശരീര ഭാഗങ്ങളായും, അവിടെ കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശക്തിയെ പരമശിവന്റെ ആത്മാശമായും ക്ഷേത്രകൊടിമരം ഭഗവല്‍ശക്തിയെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന നാഡീവ്യൂഹങ്ങള്‍ അടങ്ങിയ നട്ടെല്ലായും കരുതപ്പെടുന്നു. ദേവന്മാരുടെ ദേവന്‍ എന്ന് ശിവഭഗവാനെ കരുതുന്നതിനാലാണ്  ക്ഷേത്രങ്ങളില്‍ കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശക്തിക്കതീതമായി ഏതൊരു ക്ഷേത്രത്തെയും ശിവഭഗവാന്റെ ശരീരത്തോട് ഉപമിക്കുന്നത്.

ഇനി ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങളെ കുറിച്ചും അതിന്റെ നിര്‍മ്മാണ രീതിയെ കുറിച്ചും അല്‍പ്പം വിശദീകരിക്കാം.

ബിംബം അഥവാ വിഗ്രഹം.
🌹🌹🌹🌹🌹🌹🌹🌹

ബിംബം എന്ന വാക്കിന്റെ അര്‍ത്ഥം പ്രതിനിധി എന്നും, വിഗ്രഹം എന്നാല്‍ രൂപം എന്നുമാണ്. ബിംബം അഥവാ വിഗ്രഹമാണ് ഒരു ക്ഷേത്രത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കപ്പെടുന്നത്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തനിലേക്ക് നേരിട്ടു ഭക്തിപരമായ സംവേദനം നടത്തുന്നത് ദേവന്റെ പ്രതിനിധി എന്നോ, ദേവന്റെ പ്രതിബിംബം എന്നോ വിശേഷിപ്പിക്കുന്ന വിഗ്രഹമാണ്.   മഹാക്ഷേത്രങ്ങളില്‍ വിഗ്രഹം കുടികൊള്ളുന്നത് ഭൂമിശാസ്ത്രപരമായി ക്ഷേത്രത്തിന്റെ മദ്ധ്യഭാഗത്താണ്. ക്ഷേത്ര വിഗ്രഹങ്ങള്‍ പൊതുവെ ശില്‍പ്പികള്‍ അവരുടെ ഭാവനയില്‍ തീര്‍ത്ത ദേവീ ദേവ രൂപങ്ങള്‍ കല്ലുകളിലോ, മരത്തിലോ, പഞ്ച ലോഹങ്ങളിലോ തീര്‍ത്തവയാവും. സ്വയംഭൂ എന്നു വിശേഷിക്കപ്പെടുന്ന രൂപമില്ലാത്ത ധാരുക്കളും ഒട്ടനവധി ക്ഷേത്രങ്ങളില്‍ ബിംബങ്ങളായി പൂജിക്കപ്പെടുന്നു. കേരളത്തിലെ ഗ്രാമക്ഷേത്രങ്ങളില്‍ ഏറിയപങ്കും ഇത്തരം രൂപമില്ലാത്ത ധാരുശിലകളെ പൂജിക്കുന്നവയാണ്. പ്രസിദ്ധമായ ശബരിമല ക്ഷേത്ര വിഗ്രഹവും സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരം ക്ഷേത്രങ്ങളിലെ സ്വയംഭൂ ശിലകള്‍ക്ക് മുന്നില്‍ സങ്കല്‍പ്പ ദേവന്റെ രൂപങ്ങള്‍ പഞ്ചലോഹത്തിലോ, സ്വര്‍ണത്തിലോ തീര്‍ത്ത് ഭക്തര്‍ക്ക് സംവേദ യോഗ്യമാക്കി തീര്‍ത്തിരിക്കുന്നതായും കാണപ്പെടുന്നു. അത്തരം ഒരു ശിലയാണ് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഒരുക്കിയിരിക്കുന്ന നാം പുറമേ നിന്നു കാണുന്ന അയ്യപ്പ വിഗ്രഹം. വിഗ്രഹങ്ങള്‍ പൂര്‍ണകായത്തിലും, അര്‍ദ്ധകായത്തിലും ഇതൊന്നും അല്ലാതെ വെറും മുഖം മാത്രമായും കാണപ്പെടുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെ മഹാക്ഷേത്രങ്ങളില്‍ പലതിലും പൂര്‍ണകായ വിഗ്രഹങ്ങള്‍ നമ്മുക്ക് ധര്‍ശിക്കാം. ' ക്ഷേത്രങ്ങളെ സംബദ്ധിച്ചുള്ള ഐതീഹങ്ങളാണ് വിഗ്രഹങ്ങളുടെ രുപവും, ഭാവവും നിശ്ചയിക്കപ്പെടുന്നത്.

ശ്രീകോവില്‍ 
🌹🌹🌹🌹

ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ടാഗ്രഹമാണ് ശ്രീകോവില്‍. ദേവന്റെ വാസസ്ഥലം എന്ന അര്‍ത്ഥത്തില്‍ ശ്രീ അല്ലെങ്കില്‍ ഐശ്വര്യം വസിക്കുന്ന ഇടം ശ്രീകോവില്‍ എന്നു വിളിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും പരിപാവനമായ ഈ ഇടത്തിലേക്ക് താന്ത്രികവിദ്യകളില്‍ പ്രാവീണ്യം നേടിയ ക്ഷേത്ര പൂജാരിമാര്‍ക്കോ, ക്ഷേത്ര തന്ത്രികള്‍ക്കോ മാത്രമേ പ്രവേശനമുള്ളു. മുന്‍പ് ബ്രാഹ്മണ കുലത്തില്‍ പെട്ട ആഡ്യവിഭാഗത്തിനു മാത്രം വിധിച്ചിരുന്ന താന്ത്രികവിദ്യ ഇന്നു സാധാരണക്കാരനു പോലും സ്വായത്തമാക്കാമെന്നതിനാല്‍ പണ്ടുകാലത്തെ പോലെ ശ്രീകോവിലില്‍ ബ്രാഹ്മണകുലജാതര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന നിഷ്കര്‍ഷ ഇന്നു നിലവിലില്ല. താന്ത്രിക വിദ്യകളില്‍ പ്രാവീണ്യമുള്ള  ശുദ്ധവൃത്തിയുള്ള ഏതൊരു ഹിന്ദുമതവിശ്വാസിക്കും ഇന്നു ശ്രീകോവിലില്‍ പ്രവേശിക്കാം. ശ്രീകോവിലിന് സാധാരണയായി വലുപ്പം കുറഞ്ഞ ഒരു പ്രധാന വാതില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ജനലുകളോ വെളിച്ചം കടക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങളോ ഉണ്ടായിരിക്കില്ല. ശ്രീകോവിലിന്റെ വാതിലിന്റെ മദ്ധ്യഭാഗത്തു നിന്ന് വരക്കുന്ന നേര്‍‌രേഖ പുറത്ത് ഗോപുര വാതിലിന്റെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മ്മിതി. അതിനാല്‍ തന്നെ ശ്രീകോവിലില്‍ കുടിയിരുത്തിയിരിക്കുന്ന ദേവാംശവിഗ്രഹത്തെ പുറത്ത് ഗോപുരവാതിലില്‍ എത്തുമ്പോള്‍ തന്നെ ഒരു തടസ്സവും കൂടാതെ ദര്‍ശിക്കാന്‍ കഴിയും. ക്ഷേത്ര വിഗ്രഹത്തിലേക്ക് വെളിച്ചം വീഴ്ത്തുന്ന ഏക കവാടം അതിന്റെ പ്രധാന കവാടം മാത്രമായതിനാലും, കവാടത്തിന്റെ ഏതാണ്ട് ഏറിയപങ്കും മേല്‍ക്കൂരയാല്‍ മറക്കപ്പെട്ടിരിക്കുന്നതിനാലും വിഗ്രഹത്തിലേക്ക് വെളിച്ചം പകരുവാന്‍ ശ്രീകോവിലുനുള്ളില്‍ ധാരാളം തൂക്കുവിളക്കുകള്‍ പ്രകാശിപ്പിക്കാറുണ്ട്. ഒപ്പം വിഗ്രഹത്തിന്റെ ശിരസ്സിനു പിറകിലായി അതീവ വികരണശേഷിയുള്ള വൃത്താകൃതിയില്‍ തീര്‍ത്ത ദര്‍പ്പണം വിഗ്രഹത്തിന് കൂടുതല്‍ ശോഭ പകരും. ഈ ദര്‍പ്പണത്തെ ചന്ദ്രപ്രഭ എന്നറിയപ്പെടുന്നു. മഹാക്ഷേത്രങ്ങളിലെ ശ്രീകോവിലുകള്‍ വലുപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നതു പോലെതന്നെ അതിന് പുറത്ത് കാണുന്ന പ്രധാന ഭിത്തികള്‍ക്കുള്ളിലായി ഒന്നിലധികം ഇടനാഴികളും ഭിത്തികളും കാണപ്പെടും. പൂജാകര്‍മ്മങ്ങളുടെ ഭാഗമായി പൂജാരികള്‍ക്ക് ദേവനെ വലംവെയ്ക്കുന്നതിനും, പൂജാദ്രവ്യങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ഈ ഇടനാഴികള്‍ ഉപയോഗിക്കുന്നു.

മിക്ക മഹാക്ഷേത്രങ്ങളുടെയും ശ്രീകോവിലുകള്‍ വൃത്താകൃതിയിലോ,  ദീര്‍ഘ വൃത്താകൃതീയിലോ കാണപ്പെടുന്നു. ഗ്രാമക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍ ചതുരാകൃതിയിലോ, ദീര്‍ഘചതുരാകൃതിയിലോ കാണപ്പെടുന്നു. ശബരിമല ക്ഷേത്രം മഹാക്ഷേത്ര സങ്കല്‍പ്പത്തില്‍ നിര്‍മ്മിച്ചതല്ലാത്തതിനാല്‍ ആ ക്ഷേത്രത്തിന് ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീകോവിലാണുള്ളത്. എന്നാല്‍ ചതുരാകൃതിയില്‍ ശ്രീകോവിലുകള്‍ നിര്‍മ്മിച്ചിരിക്കുന്ന മഹാക്ഷേത്രങ്ങളും, വൃത്താകൃതിയില്‍ ശ്രീകോവിലുകള്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രാമക്ഷേത്രങ്ങളും അപൂര്‍വ്വങ്ങളുമല്ല. വനദുഃര്‍ഗയെ ഉള്‍പ്പെടെ ചില ഉഗ്രമൂര്‍ത്തികളെ ആരാധിക്കുന്ന  അപൂര്‍വ്വം ചില ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളുടെ വിഗ്രഹത്തിനു തൊട്ടുമുകളിലുള്ള മേല്‍ക്കൂരയുടെ ഭാഗം തുറന്നു കാണപ്പെടുന്നു. പ്രകൃതിയുടെ മാറിവരുന്ന രൂപഭാവങ്ങള്‍ വിഗ്രഹത്തിലേക്ക് നേരിട്ടെത്തുക എന്ന സങ്കല്‍പ്പമാണ് ഇതിനു പിന്നില്‍.

വിഗ്രഹം ഭൂമിശാസ്ത്രപരമായി ക്ഷേത്രത്തിന്റെ മദ്ധ്യത്തിലായിരിക്കും എന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട് തന്നെ വിഗ്രഹതില്‍ നിന്നും ശ്രീക്കോവിലിന്റെ പുറംഭിത്തിയിലേക്കുള്ള അളവും ഏതു ഭാഗത്ത് നിന്ന് നോക്കിയാലും സമം ആയിരിക്കും. പുതുക്കിപണിയുന്ന ക്ഷേത്രങ്ങളുടെ മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റുകള്‍ക്ക് വഴിമാറുന്നുണ്ടെങ്കിലും പഴയ നിര്‍മ്മിതിയിലുള്ള ക്ഷേത്രങ്ങളുടെ തടിയിലും മേച്ചിലോടിലും തീര്‍ത്ത മേല്‍ക്കൂരകളുടെ സംഗമസ്ഥാനവും വിഗ്രഹത്തിന് തൊട്ടു മുകളിലായിരിക്കും. ചരിച്ചു നിര്‍മ്മിച്ച ഇത്തരം മേല്‍ക്കൂരകളുടെ സംഗമാസ്ഥാനത്തിനെ “താഴികക്കുടം” എന്നു വിളിക്കപ്പെടുന്നു. ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്ര ശ്രിക്കോവിലുകള്‍ക്ക് മിന്നല്‍ രക്ഷാകവചം കൂടി തീര്‍ക്കുന്ന നിലയില്‍ ചെമ്പിലോ, പഞ്ചലോഹത്തിലോ നിര്‍മ്മിച്ച താഴികക്കുടങ്ങള്‍ ക്ഷേത്രങ്ങല്‍ക്ക് പ്രത്യേക ചാരുത പകരുന്നവകൂടിയാണ്. ക്ഷേത്ര നിര്‍മ്മാണ വേളയില്‍ താഴികക്കുടം പ്രതിഷ്ടാ ചടങ്ങ് നിര്‍മ്മാണശേഷമുള്ള മൂര്‍ത്തി പ്രതിഷ്ടാ ചടങ്ങിനോളം വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഏതു ചെറു ക്ഷേത്രത്തിനും താഴികക്കുടം നിര്‍ബന്ധമാണ്. ശ്രീകോവിലിനെ ശിവഭഗവാന്റെ ശിരസ്സായി സങ്കല്‍പ്പിക്കുന്നതിനാല്‍ താഴികക്കുടം ഭഗവാന്റെ മുടിക്കെട്ടായി വിശ്വസിച്ച് ആരാധിക്കുന്നു. ഭക്തര്‍ പ്രദിക്ഷിണ വേളയില്‍ ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ നിന്ന് താഴികക്കുടം നോക്കി തൊഴുത് വന്ദിക്കുന്നത് ഭഗവല്‍പ്രസാദനത്തിന് വഴിയൊരുക്കും എന്നും വിശ്വസിക്കപ്പെടുന്നു. 

ക്ഷേത്ര ശ്രീകോവിലുകള്‍ പൊതുവെ തടിയുടെയും, കല്ലുകളുടെയും ഒരു മിശ്രണമാണ്. ചെത്തി മിനുക്കിയ കല്ലുകളാല്‍ തീര്‍ത്ത തറയില്‍ വിഗ്രഹം പ്രതിഷ്ടിക്കാനായി പ്രത്യേക ഇടമൊരുക്കും. മഹാക്ഷേത്രങ്ങളുടെ ശ്രീകോവില്‍ ഭിത്തികളും കല്ലില്‍ തീര്‍ക്കപ്പെട്ടവയായി കാണപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ പുതുക്കി പണിത പലക്ഷേത്രങ്ങളുടെയും ശ്രീകോവില്‍ ഭിത്തികള്‍ ചുണ്ണാമ്പും, കക്കയും ചേര്‍ത്ത മിശ്രിതത്തില്‍ ചെങ്കല്ലുകളാല്‍ തീര്‍ത്തതാണ്. ഇപ്പോള്‍ പുതുക്കി പണിയുന്നവ ഇന്നത്തെ ആധുനിക നീര്‍മ്മാണ രീതിയില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ചുമാണ്  നിര്‍മ്മിക്കുന്നത്. 

ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും. ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.

സോപാനം
🌹🌹🌹

അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. ക്ഷേത്ര ശ്രീകോവിലിന്‍റെ സാധാരണ തറയില്‍ നിന്നുള്ള ഉയര്‍ച്ചക്ക് അനുസൃതമായി മൂന്നു മുതല്‍ പത്തുവരെ പടിക്കെട്ടുകള്‍ സോപാനത്തിനുണ്ടാവും.  നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. സോപാനത്തിന് ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം. ഇത് ദ്വാരപാലകര്‍ ആണ്. ഉഗ്രമൂര്‍ത്തികളുടെ ദാരു ശില്‍പ്പങ്ങളെയാണ് ദ്വാരപാലകര്‍ ആയി ചിത്രീകരിക്കുക. പുരാണ കഥകളില്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മൂര്‍ത്തികളുടെ കാവലാളുകള്‍ അല്ലെങ്കില്‍ പ്രധാന പോരാളികളായി ആരെയാണോ പ്രതിപാദിച്ചിരിക്കുന്നത് അവരായിരിക്കും പ്രധാനമായും ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍. മഹാക്ഷേത്രങ്ങളില്‍ നിരവധി ദാരുശില്‍പ്പങ്ങള്‍ ഉണ്ടാവാം. എന്നാല്‍ സാധാരണ ക്ഷേത്രങ്ങളില്‍ സോപാനത്തിന് ഇരുവശങ്ങളില്‍ മാത്രം ദാരു ശില്‍പ്പങ്ങള്‍ കണ്ടുവരുന്നുള്ളൂ. ദ്വാരപാലകര്‍ എന്ന് അറിയപ്പെടുന്നത് സോപാനത്തിന് ഇരുവശവും മാത്രം കുടികൊള്ളുന്ന ദാരുശില്‍പ്പങ്ങളെയാണ്.

ദ്വാരപാലകര്‍ ഇല്ലാത്ത  സാധാരണ സോപാന പടിക്കെട്ടുകളും ചില ഗ്രാമക്ഷേത്രങ്ങളില്‍ കണ്ടുവരുന്നു.  മഹാക്ഷേത്രങ്ങളില്‍ സോപാന പടിക്കെട്ടുകള്‍ പല മടക്കുകളായി കാണപ്പെടുന്നു. പടിക്കെട്ടുകളുടെ ഇരുവശത്തും വ്യാളീമുഖങ്ങളോ ഗരുഡന്‍, യക്ഷി എന്നിങ്ങനെ ഉപാസനാ മൂര്‍ത്തികളുടെ മുഖങ്ങളോ കൊത്തിവയ്ക്കുന്നതും പതിവാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ സോപാന പടികളില്‍ ചവിട്ടി ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാനുള്ള അധികാരം ക്ഷേത്ര പൂജാരികളില്‍ മാത്രം അവകാശപ്പെട്ടിരിക്കുന്നു. സോപാനകെട്ടും, അതിന്‍റെ വശങ്ങളിലെ ദാരു ശില്‍പ്പങ്ങള്‍, ശ്രീകോവില്‍ വാതില്‍ എല്ലാം ചേര്‍ന്ന് കേരള ശില്‍പ്പകലയുടെ, കരവിരുതിന്‍റെ മഹനീയമായ ഒരു കാഴ്ച നമ്മുക്ക് സമ്മാനിക്കുന്നു.  സോപാനത്തെ പ്രതിപാദിക്കുമ്പോള്‍ സോപാന സംഗീതത്തെ കുറിച്ച് പറയാതെ പോകുന്നത് ആ കലയോട് കാണിക്കുന്ന നീതികേടാവും. സോപാന പടിക്കെട്ടിന് അടുത്ത് നിന്ന് പ്രധാന പൂജാസമയത്ത് ദേവനെ പ്രകീര്‍ത്തിച്ച് ഉടുക്കിന്റെ താളപ്പെരുമയില്‍ പാടുന്ന പാട്ടുകളെ സോപാന സംഗീതം എന്ന് വിളിക്കപ്പെടുന്നു. 

പ്രദിക്ഷണ വട്ടം/ അകത്തെ ബലിവട്ടം 
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

നാലമ്പലത്തിനുള്ളില്‍ കടക്കുന്ന ഭക്തര്‍ക്ക് ദേവനെ പ്രദിക്ഷണം ചെയ്യാനുള്ള ഇടമാണ് പ്രദിക്ഷണവട്ടം അഥവാ ബലിവട്ടം. പ്രധാന ദേവനെ അധികരിച്ച് പ്രദിക്ഷണത്തില്‍ വൈവിദ്ധ്യത നിലനില്‍ക്കുന്നു. ആ വൈവിദ്ധ്യത പ്രദിക്ഷണ വട്ടത്തിലും കാണാം. ഉദാഹരണത്തിന് ശിവപാര്‍വ്വതി പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങളില്‍ പ്രദിക്ഷണ വട്ടം തെക്ക് പുറത്തുള്ള അഭിഷേക തൂമ്പില്‍ (നാളം) മുറിയുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. പ്രദിക്ഷണവട്ടവും അതിന്‍റെ മറ്റു വശങ്ങളും കൊത്തിയെടുത്ത കല്ലുകള്‍ പാകി മനോഹരമാക്കിയവയാണ്. പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു. 

കിഴക്കിന്‍റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവന്റെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിന്റെ അധിപന്‍. തെക്കു പടിഞ്ഞാറ് ബലിക്കല്ലില്‍ ആവേശിക്കേണ്ടത്‌ ആ ദിക്കിന്‍റെ ദേവനായ നിരൃതിയെയാണ്‌. വരുണന്‍ പടിഞ്ഞാറുദിക്കിലും, വായുദേവന്‍ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌. ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം. ഇവരെ കൂടാതെ ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍,കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. നാലമ്പലത്തിനു അകത്തെ ബലിക്കല്ലുകള്‍ കൂടാതെ നാലമ്പല മതിലിനു പുറത്തും ബാലിക്കല്ലുകള്‍ പ്രതിഷ്ടിക്കപ്പെടുന്നു. വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ക്ഷേതങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.

ബലിക്കല്ലുകളിലെ ദേവസങ്കല്‍പ്പങ്ങളെ ക്ഷേത്രദേവതകളെ എന്നപോലെ പരിഗണിച്ച് പൂജയും നിവേദ്യവും നല്‍കുന്ന പല ആരാധനാ രീതികളും നിലവിലുണ്ട്. അതില്‍ പ്രധാന ചടങ്ങാണ് ശീവേലി. ദിനേന ഉച്ചപൂജയോട് അനുബന്ധമായി എല്ലാ മഹാക്ഷേത്രങ്ങളിലും ഈ ചടങ്ങ് ദര്‍ശിക്കാന്‍ സാധിക്കും. ചെറുക്ഷേത്രങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ പ്രധാന ഉത്സവദിവസങ്ങളില്‍ മാത്രം നടത്തപ്പെടുന്നു.  തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തോട് അനുബന്ധിച്ച് ബലിദേവതകളുടെ പ്രീതിക്കുവേണ്ടി നടത്തപ്പെടുന്ന പൂജകയെ ഉത്സവബലി എന്ന് അറിയപ്പെടുന്നു. ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിഴിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു എന്ന അതീവ ദുഖത്തോടെ സ്മരിക്കുന്നു...


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ