നമസ്തേ എന്നാൽ ?*

◆━━━━━━◆❃◆━━━━━◆

*നമസ്തേ എന്നാൽ ?

◆━━━━━━◆❃◆━━━━━◆

അതിഥിയെ ദേവനെ പോലെ കരുതുക എന്നതാണ്‌ ഭാരതീയ പാരമ്പര്യം. കൈകള്‍ കൂപ്പി നമസ്‌തേ അര്‍പ്പിക്കുന്നതാണ്‌ ഭാരതീയമായ ഉപചാര രീതി.

കൈകള്‍ പരസ്‌പരം കുലുക്കി അഭിവാദ്യം അര്‍പ്പിക്കുന്നത്‌ പടിഞ്ഞാറന്‍ രീതിയാണ്‌. ഭാരതീയമായ നമസ്‌തേ പറച്ചിലില്‍ തന്നെ പല തരം രീതികളുണ്ട്‌. ഓരോ ജീവിത സാഹചര്യത്തിലും ഓരോ തരം ഉപചാര രീതികളാണ്‌ ഉള്ളത്‌

സുഹൃത്തുകളെ സ്വീകരിക്കുമ്പോഴും ആചാര്യനെ സ്വീകരിക്കുമ്പോഴും ദൈവത്തെ തൊഴുമ്പോഴും നമസ്തേയുടെ ഉപചാര രീതി മാറുന്നു.

കൈപ്പത്തികള്‍ ചേര്‍ത്ത്‌ തലക്ക്‌ മുകളില്‍ പടിക്കുന്നതാണ്‌ ഹൈന്ദവാചാരപ്രകാരമുളള ചടങ്ങുകളിലെ രീതി,പ്രത്യേകിച്ചും ബലിയിടല്‍ ചടങ്ങുകളിലുംമറ്റും. ഇതിനെ ഊര്‍ദ്ധ നമസ്തേ എന്ന്‌ പറയാം. പൂര്‍ണമായ വിധേയഭാവമാണ്‌ ഇത് അര്‍ത്ഥമാക്കുന്നത്‌.

നമസ്തേ എന്ന ഉപചാരവാക്കിനും കൈകൂപ്പലിനും വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ഥ രീതികളാണ്‌ ഉളളത്‌. ഞാനെന്നഭവം വെടിഞ്ഞ്‌ ദാസ്യഭാവസത്തില്‍ ക്ഷേത്രനടയില്‍ നിന്ന്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ കൈകൂപ്പുന്നത്‌ മദ്ധ്യനമസ്തേ ആണ്.

ബഹുമാനവും സമര്‍പ്പണവും ആദരവും എല്ലാം പ്രകടിപ്പിക്കുന്നതാണ്‌ ‘നമസ്തേ’ എന്ന വാക്കും കൈകൂപ്പലിനും. ആശയവിനിമയത്തിന്‍റെ ഈ മാന്യത പാശ്ചാത്യമായ ഉപചാര രീതികളില്‍ നിന്ന്‌ വ്യത്യസ്തമാണ്‌.

“ഞാന്‍ ഇല്ലാത്തത്‌” എന്നാണ്‌ നമസ്തേ എന്ന ഉപചാരവാക്കിന്‌ ആചാര്യന്മാര്‍ അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌.

രണ്ടുപേര്‍ തമ്മില്‍ പരസ്പരം കാണുമ്പോള്‍ ഉപചാരവാക്കുകള്‍ പറയുക സാധാരണമാണ്. അതൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹലോ എന്ന് പറഞ്ഞ് ഹസ്തദാനം നല്‍കുന്നതാണ് ഇപ്പോഴത്തെ പതിവ്. ഹസ്തദാനം ഇല്ലെങ്കില്‍ കൂടി ഹായ്, ഹലോ എന്നൊക്കെയുള്ള വിദേശീയരുടെ ഉപചാരവാക്കുകള്‍ കടമെടുത്തുകൊണ്ടാണ് ഇന്നത്തെ തലമുറ അഭിവാദ്യം ചെയ്യുന്നത്. മഹത്തായൊരു സംസ്‌കാരം സ്വന്തമായി നിലനില്‍ക്കെയാണ് ഇത്. നമസ്‌തേ എന്ന ഉപചാരവാക്കാണ് ഭാരതീയര്‍ ഉപയോഗിച്ചിരുന്നത്.

ഇരു കരതലങ്ങളും ഹൃദയഭാഗത്തോട് ചേര്‍ത്ത്, താമരമൊട്ടിന്റെ ആകൃതിയില്‍ കൂപ്പിക്കൊണ്ട്, ശിരസ്സ് കുമ്പിട്ടാണ് നമസ്‌തേ പറയുക. നമ്മെക്കാള്‍ പ്രായം കൂടിയവരേയും സമപ്രായക്കാരേയും സുഹൃത്തുക്കളേയും എന്തിനേറെ അപരിചിതരോടുപോലും നമസ്‌തേ പറയാം. പരമ്പരാഗതമായ അഞ്ച് ഉപചാരവാക്കുകളില്‍ ഒന്നാണിത്. മറ്റൊരാളോടുള്ള ആദരസൂചകമായാണ് നമസ്‌തേ പറയുന്നത്. ഇത് ബന്ധങ്ങള്‍ ദൃഢമാക്കും. സംസ്‌കൃത പദങ്ങളായ നമഃ യും തേയും ചേരുന്നതാണ് നമസ്‌തേ. ഇതിന്റെ അര്‍ത്ഥം ഞാന്‍ നിന്നെ പ്രണമിക്കുന്നു എന്നാണ്. നമസ്‌തേയെ 'എന്റെ അല്ല' എന്നര്‍ത്ഥത്തില്‍ ന മ എന്നും വ്യാഖ്യാനിക്കാറുണ്ട്. മറ്റൊരാളുടെ സാന്നിധ്യത്തില്‍ ഞാന്‍ എന്ന ഭാവം വെടിയാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ അതിനൊരു ആത്മീയ പ്രാധാന്യം കൂടി കൈവരുന്നു. കൈകൂപ്പുമ്പോള്‍ അതിനൊരു ആരാധനാതലം കൂടിയുണ്ട്. അത് കൂടുതല്‍ അഗാധവുമാണ്. എന്നിലും നിന്നിലും ഉള്ള ഈശ്വരന്‍ ഒന്നാണെന്ന് അത് ബോധ്യപ്പെടുത്തുന്നു. ശിരസ്സ് കുനിക്കുന്നതിലൂടെ മറ്റൊരാളിലെ ദൈവികതെയാണ് നമിക്കുന്നത്. ചിലപ്പോള്‍ കണ്ണുകള്‍ അടച്ചുകൊണ്ടാവും അഭിവാദ്യം ചെയ്യുന്നത്. നമ്മുടെ തന്നെ ഉള്ളിലേക്കാണ് അപ്പോള്‍ നോക്കുന്നതെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

നമസ്‌തെ എന്നതിന് പകരം രാം രാം, ജയ് ശ്രീകൃഷ്ണ, നമോ നാരായണ, നമശിവായ, ഓം ശാന്തി തുടങ്ങിയ വാക്കുകളും ഒരാളെ വണങ്ങുമ്പോള്‍ സാധാരണ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ഉപചാരം കേവലമൊരു പ്രകടനമോ ഉപരിപ്ലവമോ ആവരുത്. അത് ഹൃദയത്തില്‍ നിന്നും വരുന്നതാവണം. സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും ഒരന്തരീക്ഷം സൃഷ്ടിക്കുന്നതാവണം. അതിലൂടെ മറ്റൊരാളുമായുള്ള സംസര്‍ഗ്ഗം കൂടുതല്‍ ആഴത്തിലുള്ളതാക്കാം. കൃത്രിമത്വം നിറഞ്ഞ, ആത്മാര്‍ത്ഥതയില്ലാത്ത ഉപചാര രീതികള്‍ക്ക് പകരം കൈകള്‍ കൂപ്പി ഉപചാരം അര്‍പ്പിക്കാന്‍ നമ്മുടെ കുട്ടികളേയും ശീലിപ്പിക്കേണ്ടിയിരിക്കുന്നു.

ഒരു ഭാരതീയന്‍റെ യഥാര്‍ത്ഥ ലക്ഷ്ണമെന്താനെന്നു ചോദിച്ചാല്‍ ഒന്നാമതായി ചൂണ്ടി കാട്ടാന്‍ പറ്റുന്നത് പ്രണാമം ചെയ്യല്‍, അഥവാ നമസ്തേ കൊടുക്കല്‍ എന്നതാണ്. നമസ്തേ എന്ന ഉച്ചാരണത്തിനൊപ്പം നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ഇരു കൈപത്തികളും ചേര്‍ത്ത് പിടിയ്ക്കാറുണ്ട്.

സനാതന ധര്‍മ്മം എന്ന് വിളിക്കുന്ന ഹിന്ദുധര്‍മ്മത്തിന് എത്രത്തോളം പഴക്കമുണ്ടോ അത്രത്തോളം തന്നെ പഴക്കമുണ്ട് ഈ പ്രണാമത്തിനും. തന്‍റെ സമൂഹത്തിലും പ്രപഞ്ചത്തിലും തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കാനും, ആദരിക്കാനും ഉള്ള മനുഷ്യന്‍റെ ഹൃദയവിശാലതയാണ് ഈ മുദ്ര കൊണ്ട് പ്രകടമാക്കുന്നത് എന്ന് നിസംശയം പറയാം.ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു എന്ന് പ്രകടിപ്പിക്കുവാന്‍ ഇതിലും ഭംഗിയായ ഒരു അവതരണം ഇല്ലെന്നു തന്നെ പറയാം. ഹൈന്ദവ ആചാരങ്ങളില്‍ പ്രഥമ സ്ഥാനം നമസ്തേയ്ക്കാകുന്നു. വാക്കിലും പ്രവര്‍ത്തിയിലും പരസ്പരബന്ധം പുലര്‍ത്തുന്നതിനെയാണല്ലോ സത്യധര്‍മ്മാചരണം എന്ന് പറയുന്നത്. അല്ലാതെ വാക്ക് കൊണ്ട് ഒന്ന് പറയുകയും, പ്രവര്‍ത്തിയില്‍ മറ്റൊന്ന് കാട്ടികൂട്ടുകയും അല്ല ചെയ്യുന്നത്. കര്‍മ്മത്തിന് ഉപാധിയാകുന്ന കൈപ്പത്തികള്‍ തമ്മില്‍ ചേര്‍ത്ത് വച്ച് മുന്നില്‍ പിടിയ്ക്കുമ്പോള്‍, ഈ കൈകള്‍ അവിടുത്തെ ആഞ്ജയെ അനുസരിക്കുന്നു -എന്തെന്നാല്‍ 'നമ-സ്തേ'-ഇതൊന്നും എന്‍റെതല്ല;എല്ലാം അവിടുത്തെതാകുന്നു എന്നതാണ് അര്‍ത്ഥം. നമസ്തേ ശബ്ദത്തിനും കൈകൂപ്പലിനും സ്ഥാന, വ്യക്തി ഭേതമുണ്ട്. നമസ്തേയ്ക്ക് -'നമ:' എന്നും 'നമോനമ' എന്നും രണ്ടു പ്രയോഗങ്ങളും; കൂപ്പലിനു ഊര്ദ്ധ്വം, മദ്ധ്യം ബാഹ്യം ഇങ്ങനെ മൂന്നു സ്ഥാനങ്ങളുമുണ്ട്. കൈപത്തികളും അഞ്ചു വിരലുകളും ഒന്നിച്ചു ചേര്‍ത്ത് ശിരസ്സിനു മുകളില്‍ പിടിയ്ക്കുന്നതാണ് ഊര്‍ദ്ധ്വനമസ്തേ ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, ബാലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ എന്നിവടങ്ങളില്‍ ആണ് ഉപയോഗിക്കുന്നത്. സാധാരണ വ്യക്തി ദര്‍ശനത്തില്‍ ഇതുപയോഗിക്കാന്‍ പാടില്ല. കാരണം ഈ മുദ്രാപ്രകടനത്തില്‍ നാം പൂര്‍ണ്ണ വിധേയഭവവും ശരണാഗതിയുമാണ് പ്രകടിപ്പിക്കുന്നത്. ഇതിനോടൊപ്പം നമോനമ: എന്നാ ശബ്ദമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അനതിക്രിതമായ ഉപയോഗം ശക്തി ക്ഷയത്തിനു കാരണമാകുന്നു എന്ന് പറയുന്നു. രണ്ടാമത്തേതായ മദ്ധ്യനമസ്തെയ്ക്ക്. കൈപത്തി ഹൃദയഭാഗത്ത്‌ നില്‍ക്കണം, തള്ളവിരല്‍ വിടര്‍ത്തി നെഞ്ചോടു മുട്ടിച്ചു വയ്ക്കണം. ഇത് ഈശ്വരദര്‍ശനം, ക്ഷേത്രദര്‍ശനം, തീര്‍ഥയാത്ര, യോഗിദര്‍ശനം എന്നി കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ, ഞാന്‍ - നീ എന്ന ദ്വൈതഭാവം നിലനിര്‍ത്തികൊണ്ട് ഈശ്വരനെ ദാസ്യ ബുദ്ധിയോടെ വീക്ഷികുകയാണ് ഇതില്‍ അര്‍ത്ഥമാക്കുന്നത്‌.'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.

മൂന്നാമത്തെ ബാഹ്യനമസ്തേയാകുന്നു. ഇത് രണ്ടു തരമുണ്ട് ഒന്ന് കൈപതിയും അഞ്ചു വിരലുകളും ഒരേ പോലെ ചേര്‍ത്തുവച്ചു ( കൈ ഒരു താമര മോട്ടിന്‍റെ ആകൃതിയില്‍ ) മറ്റൊന്ന് തള്ളവിരല്‍ പിന്നിലേക്ക്‌ മാറ്റിയും. ഇതില്‍ മോട്ടിന്‍റെ ആകൃതിയിലുള്ള കൈകൂപ്പല്‍ ദൈവപൂജ സമയത്തോ സ്വയം പൂജ ചെയ്യുമ്പോഴോ ആകണം. രണ്ടാമത്തേത് ബഹുമാന്യരായ വ്യക്തികളെ കാണുമ്പോഴാകുന്നു. ഇനി കൈകൂപ്പളില്‍ ഉണ്ടാകുന്ന ശാസ്ത്രീയമായ വശം പറയുകയാണെങ്കില്‍, ഇടത്ത്; 'ഇഡാനാഡി' എന്നും വലതു 'പിംഗളാനാഡി'യെന്നും പേരുള്ള രണ്ടു നാഡികളാണ് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. സൂര്യനാഡിയെന്ന പിംഗളാനാഡി ചൂടുള്ളതും രജോഗുണ പ്രധാനമായതും മനുഷ്യനെ നാനാവിധ കര്‍മഭോഗങ്ങളില്‍ ഉഴറ്റുന്നതുമാകുന്നു ദൃശ്യം, ശ്രവണം മുതലായ ഇന്ദ്രിയജ്ഞാനമാണല്ലോ, മനുഷ്യന് കര്‍മപ്രേരകവസ്തു. ഇപ്രകാരം പകല്‍ സൂര്യനാഡിയും, രാത്രിയില്‍ തമോഗുണാത്മകമായ ചന്ദ്രനാഡിയും, മോഹം, ഉറക്കം, നിരാശ, ഭയം തുടങ്ങിയവയെ ഉല്പാദിപ്പിക്കുകയാല്‍ കര്‍മ്മങ്ങളില്‍ അജ്ഞാനം കലരുക നിമിത്തം പാപവാസന സംജാതമാകുന്നു.

രജോഗുണത്തില്‍ നിന്നും 5 ഇന്ദ്രീയവിഷയങ്ങള്‍ ( ശബ്ദം, സ്പര്‍ശം, രൂപം, ഗന്ധം, രസം ) ഉണ്ടാകുന്നു. ഇതാണ് വലതുകൈയ്യിലെ 5 വിരലുകള്‍. അതേപോലെ ഇടതുകൈയിലും തമോ ഗുണത്തില്‍ നിന്നുണ്ടായ 5 വിരലുകള്‍ ഉണ്ട് ( ആകാശാദി പഞ്ചഭൂതങ്ങള്‍.) ഇപ്രകാരം ഭൂതങ്ങളും അതിന്‍റെ വിഷയങ്ങളും ചേര്‍ന്ന് ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ഉത്ഭവിക്കുന്നു. ഇതിന്‍റെ   പ്രതീകമാണ് കൈപത്തികള്‍. ഇവയെ ചേര്‍ത്ത് വയ്ക്കുമ്പോള്‍ നട്ടെല്ലിന്റെ സൂക്ഷ്മ്നാനാഡി ഉണരുന്നു. ഇങ്ങനെ ജ്ഞാന ലബ്ധി ഉണ്ടാവുകയും അതിലൂടെ 'ഞാന്‍' എന്ന ബോധം മാറി, 'അവിടുന്ന്' (ഈശ്വരന്‍) എന്ന ഭാവം ഉറയ്ക്കുകയും ചെയ്യുമെന്നതിനാല്‍; നമ്മുടെ മഹദ്‌ഭാവനയ്ക്കും, ഭക്തിക്കും, വിനയത്തിനും, സമര്‍പ്പണത്തിനും, അന്ഗീകാരത്തിനും, അനഹങ്കാരത്തിനും- കൈകൂപ്പല്‍ അഥവാ പ്രണാമം ഉപയുക്തമായ മുദ്രയായും, അതിനെ സൂചിപ്പിക്കുന്ന 'നമസ്തേ' ശബ്ദം അതിന്‍റെ അര്‍ത്ഥവ്യാഖ്യാനമായും പരിണമിക്കുന്നു ഉദാത്ത ഭാവനയാകുന്നു ഇവിടെ. ചുരുക്കത്തില്‍ അഹങ്കാരം ത്യജിക്കുന്നു എന്ന അറിയിപ്പത്രേ നമസ്തേയിലൂടെ നാം പ്രകടിപ്പിക്കുന്നത്.

◤━━━━━☆.∆ .☆━━━━━◥

*കാരിക്കോട്ടമ്മ -12-02-20*

◤━━━━━☆.∆ .☆━━━━━◥

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ