ക്ഷേത്രക്കുളത്തിലെ കുളി*

*ക്ഷേത്രക്കുളത്തിലെ കുളി*

ക്ഷേത്രം സമൂഹത്തിന്റെ  തന്നെ ഭാഗമായിരുന്ന ഒരു കാലഘട്ടത്തിൽ സ്ത്രീപുരുഷഭേദമന്യേ സകല ജനങ്ങളും തങ്ങളുടെ സ്നാനത്തിനായി ഉപയോഗിച്ചിരുന്നത് ക്ഷേത്രത്തിലെ കുളം ആയിരുന്നു.

മലിനമായ ശരീരമോ മനസ്സോ പവിത്രമായ ഈശ്വരാരാധന എന്ന കർമ്മത്തിന്നു സഹായകമാവുകയില്ലല്ലോ . ബാഹ്യശുദ്ധിക്കു പുറമെ കൃഛ്റങ്ങളായ യമനിയമാദികൾ അനുഷ്ഠിച്ചശേഷം മാത്രമാണ് സുഖാസനത്തിലിരുന്നും പ്രാണാ യാമാദിക്രിയകൾ അനുഷ്ഠിക്കുവാനും ആദ്ധ്യാത്മിക സൗധത്തിന്റെ ഉന്നത മൺഡലങ്ങളിലേക്ക് കയറുവാനും യോഗ ശാസ്ത്രം അനുശാസിക്കുന്നത് . ഈ ബാഹ്യാഭ്യന്തരശുദ്ധി തന്നെയാണ് , ദേവതാ ദർശനത്തിനു മുമ്പ് സ്നാനം ചെയ്യണമെന്ന ആചാരത്തിന്റെ അടിസ്ഥാനം . 

സ്നാനാന്തരദേഹത്തിന്  ഒരു കുളിർമ്മയും ഓജസ്സും കിട്ടുന്നതോടൊപ്പം മനസ്സിനു ഒരു തെളിച്ചവും ഉണർവും കൈവരുന്നു എന്നതും അനുഭവൈകവേദ്യമായ ഒരു കാര്യമാണ് . പക്ഷെ കുളിച്ച് സ്ഥൂലദേഹത്തിന്റെ തൊലിപ്പുറം മാത്രം വൃത്തിയാക്കുകയല്ല ഇവിടെ സ്നാനം കൊണ്ടുദ്ദേശിക്കുന്നത് . ഈശ്വരചൈതന്യത്തിൽ ആറാടുക എന്ന ആന്തരികപ്രക്രിയ കൂടി അവിടെ നടക്കേണ്ടതുണ്ടു് . പരബ്രഹ്മത്തിന്റെ , അത്യന്നതമായ മേഖലകളിൽ നിന്നും ഏററവും സ്ഥൂലമായ പ്രഥ്വീതലം വരെ ഒഴുകിവരുന്ന സൃഷ്ട്യൻമുഖമായ ഈശ്വരചൈതന്യത്തിൻറെ പ്രതീകമായിട്ടാണ് വൈദിക ക്രിയകൾ  ആപസ്സിനെ  അല്ലെങ്കിൽ ജലത്തെ കൽപി ച്ചിട്ടുള്ളത് . ആ ജലത്തിലാണല്ലോ നാം നിമജ്ജനം ചെയ്യുന്നത് . സാധകനിൽ ഉറങ്ങിക്കിടക്കുന്ന ദൈവിക ശക്തി ഉണർന്ന് ശിരസ്സിന്റെ ഉപരിതലത്തിലുള്ള ബ്രഹ്മരന്ധ്രത്തോളം ഉയരുകയും അവിടെയുള്ള പരമാത്മ ചൈതന്യത്തോടു സമ്മിളിതമാകുകയും ചെയ്യുമ്പോൾ ഉണ്ടാവുകയും ചെയ്യുന്ന ആനന്ദമയ സ്വരൂപമായ 72000 നാഡി ഞരമ്പുകളിലൂടെയും ഒഴുകിവന്ന്  ദേഹമാകെ ആപ്ലവനം ചെയ്തിരിക്കുന്ന ഒരു പരമാനന്ദ പ്രവാഹം യോഗികളുടെ ഒരു അനുഭൂതിയാണ് . ഇതുതന്നെയാണ് വൈദിക ഋഷികളുടെ ആപസ്തത്വം . അതിനാൽ വൈദിക സ്നാനത്തിൻറെ ഒരത്യാവശ്യ ഘടകമാണ് ആപോഹിഷ്ഠാതി ഋക്കുകളെ കൊണ്ട് ജപിച്ചു തളിക്കൽ . സ്തൂല സൂക്ഷ്മ ശരീരത്തിൽ ഉണ്ടായേക്കാവുന്ന സകല വിധ മാലിന്യങ്ങളെയും  കഴുകിക്കളഞ്ഞ് ദേഹത്തിൽ ഈശ്വരന്റ  വാസഗൃഹത്തിന്  ഉതകുന്ന പവിത്രത അണിയിക്കുന്നു .ഗംഗാദി തീർത്ഥ സ്നാനങ്ങളിൽ പാപമോചനം ഉണ്ടാകുന്നുവെന്ന് അടിസ്ഥാനവും ഇതുതന്നെയാണ് . ആധ്യാത്മിക അനുഭൂതിയുടെ പരമകാഷ്ഠ ഭാവം പുലർത്തുന്ന 
ശിവസ്വരൂപത്തിൻറ ശിരസ്സിൽ നിന്നൊഴുകി വരുന്നുവെന്നു പറയപ്പെടുന്ന ഗംഗാ പ്രവാഹം ഈ യോഗാനുഭൂതിയുടെ കവിതാമയമായൊരു ഉത്തമ പ്രതീകമത്രെ . 

ക്ഷേത്രത്തിൽ പോയി ദേവദർശനം നടത്തുന്നതിനുമുമ്പായി ഇത്തരത്തിലൊരു തീർത്ഥസ്നാനം നടത്തേണ്ടതിനും രണ്ട് ഔചിത്യമുണ്ട് . ക്ഷേത്രക്കുളത്തിൽ കുളിക്കുമ്പോൾ അതുതന്നെയാണ് ഉദ്ദേശിക്കുന്നത് . "

 " ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി 
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു"

 എന്ന തീർത്ഥാവാഹനാമന്ത്രത്താലും പരസഹസ്രം വേദ വിത്തുകൾ നൂററാണ്ടുകളായി സ്നാനം ചെയ്തുവന്നിരുന്ന ക്ഷേത്രക്കുളം ഒരു പുണ്യതീർത്ഥത്തിനു തുല്യമാണെന്നും പറയേണ്ടതില്ലല്ലോ . മാത്രമല്ല ദേവൻ ഉത്സവപരിസമാപ്തിയാകുന്ന ആറാട്ട് നടത്തുമ്പോൾ ചെയ്യുന്ന പുണ്യാഹ ക്രിയകളിലൂടെയും ക്ഷേത്രക്കുളത്തിന്  ഈ പവിത്രത കൈവരുന്നു . ആ തീർത്ഥത്തിൽ സ്നാനം ചെയ്ത്  പരിശുദ്ധന്മാരായിട്ട് തന്നെയാണ് ദേവ ദർശനം നടത്തേണ്ടതു് .


Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ