നചികേതസ്സ്- ഭാഗം 1-3

🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻

*നചികേതസ്സ്- ഭാഗം 1*



     ഉപനിഷത്തുക്കളിൽ വളരെ പ്രസിദ്ധിയേറിയതും, കൃഷ്ണയജുർവേദത്തിന്റെ കഠശാഖയുടെ അന്തർഭാഗവുമായ കഠോപനിഷത്തിലാണ്, 
യമന്റെയും നചികേതസ്സിന്റെയും സംവാദരൂപത്തിൽ *പരമാത്മാവിന്റെ രഹസ്യ തത്വത്തെ* വർണ്ണിച്ചിരിക്കുന്നത്.

    ഗൗതമ വംശജനായ അരുണന്റെ പുത്രനായിരുന്നു ഉദ്ദാലകമഹർഷി .അദ്ദേഹത്തിന് നചികേതസ്സ് എന്ന പേരുള്ള പ്രസിദ്ധനായ ഒരു പുത്രനുണ്ടായിരുന്നു. ഒരു ദിവസം ഉദ്ദാലകൻ ഫലാഭിലാഷത്തോടെ വിശ്വജിത് എന്ന ഒരു മഹായാഗം നടത്തുകയുണ്ടായി. ഈ യജ്ഞത്തിൽ അദ്ദേഹത്തിന്
തന്റെ സർവ്വസ്വവും ഋഷിമാർക്കും,സദസ്യർക്കുമായി  ദാനം  ചെയ്യേണ്ടതായും വന്നു.

    ഉദ്ദാലകന്റെ കൈവശം ധാരാളമായി ഉണ്ടായിരുന്ന ഗോധനം, പ്രധാനപ്പെട്ട ഋത്വിക്കുകൾക്ക് എല്ലാം ദക്ഷിണയായി നൽകാനുള്ള ഏർപ്പാടുകൾ അദ്ദേഹം ചെയ്തു. പക്ഷേ, തീരെ ആരോഗ്യമില്ലാതെ, ഗർഭധാരണ ശേഷിയോ, പാലുൽപ്പാദനമോ, നടത്താൻ കഴിയാത്ത വിധം മരണത്തോടടുത്തിരിക്കുന്ന വിധത്തിലുള്ള പശുക്കളെയായിരുന്നു ഉദ്ദാലകൻ ദക്ഷിണ നൽകാനായി കൊണ്ടുവന്നിരുന്നത്. ഉദ്ദാലകന്റെ പുത്രനായ നചികേതസ്സിന് തന്റെ അച്ഛന്റെ ഈ പ്രവൃത്തി ഒട്ടും ശരിയായി തോന്നിയില്ല. "ഉപയോഗശൂന്യമായ ഒരു വസ്തു മറ്റുള്ളവർക്ക് കൊടുക്കുന്നതിനെ ദാനം എന്ന് പറയാനാവില്ല, മറിച്ച് നമുക്ക് ഉപകാരപ്രദവും, പ്രിയപ്പെട്ടതുമായ വസ്തുക്കൾ വേണം ഒരാൾക്ക് ദാനമായി നൽകേണ്ടത്.ഈ ഒരു യാഗത്തിന്റെ അർത്ഥം തന്നെ സർവ്വതും ദാനം ചെയ്യുക, അതായത് സർവ്വ സുഖങ്ങളും, പ്രിയപ്പെട്ടവയും എല്ലാം ത്യജിക്കുക എന്നാണല്ലൊ.
അങ്ങിനെയാണെങ്കിൽ അദ്ദേഹത്തിന്റെ സർവ്വസ്വവുമായ എന്നെ എന്തുകൊണ്ട് അദ്ദേഹം ദാനം ചെയ്തില്ല ?"എന്നിങ്ങനെയുള്ള ചിന്തകളിൽ പെട്ട നചികേതസ്സ്, തന്റെ പിതാവിനെ ഈ കൊടുംപാപത്തിൽ നിന്ന് എങ്ങിനെയും രക്ഷിക്കണമെന്ന വിചാരത്തോടെ തന്നെത്തന്നെ  സ്വയം
ബലിയർപ്പിക്കാൻ തീരുമാനിച്ചു.

                   ഉടൻതന്നെ
നചികേതസ്സ്, ഉദ്ദാലകന്റെ സമീപത്തെത്തി ഇപ്രകാരം പറഞ്ഞു: "പിതാവേ! ഞാനല്ലെ അങ്ങയുടെ ഏറ്റവും വലിയ ധനം ,എന്നെ ആർക്കാണ് അങ്ങ് നൽകുന്നത്?"മകന്റെ ചോദ്യം കേട്ട പിതാവ് മറുപടിയൊന്നും പറഞ്ഞില്ല. രണ്ടാമതും  മൂന്നാമതും ഇതേ ചോദ്യം ആവർത്തിച്ച മകനോട് "നിന്നെ മൃത്യുവിനാണ് കൊടുക്കുന്നത്" എന്ന് ഉദ്ദാലകൻ ക്രോധത്തോടെ മറുപടി കൊടുക്കുകയും ചെയ്തു !!

      അച്ഛന്റെ മറുപടി കേട്ട നചികേതസ്സ് ചിന്തിച്ചു: "പുത്രന്മാരും, ശിഷ്യന്മാരും മൂന്നു വിധത്തിലാണുള്ളത്.ഗുരു, പിതാവ് ഇവരുടെ മനോഗതം അറിഞ്ഞ് അവർ ആവശ്യപ്പെടാതെ തന്നെ അവരുടെ മനോവിചാരം സാധ്യമാക്കിക്കൊടുക്കുന്നവൻ ഉത്തമനും,ആജ്ഞ ലഭിച്ചതിനു ശേഷം പ്രവർത്തിക്കുന്നവൻ മധ്യമനും ,അറിഞ്ഞിട്ടും പറഞ്ഞിട്ടും ചെയ്യാത്തവൻ അധമനുമാകുന്നു എന്നാണല്ലൊ പറയുന്നത്. ഞാൻ അധമനല്ല, അച്ഛന് ഹിതമായി മാത്രമെ എപ്പോഴും
പ്രവർത്തിക്കാറുള്ളൂ. പിന്നെന്തിനാണ് അച്ഛൻ എന്നെ മൃത്യുദേവന് കൊടുക്കുമെന്ന് പറഞ്ഞത്? എന്താണ് അദ്ദേഹത്തിന് അതുകൊണ്ടുള്ള പ്രയോജനം?ഒരു പക്ഷേ, ദ്വേഷ്യം വന്നപ്പോൾ  ചിന്തിക്കാതെ പറഞ്ഞു പോയതായിരിക്കാം! എങ്കിലും അദ്ദേഹത്തിന്റെ വാക്ക് തനിക്ക് പാലിച്ചെ മതിയാവൂ !! കാരണം, സ്വന്തം പിതാവിന്റെ വാക്ക് പാലിക്കേണ്ടത് ഒരു മകന്റെ കടമയാണല്ലൊ!!നചികേതസ്സ് ഉറച്ച തീരുമാനവുമായി തന്റെ പിതാവിന്റെ അരികിലെത്തി !!

   സാധാരണയായി നാം കാണുന്നതാണ്, നമുക്ക് ഉപയോഗിക്കാൻ പറ്റാത്തതും, മോശമായതുമായ ചില വസ്തുക്കൾ ദാനമായി കൊടുക്കുന്നത്. നമ്മുടെ വീട് വൃത്തിയാവുകയും ചെയ്തു, ദാനം കൊടുത്തു എന്ന് പേരുമായി .പക്ഷേ, ഇത് നമുക്ക് ദോഷം മാത്രമെ വരുത്തുകയുള്ളൂ. നമുക്ക് ഇഷ്ടപ്പെട്ടതും, ഉപയോഗപ്രദമായതുമായ ഒരു വസ്തു സന്തോഷത്തോടെ നൽകുന്നതിനെ മാത്രമെ ദാനം എന്നു പറയാൻ കഴിയൂ !!ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്നല്ലെ പ്രമാണം!! അതാണ് യജ്ഞം !! ഇന്ന് പ്രശസ്തിക്കുവേണ്ടിയും, സ്ഥാനത്തിനു വേണ്ടിയും നാലാളെ അറിയിച്ച് കാട്ടിക്കൂട്ടുന്നതൊന്നും തന്നെ ദാനമൊ, യജ്ഞമൊ അല്ല !!നാം കഴിക്കുന്ന ആഹാരമായാലും, നമുക്ക് ചെയ്യാൻകഴിയുന്ന ചെറു സഹായമായാലും, ഒരു വാക്കോ, ചെറുപുഞ്ചിരിയോ തന്നെയായാലും മനസ്സോടെ ആത്മാർത്ഥമായി, ഈശ്വരാർപ്പണമായി ചെയ്യുന്നതാണ് ദാനം!!

  ക്രോധം !! ക്രോധത്താൽ സംഭവിച്ചതെന്താണെന്ന് കണ്ടില്ലെ? സ്വന്തം മകനെ മുത്യുവിന് കൊടുക്കുന്നുവെന്നാണ് ഉദ്ദാലകൻ പറഞ്ഞത്. ക്രോധം നമ്മെ ബുദ്ധി നാശത്തിലേക്കും, സർവ്വനാശത്തിലേക്കും എത്തിക്കുമെന്ന് ഗീതയിലും ഭഗവാൻ വ്യക്തമാക്കുന്നുണ്ടല്ലൊ! ഇന്ദ്രിയങ്ങളെ സംയമനം ചെയ്യേണ്ട ആവശ്യകതയും ഇവിടെ നമുക്ക് മനസ്സിലാക്കാം.


  തന്റെ അച്ഛൻ ചെയ്ത തെറ്റായ കാര്യങ്ങൾ ന്യായീകരിക്കാത്ത നചികേതസ്സ് , അച്ഛൻ ക്രോധപൂർവ്വം അറിയാതെ പറഞ്ഞു പോയതാണെങ്കിലും മൃത്യു ദേവന്റെയരികിലേക്ക് പോകാൻ തീരുമാനിക്കുകയാണ് ചെയ്യുന്നത്!  നചികേതസ്സ് തന്റെ അച്ഛന്റെ വാക്ക് പാലിക്കാനായി ഈ ഒരു കഠിനമായ തീരുമാനമെടുക്കുന്നത് കാണുമ്പോൾ, ദശരഥമഹാരാജാവിന്റെയും ശ്രീരാമചന്ദ്രന്റെയും കഥയാണ് ഓർമ്മയിലെത്തുന്നത് !!
പുത്രധർമ്മത്തിന്റെ ഉദാത്ത മാതൃകയാണ് ഈ രണ്ടു കഥകളിലും നമുക്ക് കാണാൻ കഴിയുന്നത് !!


              🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻
*നചികേതസ്സ് - ഭാഗം 2*



    "നിന്നെ മൃത്യുവിനാണ് കൊടുക്കുന്നത്" എന്നുള്ള ഉദ്ദാലകന്റെ വാക്കുകൾ ശ്രവിച്ച നചികേതസ്സ്  "ക്രോധത്താൽ അച്ഛൻ പറഞ്ഞതായിരിക്കാം, അദ്ദേഹത്തെ സാന്ത്വനിപ്പിക്കേണ്ടത് തന്റെ കടമയാണല്ലൊ " എന്ന ചിന്തയോടെ ഏകനായിരിക്കുന്ന തന്റെ പിതാവിന് സമീപത്തെത്തി. ചിന്താകുലനായിരിക്കുന്ന ഉദ്ദാലകനെ ആശ്വസിപ്പിച്ചു കൊണ്ട് നചികേതസ്സ് പറഞ്ഞു: "പിതാവേ! നമ്മുടെ പിതാമഹന്മാരാകട്ടെ, മറ്റു പുരുഷശ്രേഷ്ഠന്മാരാകട്ടെ അവരുടെ ചരിത്രം പരിശോധിച്ചു നോക്കിയാൽ അസത്യം
എന്നത് അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടേയില്ല എന്ന് മനസ്സിലാകും! അയോഗ്യരായ മനുഷ്യർ മാത്രമാണ് അസത്യാചരണങ്ങളിൽ കഴിയുന്നത്. നിത്യതയില്ലാത്ത ഈ ജീവിതത്തിനു വേണ്ടി കർത്തവ്യത്തെ ത്യജിച്ച് അധർമ്മം അനുഷ്ഠിക്കേണ്ട ആവശ്യമില്ല. അതിനാൽ അങ്ങ് ദുഃഖത്തെ ത്യജിച്ച് സത്യം പാലിക്കാനായി എന്നെ അനുവദിച്ചാലും ". തന്റെ പുത്രന്റെ വാക്കുകൾ കേട്ട ഉദ്ദാലകന്, ക്രോധം നിമിത്തം താൻ പറഞ്ഞു പോയ വാക്കുകൾ നിമിത്തം തന്റെ മകനെ യമരാജന് കൊടുക്കേണ്ടതായി വരുമല്ലൊ എന്നാലോചിച്ച് അത്യന്തം ദുഃഖവും, അതോടൊപ്പം തന്നെ തന്റെ പുത്രന്റെ സത്യപരായണതയിൽ സന്തോഷവും തോന്നി!
നചികേതസ്സ് ആവശ്യപ്പെട്ട പ്രകാരം,അദ്ദേഹം അവനെ യമരാജന്റെ അടുക്കലേക്ക് അയക്കുകയും ചെയ്തു!

      യമലോകത്തെത്തിയ നചികേതസ്സ്  യമനെ കാണാഞ്ഞ്, അന്നവും ജലവും കഴിക്കാതെ മൂന്നു ദിവസം അദ്ദേഹത്തെയും പ്രതീക്ഷിച്ച് അവിടെയിരുന്നു. യമരാജൻ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ പത്നി പറഞ്ഞു: " പ്രഭോ!സാക്ഷാൽ അഗ്നി തന്നെയാണോ എന്നു തോന്നുമാറുള്ള തേജസ്സോടുകൂടിയ ഒരു ബ്രാഹ്മണൻ നമ്മുടെ അതിഥിയായെത്തിയിരിക്കുന്നു. ആ ബാലൻ മൂന്ന് ദിവസമായി ജലപാനമില്ലാതെ അങ്ങയെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
അങ്ങ് എത്രയും വേഗം ജലം കൊണ്ടുവന്ന് ആ ബാലന്റെ പാദങ്ങൾ കഴുകിച്ച് ,ശുശ്രൂഷിച്ച് അർഘ്യപാദ്യാദികൾ നൽകി അവനെ ശാന്തനാക്കണം"

     ഏതൊരു ഭവനത്തിലാണോ അതിഥി ബ്രാഹ്മണൻ വിശന്നിരിക്കുന്നത് അവിടെ യാതൊരു വിധ ഐശ്വര്യവും ഉണ്ടാവുകയില്ല എന്നു മാത്രമല്ല സർവ്വത്രനാശം സംഭവിക്കുകയും ചെയ്യും. പുത്രന്മാർ, ഗോക്കൾ, ധനം ഇവയൊക്കെ നശിക്കാനിട വരികയും ചെയ്യും.ഇതറിയാമായിരുന്ന യമരാജൻ, പെട്ടന്ന് തന്നെ നചികേതസ്സിന്റെ അടുത്തെത്തി അർഘ്യപാദ്യാദികളാൽ അവനെ പൂജിക്കുകയുമുണ്ടായി.

     അനന്തരം യമരാജൻ നചികേതസ്സിനോട് പറഞ്ഞു: ബ്രഹ്മദേവ! അങ്ങ് നമസ്ക്കാരാദി സൽക്കാരങ്ങൾക്ക് യോഗ്യനായ അതിഥിയാണ്. എന്റെ നോട്ടക്കുറവ് കാരണമാണ് അതിഥിയായ അങ്ങേയ്ക്ക് മൂന്ന് ദിവസമായി നിരാഹാരം അനുഷ്ഠിക്കേണ്ടി വന്നത്. അങ്ങയെ സൽക്കരിച്ച് സന്തോഷിപ്പിക്കാൻ എന്നെ അനുവദിക്കണം. എന്റെ തെറ്റുകൾ പൊറുത്ത് അങ്ങ് എന്നെ അനുഗ്രഹിക്കണം.
കൂടാതെ അങ്ങ് നിരാഹാര നായിരുന്ന
ഓരോ രാത്രിക്കും പകരമായിട്ട് മൂന്ന് വരങ്ങൾ എന്നോട് ചോദിക്കുകയും വേണം!

  സത്യം, ധർമ്മം:          
             അനിത്യമായ മനുഷ്യജീവിതത്തിൽ
സത്യം, ധർമ്മം മുതലായവ അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്, കാരണം ഇതിന് മാത്രമെ നിലനിൽപ്പുള്ളൂ! അധർമ്മത്തിനും,അധർമ്മികൾക്കും എപ്പോഴും നാശമായിരിക്കും ഫലം.
എവിടെയൊക്കെ അധർമ്മം ഉണ്ടോ അവിടെ ഭഗവാൻ അവതരിച്ച്
ആ അധർമ്മത്തെയെല്ലാം ഇല്ലായ്മ ചെയ്ത് ധർമ്മസംസ്ഥാപനം നടത്തുമെന്നാണല്ലൊ ഗീതയും ഉദ്ഘോഷിക്കുന്നത്. നമ്മുടെ ബുദ്ധിയാകുന്ന ഭഗവാൻ തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ തോന്നുന്ന അധർമ്മത്തെ അമർച്ച ചെയ്ത് ധർമ്മത്തെ പുനഃസ്ഥാപിക്കുന്നത്. അപ്പോഴാണ് നാം ധർമ്മിഷ്ഠരായി മാറുന്നത്. സത്യം ഉള്ള സ്ഥലത്ത് ധർമ്മവും ,ഭഗവദ് സാന്നിദ്ധ്യവും എപ്പോഴും കൂടെയുണ്ടാവും!

അതിഥി:
          തിഥി  നോക്കാതെ നമ്മുടെ വീട്ടിൽ എത്തുന്നയാളാണ് അതിഥി !
നമ്മുടെ വീട്ടിലെത്തുന്ന അതിഥിക്ക് നാം ആദ്യം തന്നെ കുടിക്കാൻ ജലവും, പിന്നീട് ഭക്ഷണവും നൽകി 
ദാഹം,വിശപ്പ് ഇതൊക്കെ ശാന്തമാക്കണം. അതായത് പെട്ടന്നെത്തുന്ന ഒരതിഥി, അതാരായിക്കൊള്ളട്ടെ വിശന്ന് വരികയാണെങ്കിൽ അയാൾക്കാണ് അന്നം നൽകേണ്ടത്, അല്ലാതെ വിശപ്പില്ലാത്ത ഒരാൾക്ക് നിർബന്ധിച്ച് ഭക്ഷണം കൊടുക്കുകയല്ല വേണ്ടത്. "പാത്രമറിഞ്ഞ് വിളമ്പണം "
എന്ന് കേട്ടിട്ടില്ലെ?ആവശ്യക്കാരനാണ് അന്നംകൊടുക്കേണ്ടത് ,അതാണ് പുണ്യവും !! വിശന്നുവലഞ്ഞു വരുന്നവർക്ക് അന്നം നൽകാതിരുന്നാൽ സർവ്വ ഐശ്വര്യങ്ങളും നമ്മിൽ നിന്നകന്നു പോവുകയും ചെയ്യും! 

     "അതിഥി ദേവോ ഭവ " എന്ന ഉൽകൃഷ്ടമായ ഒരു സംസ്ക്കാരത്തിനുടമകളാണ് നാം. വീട്ടിൽ എത്തുന്ന ബന്ധുക്കളെയൊ, സുഹൃത്തുക്കളെയോ വിശപ്പില്ലെങ്കിലും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിനു പകരം വിശന്നുവലഞ്ഞ ഒരാൾക്ക് അന്നം കൊടുക്കുന്നതാണ് പുണ്യം !!അവിടെ ഭഗവാൻ ഒപ്പമുണ്ടാവുക തന്നെ ചെയ്യും!!
🕉️🕉️🕉️🕉️🕉️🙏🏻🕉️🕉️🕉️🕉️🕉️
*നചികേതസ്സ്-ഭാഗം-3*

🙏🏻🕉️

     ധർമ്മജ്ഞനായ യമരാജൻ, മൂന്ന് വരങ്ങൾ നൽകാമെന്ന്  അറിയിച്ചതനുസരിച്ച് നചികേതസ്സ് ,യമനോട്
ആദ്യത്തെ വരം ആവശ്യപ്പെട്ടു: "മൃത്യുദേവാ !! ഗൗതമ വംശജനായ എന്റെ പിതാവ് ക്രോധാവേശത്താൽ പറഞ്ഞ വാക്കുകൾ നിമിത്തമായിട്ടാണല്ലൊ ഞാൻ അങ്ങയുടെ അടുക്കലെത്താൻ ഇടയായത്. ഇപ്പോൾ അദ്ദേഹം ദുഃഖിതനും, അശാന്തനുമാണ്. എനിക്കു വേണ്ടി അദ്ദേഹം ക്രോധരഹിതനും, ശാന്തചിത്തനും, സദാ സന്തുഷ്ടിയുള്ളവനുമായി തീരണം.കൂടാതെ അങ്ങയുടെ അനുവാദത്തോടെ ഞാൻ തിരിച്ച് എന്റെ ഗൃഹത്തിലെത്തുമ്പോൾ, അദ്ദേഹം എന്നെ സ്വന്തം പുത്രനായ നചികേതസ്സ് ആന്നെന്ന് തിരിച്ചറിഞ്ഞ് പഴയതുപോലെ സ്നേഹപൂർവ്വം എന്നോട് പെരുമാറുകയും വേണം.

    നചികേതസ്സ് ആവശ്യപ്പെട്ട പ്രകാരം തന്നെ യമരാജൻ, അദ്ദേഹത്തിന് ആദ്യത്തെ വരം സന്തോഷപൂർവ്വം നൽകുകയുണ്ടായി.
യമൻ പറഞ്ഞു: "മൃത്യു വക്ത്രത്തിൽ നിന്ന് മോചിതനായി തിരികെ ഗൃഹത്തിലെത്തുന്ന നിങ്ങളെ കാണുമ്പോൾ, എന്റെ പ്രേരണയാൽ നിങ്ങളുടെ പിതാവ് ഉദ്ദാലകൻ, സന്തുഷ്ടനാവുകയും, നിങ്ങളെ സ്വന്തം പുത്രനാണെന്ന് തിരിച്ചറിഞ്ഞ് പൂർവ്വാധികം സ്നേഹിക്കുകയും ചെയ്യും. അതോടുകൂടി തന്നെ അദ്ദേഹത്തിന്റെ ക്രോധവും, ദുഃഖവും ശമിക്കുകയും ,കൂടാതെ
പുത്രനെ തിരികെ ലഭിച്ചതിനാൽ അദ്ദേഹത്തിന് സുഖനിദ്ര ഉണ്ടാവുകയും ചെയ്യും!"
തന്റെ പിതാവിന് മംഗളം വരുത്തുവാനായി ചോദിച്ച ആദ്യവരം യമരാജനിൽ നിന്ന് ലഭിച്ചതിനാൽ നചികേതസ്സ് സന്തുഷ്ടനാവുകയും ചെയ്തു.

പുത്രൻ:
പും എന്ന നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവനാരോ അവനാണ് പുത്രൻ.സ്വന്തം മാതാപിതാക്കളെ അവർ ജീവിച്ചിരിക്കുന്ന സമയത്ത് എല്ലാ രീതിയിലും സംരക്ഷിക്കേണ്ടത് ഒരു പുത്രന്റെ കടമയാണ്! അവരുടെ മാനസികമായും, ശാരീരികമായും ഉള്ള വിഷമങ്ങൾ മനസ്സിലാക്കുകയും, അതിനൊക്കെ പരിഹാരം ചെയ്ത് അവർക്ക് താങ്ങായും തണലായും നിൽക്കേണ്ടത് ഒരു പുത്രന്റെ ധർമ്മമാണ്!
മരണശേഷം ചെയ്യുന്ന കർമ്മങ്ങളേക്കാൾ, അവർ ജീവനോടെ ഇരിക്കുമ്പോൾ അവർക്ക് വേണ്ടി ചെയ്തു കൊടുക്കേണ്ടുന്ന കർമ്മങ്ങൾക്കാണ് മക്കൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്!

         ക്രോധാവേശത്താൽ "മൃത്യുവിന് കൊടുക്കും" എന്ന സ്വന്തം പിതാവിന്റെ വാക്ക് പാലിക്കാനായി, സ്വയം മൃത്യുദേവന്റെയരികിൽ എത്തുന്ന നചികേതസ്സ്, തന്റെ അച്ഛന്റെ മംഗളത്തിനായിട്ടാണ് മൃത്യുദേവനോട് വരം ചോദിക്കുന്നത്. ശ്രീരാമചന്ദ്രനെ രാജാവായി വാഴിക്കരുതെന്നും,  പതിനാലു വർഷം കാട്ടിലേക്ക് അയക്കണമെന്നും ശഠിച്ച കൈകേയിക്കു മുന്നിൽ എന്തു മറുപടി പറയണമെന്നറിയാതെ
പരവശനായി നിന്ന  ദശരഥന് സമീപം എത്തിയ ശ്രീരാമചന്ദ്രൻ ചെയ്തതെന്തായിരുന്നു? തന്റെ പിതാവിന്റെ വാക്കുകൾ അസത്യമാവാതിരിക്കാനായി ശ്രീരാമചന്ദ്രൻ, തനിക്ക് അർഹതപ്പെട്ട
രാജസിംഹാസനം സന്തോഷപൂർവ്വം ഉപേക്ഷിക്കുകയും, കാനനവാസത്തിന് പോവുകയുമാണുണ്ടായത് !!
നചികേതസ്സിന്റെയും, ശ്രീരാമന്റെയും കഥകൾ
പുത്രധർമ്മത്തിന്റെ മകുടോദാഹരണങ്ങൾ തന്നെയാണെന്ന് പറയാം !! 

              ഈ വിധത്തിൽ പുത്രധർമ്മം പാലിക്കപ്പെടുകയാണെങ്കിൽ നമ്മുടെ നാട്ടിൽ വൃദ്ധസദനത്തിന്റെ ആവശ്യമേ ഉണ്ടാവില്ലായിരുന്നു!! വൃദ്ധ മാതാപിതാക്കളുടെ കണ്ണീർ ഇനിയെങ്കിലും നമ്മുടെ നാട്ടിൽ വീഴാനിട വരാതിരിക്കട്ടെ!! അവരുടെ വാർദ്ധക്യം സന്തോഷത്തോടെ മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം ചിലവഴിക്കാൻ സാധിക്കട്ടെ!!
                         തുടരും ...

ഹരി ഓം🙏

🕉️🕉️🕉️🕉️🕉️🙏🏻🕉️🕉️🕉️🕉️🕉️

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ