ബൃഹജ്ജാതകം

📖📖📖📖📖📖📖

*ബൃഹജ്ജാതകം*

ശ്രീ വരാഹമിഹിരകൃതമായ ഹോരയ്ക്ക് ഇരുപതിലധികം സംസ്‌കൃത വ്യാഖ്യാനങ്ങള്‍ തന്നെ ഉണ്ടെന്നു പറയപ്പെടുന്നു. അതിന്നു പുറമെ ഇതരഭാഷകളിലും വിവര്‍ത്തനങ്ങളുണ്ട്. ജ്യൗതിഷികള്‍, ഫലപ്രവചനത്തിന്ന് ആധികാരികമായി അവലംബിച്ചുവരുന്ന ഒരു ഗ്രന്ഥമാണ് വരാഹമിഹിരഹോരാ എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ആചാര്യന്‍തന്നെ 'സ്വല്‍പം വൃത്തവിചിത്രമര്‍ത്ഥബഹുലം' എന്ന് ഈ ഗ്രന്ഥത്തെക്കുറിച്ചു പ്രഥമാധ്യായത്തില്‍ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. ശ്രീ വരാഹമിഹിരാചാര്യരുടെ കാലഘട്ടം എ. ഡി. 6-ാം നൂറ്റാണ്ടാണെന്നു വിശ്വസിക്കുവാന്‍ തെളിവുകളുണ്ട്. ഉജ്ജയിനിയില്‍ ജനിച്ച ഇദ്ദേഹം എ. ഡി. 505-ാമാണ്ടിലാണ് പഞ്ചസിദ്ധാന്തിക എന്ന ഗ്രന്ഥം നിര്‍മിച്ചതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചസിദ്ധാന്തിക (ഗണിതഗ്രന്ഥം), ബൃഹത്സംഹിത, ബൃഹജ്ജാതകം (ഹോരാ) ലഘുജാതകം എന്നിവ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. ഇവ യ്ക്കു പുറമെ 'യോഗായാത്രാ' എന്ന ഒരു ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതിന്റെ ഒരു കയ്യെഴുത്ത് പകര്‍പ്പ് ഹോളണ്ടില്‍ ലെയ്‌സണ്‍ എന്ന സ്ഥലത്തു മി. കേണ്‍ എന്നാളുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നു, എ. ഡി. 587- ല്‍ ആചാര്യന്‍ ദിവംഗതനായി എന്നു ചിലര്‍ വിശ്വസിക്കുന്നു. തെളിവുകളുമുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പ്രചുരപ്രചാരമുള്ളത് ബൃഹജ്ജാതകം എന്ന ഹോരക്കുതന്നെ. ബൃഹജ്ജാതകത്തിന്നു ഭട്ടോല്‍പല, മുദ്രാക്ഷരീ, സുബോധിനീ, ശ്രീപതീയം തുടങ്ങിയ നിരവധി സംസ്‌കൃതവ്യാഖ്യാനങ്ങളുണ്ടെങ്കിലും, കേരളീയനായ തലക്കുളത്തു ഭട്ടതിരി എഴുതിയ (ഗോവിന്ദന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെന്നു പറയപ്പെടുന്നു) 'ദശാധ്യായി' എന്ന വ്യാഖ്യാനം മികച്ചു നില്‍ ക്കുന്നു. അതിന്നു ശേഷം, മറ്റൊരു കേരളീയനായ ഉഴുത്രവാരിയര്‍ 'വിവരണം' എന്നൊരു വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.

കേരളീയരെ സംബന്ധിച്ചിടത്തോളം തലക്കുളത്തു ഭട്ടതിരിയുടെ വ്യാ ഖ്യാനം ആധികാരികവും, വിപുലവുമാണ് എന്ന വിശ്വാസമാണ് നിലവിലുള്ളത്. ദശാധ്യായിക്ക് ഒരു മലയാളവിവര്‍ത്തനം എന്നത്, തന്നിമിത്തം, മലയാളികളുടെ ചിരന്തനസ്വപ്നമാണ്. പ്രതിപാദനരീതിയും, ആധികാരികമായി ഉദ്ധരിച്ച ഇതരകൃതികളുടെ ദൗര്‍ലഭ്യവും, സര്‍വോപരി വിവര്‍ത്തനത്തിനുള്ള വിഷമങ്ങളും കാരണം മഹാപണ്ഡിതന്മാര്‍പോലും ഇതില്‍ കൈവെയ്ക്കുകയുണ്ടായില്ല.
എന്നിരുന്നാലും അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ഒരു ജ്യോതിഷപാഠപുസ്തകമെന്ന നിലയ്ക്കു മൂലശ്ലോകങ്ങളോടൊപ്പം ദശാധ്യായീവ്യാഖ്യാനവും ഹൃദിസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിലെ- പ്രത്യേകിച്ചും, ഉത്തരമധ്യകേരളത്തിലെ - ഭൂരിഭാഗം ജ്യൌതിഷികളും.
ദശാധ്യായീകര്‍ത്താവായ തലക്കുളത്തു ഗോവിന്ദന്‍ ഭട്ടതിരി ജീവിച്ച കാലഘട്ടം എ. ഡി. 13-ാം നൂറ്റാണ്ടാണെന്നു പറയുന്നവരുണ്ട്. 17-ാം നൂ റ്റാണ്ടി(1537 മുതല്‍ 1632 വരെ)ലാണെന്നു വാദിക്കുന്നവരുമുണ്ട്. ആദ്യത്തെ അഭിപ്രായമാണ് ശരിയായത് എന്ന് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കേരള സാഹിത്യചരിത്രം 1-ാം വോള്യം പേജ് 96-ല്‍ 'രക്ഷേദ് ഗോവിന്ദമര്‍ക്കഃ' 'കാളിന്ദിപ്രിയസ്തുഷ്ടഃ' എന്നിവ യഥാക്രമം ഭട്ടതിരിയുടെ ജനനകാലത്തേയും മരണകാലത്തേയും കുറിക്കുന്ന കലിദിനവാക്യങ്ങളാണെന്ന് എടുത്തു കാണിച്ചിരിക്കുന്നതില്‍ നിന്നു വ്യക്തമാകുന്നു. ഇതനുസരിച്ചു ഭട്ടതിരിയുടെ ജീവിതകാലം ക്രി. പി. 1237 മുതല്‍ 1295 വരെയായിരുന്നുവെന്ന് അനുമാനിക്കാം. ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി തലക്കുളത്ത് ഭട്ടതിരിയെക്കുറിച്ചു ഐതിഹ്യമാലയില്‍ എഴുതിയിട്ടുണ്ടെങ്കിലും അതില്‍ പറഞ്ഞതൊന്നും ആധികാരികമാണെ ന്നു തോന്നുന്നില്ല. ഭട്ടതിരിയുടെ കാലഘട്ടം ഏതാണെന്നോ അദ്ദേഹം നിര്‍ മിച്ച ഗ്രന്ഥങ്ങള്‍ ഏതെല്ലാമാണെന്നോ ഒന്നും അതില്‍ പറയുന്നില്ല.
''തെക്കെ മലയാളത്തില്‍ തിരൂരില്‍ നിന്നു രണ്ടു നാഴിക തെക്കായി തലക്കുളം എന്ന പ്രദേശത്ത് ആലത്തൂര്‍ ഗ്രാമത്തില്‍ ഗോവിന്ദനെന്നു പേരുള്ള ഭട്ടതിരി ജനിച്ചു'' എന്നു ഉള്ളൂരിന്റെ സാഹിത്യചരിത്രത്തില്‍ പറയുന്നു. വിദ്യാഭ്യാസം പരദേശത്തുവെച്ചായിരുന്നുവെന്നും കഞ്ചനൂരാഴ്‌വാരില്‍ നിന്നു ജ്യോതിഷം പഠിച്ചശേഷം പന്ത്രണ്ടു കൊല്ലക്കാലം തൃശ്ശൂര്‍ വടക്കുന്നാഥനെ ഉപാസിച്ചതായും കേരള സാഹിത്യ ചരിത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ദശാധ്യായിയുടെ ഈ അവസാന ശ്ലോകം
'സ്ഫുരതു ഭുജങ്ഗമഹാരം
മമ ഹൃദി തേജോ മഹാവിഷാഹാരം
ശ്വേതാരണ്യവിഹാരം
ശ്വേതം ശീതാംശുശേഖരം ഹാരം'
തൃപ്പങ്ങോട്ടപ്പനെപ്പറ്റി ഭട്ടതിരി രചിച്ചിട്ടുള്ളതാണെന്നു പറയുന്നു. ഇത് വടക്കുന്നാഥനെക്കുറിച്ചുള്ളതല്ല. 'ശ്വേതാരണ്യവിഹാരം' എങ്ങനെ തൃപ്രങ്ങോടായി? 'വെള്ളക്കാട്ട് മന'യുമായി ശ്വേതാരണ്യവിഹാരത്തിന്ന് ബന്ധമുണ്ടോ? ഇതെല്ലാം ഗവേഷണകുതുകികള്‍ക്ക് വിട്ടുകൊടുക്കുന്നു.

ദശാധ്യായിക്കു പുറമെ മുഹൂര്‍ത്തരത്‌നം എന്ന ഗ്രന്ഥവും ഭട്ടതിരിയുടെ വകയായിട്ടുണ്ട്.
ഇരുപത്തഞ്ചധ്യായങ്ങളുള്ള വരാഹമിഹിരന്റെ ബൃഹജ്ജാതക (ഹോരാ)ത്തിന്റെ ആദ്യത്തെ പത്തധ്യായങ്ങള്‍ക്കു ഭട്ടതിരി എഴുതിയ വ്യാഖ്യാനമാണ് ദശാധ്യായി. ഈ പത്തധ്യായങ്ങളുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം മറ്റു പതിനഞ്ചധ്യായങ്ങളിലെ കാര്യങ്ങള്‍കൂടി പ്രതിപാദിച്ചു എന്നതാണ് സവിശേഷത. ഇതു മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത കെ. എച്ച്. നമ്പൂതിരിപ്പാട് മറ്റു പതിനഞ്ചധ്യായങ്ങളിലെ പ്രധാനവിഷയങ്ങള്‍ എവിടെയെല്ലാമാണ് ഭട്ടതിരി പറഞ്ഞിട്ടുള്ളതെന്ന് അധ്യായവും ശ്ലോകസംഖ്യയും ചൂണ്ടിക്കാട്ടി വ്യക്തമാക്കിയിരിക്കുന്നു.
ഭട്ടതിരിയുടെ വ്യാഖ്യാനരീതി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന രീതി തന്നെയാണ്. കേരളത്തില്‍ ജ്യോതിഷപഠനത്തിന്ന് ഇത് ഒഴിച്ചുകൂടാത്ത ഒരു ഗ്രന്ഥമായിത്തീര്‍ന്നത് അതുകൊണ്ടു കൂടിയാകാം. വരാഹമിഹിരഹോര ജ്യോതിഷത്തിന്റെ ആദ്യപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെങ്കിലും, മറ്റു പ്രാഥമികപാഠങ്ങളുള്ള ഗ്രന്ഥങ്ങളും, സംഹിതകളും, പഠിച്ചശേഷമേ ഈ ഗ്രന്ഥത്തിലേയ്ക്കു പ്രവേശിക്കേണ്ടതുള്ളൂ എന്ന വസ്തുത ഭട്ടതിരിയുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം ഉദ്ധരിക്കുന്ന മറ്റു ജ്യോതിഷഗ്രന്ഥങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ വ്യക്തമാവുന്നതാണ്. പ്രശ്‌നചിന്തയ് ക്കും ജാതകചിന്തയ്ക്കും ഒരുപോലെ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്താമെന്ന് ആചാര്യന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രശ്‌നസംബന്ധിയായ ആധികാരികഗ്രന്ഥം എന്ന് സര്‍വസമ്മതി നേടിയിട്ടുള്ള പ്രശ്‌നമാര്‍ഗത്തിന്റെ കര്‍ത്താവ് ഗ്രന്ഥാരംഭത്തില്‍തന്നെ വരാഹമിഹിരഹോരയ്ക്കുള്ള ദശാധ്യായീവ്യാഖ്യാനം ഹൃദിസ്ഥമാക്കണമെന്നു പറഞ്ഞി ട്ടുള്ളത്.
ഹോരായാസ്തു ദശാധ്യായാം
വ്യാഖ്യായാം ക്രിയതാം ശ്രമഃ
ദൈവജ്ഞേന വിശേഷേണ
ഫലമാദേഷ്ടുമിച്ഛതാ.
ദശാധ്യായ്യാം വിശേഷേണ
ശ്രമോ നൈവ കൃതോ യദി
ദുഷ്‌കരഃ ഫലനിര്‍ദ്ദേശ-
സ്തദ്വിദാം ച തഥാ വചഃ.
'അദൃഷ്ട്വാ യോ ദശാധ്യായീം
ഫലമാദേഷ്ടുമിച്ഛതി
ഇച്ഛത്യേവ സമുദ്രസ്യ
തരണം സ പ്ലവം വിനാ.'
(പ്രശ്‌നമാര്‍ഗം ഒന്നാം അധ്യായം-ശ്ലോകം 30, 31, 32)
ശാസ്ത്രഗ്രന്ഥങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ ഹൃദിസ്ഥമാക്കുക എന്നതായിരുന്നു കേരളീയ സമ്പ്രദായം. ജ്യോതിഷമായാലും, വൈദ്യമായാലും അവസരാനുസരണം പ്രമാണങ്ങള്‍ ഉദ്ധരിക്കുവാന്‍ ഈ രീതി സഹായകമായി. ഇത് ഇന്നത്തെക്കാലത്ത് പ്രായോഗികമാക്കാവുന്ന ഒരു പഠനരീതിയല്ല. പാശ്ചാത്യസമ്പ്രദായത്തിലുള്ള ശാസ്ത്രപഠനം പ്രമാണഗ്രന്ഥങ്ങളില്‍ സമഗ്രമായ സൂചിക കൊടുത്ത് ആവശ്യാനുസരണം വിഷ യം കണ്ടുപിടിക്കുക എന്നതാണ്.
ഈ മലയാള വിവര്‍ത്തനത്തില്‍ നമ്പൂതിരിപ്പാട് പാശ്ചാത്യസമ്പ്രദായം അനുകരിച്ചിരിക്കുന്നു. ഉദ്ധരിച്ചതിനെല്ലാംതന്നെ വിവര്‍ത്തനം നല്‍കുകയും, അതെല്ലാം ഏതേതു ഗ്രന്ഥങ്ങളില്‍ നിന്നാണെന്ന് അധ്യായവും ശ്ലോകനമ്പറും കാണിച്ച് വിശദമാക്കുകയും ചെയ്തിരിക്കുന്നത് ജ്യൌതിഷവിദ്യാര്‍ത്ഥികള്‍ക്ക് ഒരനുഗ്രഹമാണ്.

ദശാധ്യായിയില്‍ വ്യാഖ്യാനിക്കപ്പെട്ട പത്തധ്യായങ്ങള്‍ക്കു പുറമെ ബാക്കി പതിനഞ്ചധ്യായങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ ഭാഗമായി ചേര്‍ത്ത് ശ്ലോ കങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നതു മൂലം ഈ ഗ്രന്ഥം ദശാധ്യായീവിവര്‍ത്തനത്തിനു പുറമെ വരാഹമിഹിരഹോരയ്ക്കുള്ള സമഗ്രമായ ഒരു വിവര്‍ത്തനമായിത്തീര്‍ന്നിരിക്കുന്നു. ഗ്രഹങ്ങളുടെയും, ഭാവങ്ങളുടെയും ഫലം നിര്‍ണയിക്കുന്നതിന്നും, ദശകള്‍ വരുത്തുന്നതിന്നും, ലഗ്നം വരുത്തുന്നതിന്നും മറ്റുമുള്ള ഗണിതക്രിയകള്‍ സോദാഹരണം കൊടുത്തിരിക്കുന്നത് മറ്റൊരു സവിശേഷതയാണ്. ഈ ഗ്രന്ഥത്തില്‍ ഭട്ടതിരി ആധികാരികമായി ഏറ്റവുമധികം ഉദ്ധരിച്ചിട്ടുള്ളത് കല്യാണവര്‍മകൃതമായ സാരാവലി എന്ന ഗ്രന്ഥത്തില്‍ നിന്നാണ്. യഥാര്‍ത്ഥത്തില്‍ അത് വരാഹമിഹിരഹോരയ്ക്കുള്ള ഒരു വ്യാഖ്യാനമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. വിവര്‍ത്തകന്‍ സാരാവലി ഉദ്ധരിക്കുമ്പോഴെല്ലാം അധ്യായവും ശ്ലോ കനമ്പറും ചൂണ്ടിക്കാണിക്കുന്നു; ഇപ്രകാരംതന്നെ ഉദ്ധരിക്കപ്പെട്ട മറ്റു ഗ്രന്ഥങ്ങളുടെയും. ദേവനാഗരിയിലും, ഗ്രന്ഥാക്ഷരിയിലും, താളിയോലയിലുമുള്ള മൂന്നു ദശാധ്യായിഗ്രന്ഥങ്ങള്‍ സുസൂക്ഷ്മം പരിശോധിച്ച് തെറ്റില്ലാത്ത ഒരു പാഠമാണ് നമ്പൂതിരിപ്പാട് വിവര്‍ത്തനത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ത്തന്നെ മറ്റു പാഠഭേദങ്ങള്‍ കാണിക്കുകയും ചെയ് തിരിക്കുന്നു. നീണ്ടുനിന്ന മൂന്നു നാലു വര്‍ഷത്തെ കഠിനാദ്ധ്വാനം ഫലപ്രദമായി എന്ന് നമ്പൂതിരിപ്പാടിന് അഭിമാനിക്കാം.
മലയാളഭാഷയിലുള്ള ജ്യോതിശ്ശാസ്ത്രശാഖയ്ക്ക് ഈ വിവര്‍ത്തനം എന്നെന്നും ഒരു ഭൂഷണമായിത്തീരട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഈ ഗ്രന്ഥം ജ്യോതിശ്ശാസ്ത്രതത്പരരായ ബഹുജനങ്ങള്‍ക്കായി അവതരിപ്പിച്ചുകൊള്ളുന്നു.
(ദശാധ്യായിക്ക് എഴുതിയ അവതാരിക.)

🙏🙏🙏🌹🙏🙏🙏

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ