തുലാപത്ത്

*തുലാപത്ത്*

കത്തിയെരിയുന്ന മേലേരിയേയും ചുട്ടുപൊള്ളുന്ന വെയിലിനേയും സാക്ഷിയാക്കി ചെണ്ടമേളത്തിന്റെയും കാൽചിലമ്പിന്റെയും അലയൊലികളിൽ കളിയാട്ട കാവുകൾ വീണ്ടും ഉണരുകയാണ്.
അകറ്റി നിർത്തിയവരെ കൊണ്ട് തന്നെ തൊഴുത് മധുര പ്രതികാരം ചെയ്യാൻ സ്വന്തം സങ്കടങ്ങൾ മറന്ന് തന്നെ വിശ്വസിക്കുന്ന ഭക്തജനലക്ഷങ്ങളെ തഴുകി ഗുണം വരുത്താൻ ആകാശത്ത് നിന്നും ദൈവം മണ്ണിലിറങ്ങുന്ന പുണ്യ ദിനങ്ങൾ.വടക്കന്റെ മണ്ണിൽ വീണ്ടും ഒരു തെയ്യകാലം കൂടി വരവായീ...
കാവുകളും തെയ്യങ്ങളും. വറുതിയുടെ ദിനങ്ങളിൽ നിന്നും മോചനം തേടി തെയ്യം കലാകാരന്മാർക്കും വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ.

വടക്കൻ കേരളത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാർഷികബന്ധിയായ പൂർവ്വ സംസ്കാരത്തിൽ നിന്നും തലമുറകൾ കൈമാറി വന്ന ഒരനുഷ്ഠാ ദിനാചരണമാണ് പത്താമുദയം. ഇന്നേ ദിവസം നിലവിളക്കും നിറനാഴിയുമൊരുക്കി സൂര്യോദയത്തിനെ അരിയെറിഞ്ഞ് എതിരേറ്റിരുന്നു നമ്മുടെ പൂർവികർ. നാടിനും വീടിനും ഐശ്വര്യമേകുന്ന, തങ്ങളുടെ ജീവിതത്തിനും അന്നം നൽകുന്ന കൃഷിക്കും ശുഭാരംഭം കുറിക്കുന്ന ദിവസമായാണ് അവർ പത്താമുദയത്തിനെ കരുതിപ്പോന്നിരുന്നത്. പൂർവ്വികരുടെ ദൈവ ആരാധനയുടേയും കാർഷിക സംസ്കാരത്തിന്റെയും മഹത്തായ ദർശനങ്ങൾ ഈ അനുഷ്ഠാന പ്രദാനമായ ദിനം ആചരിക്കുന്നതിലും അതിനോടുബന്ധിച്ചുള്ള ചടങ്ങുകളിലും നമുക്ക് കാണാൻ സാധിക്കും.

വടക്കേമലബാറിലെ തനത് ആരാധനാ സമ്പ്രദായമായ തെയ്യത്തിൽ പത്താമുദയത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഇടവമാസത്തിൽ മടിയൻ കൂലോത്തും മന്നൻപുറത്ത് കാവിലും മാടായിക്കാവിലും കളരിവാതുക്കലും നടക്കുന്ന കലശമഹോത്സവങ്ങളോടെ അവസാനിക്കുന്നതാണ് വടക്കേ മലബാറിന്റെ തെയ്യക്കാലം. ഇടവപ്പാതിയോടെ അരങ്ങൊഴിയുന്ന തെയ്യങ്ങളും നിദ്രയിലാകുന്ന കാവുകളും പഞ്ഞമാസമായ കർക്കിടകവും ചിങ്ങവും കഴിഞ്ഞ് തുലാമാസത്തിലാണ് ഉണരുന്നത്. തുലാം സംക്രമത്തോടെ തന്നെ വടക്കേ മലബാറിലെ തെയ്യാട്ടത്തിന് ആരംഭമാകും. ചെറുവത്തൂരിനടുത്ത് തിമിരിയിൽ വലിയ വളപ്പിൽ ചാമുണ്ഡിയുടേയും കാലിച്ചാൻ ദൈവത്തിന്റേയും പുറപ്പാടൊടെ തെയ്യക്കാലത്തിന് ശുഭാരംഭം കുറിക്കപ്പെട്ടു കഴിഞ്ഞു. നാടിന് അന്നം തന്ന, നമ്മുടെ വയലുകളുടെ സംരക്ഷകരായ ഗോത്ര ജനതയ്ക്കല്ലാതെ മറ്റാർക്കാണ് പ്രകൃത്യാരാധനയിലും കാർഷിക സംസ്കാരത്തിലും അധിഷ്ഠിതമായ ഈ അനുഷ്ഠാനത്തിന് ശുഭാരംഭം കുറിക്കാൻ അവകാശം. 

പത്താമുദയം ഒരു ശുഭമുഹൂർത്തമാണ് ആരംഭം കുറിക്കപ്പെട്ട തെയ്യാട്ടത്തിലേക്ക് വടക്കന്റെ നാട്ടു ദൈവങ്ങൾക്ക് സ്വാഗതമോതുന്ന ദിനം. കണ്ണൂർ ജില്ലയിലെ കൊളച്ചേരിയിലെ ചാത്തമ്പള്ളിക്കാവിൽ തുലാം പത്തിനു കെട്ടിയാടുന്ന വിഷക്കണ്ടൻ തെയ്യത്തിന്റെ പുറപ്പാടോടെ കോലത്തുനാട്ടിലും നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെ അള്ളടനാട്ടിലും തെയ്യക്കാലത്തിന് കേളികൊട്ടുയരും. വരാൻ പോവുന്ന ദിനരാത്രങ്ങൾ വടക്കന്റെ നാടു ദൈവങ്ങളുടെതാണ്. എണ്ണിയാലൊടുങ്ങാത്ത തെയ്യക്കാവുകളിൽ എണ്ണിയാലൊടുങ്ങാത്ത ദൈവക്കോലങ്ങൾ ഉറഞ്ഞാടി വിശ്വാസ പ്രപഞ്ചം തീർക്കും. അതിൽ അലിയിച്ചു കളയും വടക്കൻ തന്റെ ആധിയും വ്യാധിയും. നാടിന്റെ നന്മയ്ക്കായി അനുഗ്രഹമേകാൻ പ്രകൃതി ശക്തികളോടും മൺമറഞ്ഞ പൂർവ്വികരോടും നമുക്കൊരുമിച്ച്‌ പ്രാർത്ഥിക്കാം.

പുതിയൊരു തെയ്യക്കാലം ഒരു വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ കൂടി പങ്കുവെയ്ക്കട്ടെ. തെയ്യമെന്ന ഈ അനുഷ്ഠാനം രൂപംകൊണ്ടതും രൂപപ്പെടുത്തിയതുമായ ചില ദർശനങ്ങളുണ്ട്. മനുഷ്യജീവിതത്തിൽ പുലർത്തേണ്ടുന്ന നന്മയുടെ സത്യസന്ധതയുടെ, അവൻ ഉൾപ്പെടുന്ന ഒരു പൊതു സമൂഹത്തിലെ ജാതി - മത - സാമ്പത്തിക ഘടകങ്ങൾക്ക് അതീതമായ ഐക്യത്തെ, അവനെ നിലനിർത്തുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഒക്കെ വിളംബരം ചെയ്യുന്ന മഹത്തായ ദർശനങ്ങൾ തെയ്യം മുന്നോട്ടു വെക്കുന്നുണ്ട്. ഇതൊന്നും കാണാതെയും കണ്ടെത്താതേയും ഈ അനുഷ്ഠാനത്തിന്റെ പുറംമോടി മാത്രം നിലനിൽക്കുന്ന ഒരു കാലത്തിലേക്ക് നടന്നു ചെന്നിട്ട് ആർക്കെന്ത് നേട്ടം എന്നു ന്നമ്മളോരോരുത്തരും സ്വയം പരിശോധിക്കുക. ലളിതമായി പറഞ്ഞാൽ കൃഷി ചെയ്യാൻ മറന്നു പോയ നമ്മെ ഓർമ്മപ്പെടുത്താനെന്ന പോലെ തിമിരിയിലെ വയലിൽ വിത്തെറിഞ്ഞ് നടന്നു പോയ ചാമുണ്ഡിയുടെ നന്മയെങ്കിലും മനസ്സിലാക്കാനും ഉൾക്കൊള്ളാനും നമുക്കാവട്ടെയെന്ന പ്രത്യാശ മാത്രം പങ്കുവെയ്ക്കട്ടെ..

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ