ഇരിങ്ങോൾകാവ്

ഇരിങ്ങോൾകാവിനെ കുറിച്ച്‌ ഒരുപാട്‌ യാത്രാ വിവരണങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്‌. അമ്പത്‌ ഏക്കറിലധികം സ്ഥലത്ത്‌ പടർന്നു പന്തലിച്ചു കിടക്കുന്ന വനത്തിനുള്ളിൽ ഒരു ഭഗവതീ ക്ഷേത്രം. സസ്യജൈവ വൈവിധ്യങ്ങളുടെ കലവറ. ഇതൊക്കെയാണ്‌ പലരേയും ഇരിങ്ങോളിലേക്ക്‌ ആകർഷിക്കുന്ന ഘടകങ്ങൾ. ഈ ഘടകങ്ങൾ സുപ്രധാനമെങ്കിലും എന്നെ ഇരിങ്ങോൾകാവിലേക്ക്‌ എത്തിച്ചത്‌ മറ്റൊന്നായിരുന്നു.  പെരുവനം ഗ്രാമത്തിന്റെ അധിപനായ ഇരട്ടയപ്പന്റെ ആറാട്ടു നടന്നിരുന്ന ആറാട്ടുപുഴയിൽ അതിപുരാതന കാലത്ത്‌ നൂറ്റിയെട്ട്‌ ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ എത്രയോ കാതങ്ങൾതാണ്ടി വന്നുചേർന്നിരുന്നു. ചരിത്രസാക്ഷിയെന്നപോലെ അവരിലൊരാളായി ഇരിങ്ങോൾകാവിലെ ഭഗവതിയും അതിൽ പങ്കുകൊണ്ടിരുന്നു. അമ്പത്‌ കിലോമീറ്ററിലധികം ദൂരം ഈ ദേശങ്ങൾക്കിടയിലുണ്ട്‌. ഇരിങ്ങോളിലേക്കുള്ള എന്റെ ഓരാ കാൽവെപ്പുകളും ചരിത്രാതീതകാലത്തിലെ ആ യാത്രകളുടെ സ്‌മരണകൾക്കു മുകളിൽ മനസ്സിൽ തെളിഞ്ഞ ഭാവനാ വീഥികളിലൂടെ ആയിരുന്നു.

പെരുമ്പാവൂരിൽ നിന്ന് മൂന്നര കിലോമീറ്റർ ദൂരമുണ്ട്‌ ഇരിങ്ങോൾകാവിലേക്ക്‌. കൊടുംകാട്ടിലൂടെ വേണം ക്ഷേത്രാങ്കണത്തിലെത്താൻ. നടപ്പാതക്ക്‌ ഇരുവശവും വൻവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. സുഖശീതളമായ അന്തരീക്ഷം. വനത്തിന്‌ ഒത്തനടുക്കാണ്‌ കാവ്‌ സ്ഥിതിചെയ്യുന്നത്‌. പഴമ വിട്ടുമാറാത്ത ഒരു മനോഹര ക്ഷേത്രം.  ചുറ്റമ്പലത്തിനുള്ളിലെ മണ്ഡപവും ഗർഭഗൃഹവുമെല്ലാം പൗരാണികത തുളുമ്പി നിൽക്കുന്നവയാണ്‌. വിഗ്രഹത്തിൽ ലോഹ ഗോളക ചാർത്തിയിരിക്കുന്നു. കാവിനു ചുറ്റുമുള്ള വൻ വൃക്ഷങ്ങളിൽ നിന്ന് കാലൻകോഴിയുടേയും നത്തിന്റേയും മറ്റും മൂളലുകൾ കേൾക്കാം. വനത്തിനുള്ളിൽ എവിടേയും വേറെ പ്രതിഷ്ഠകൾ ഇല്ല. ഉപദേവന്മാരില്ലാത്ത ഒരു ക്ഷേത്രമാണിത്‌.

വ്യക്തമായി രേഖപ്പെടുത്താത്ത കാലത്തെക്കുറിച്ച്‌ അന്വേഷിക്കുമ്പോൾ വാമൊഴികൾക്കുമപ്പുറം സാഹചര്യതെളിവുകളാണ്‌ ആശ്രയം. അതുകൊണ്ടുതന്നെ ആചാരങ്ങൾ അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്‌. തലമുറ കൈമാറി വരുന്ന ആചാരങ്ങൾ അറിയപ്പെടാത്ത കാലത്തിലേക്കുള്ള പിടിവള്ളികളാണ്‌. ആചാരത്തെ ഒരു കയറായി സങ്കൽപ്പിക്കുക. ഒരു സ്ഥലത്തെ ആചാരം കയറിന്റെ ഒരറ്റവും അടുത്ത സ്ഥലത്തെ ആചാരം കയറിന്റെ മറ്റേ അറ്റവുമാണ്‌. ഒരേ വീതിയും വലുപ്പവുമുള്ള കയറിന്റെ ഇടയിൽ ശൂന്യതയാണ്‌. കയറിന്റെ വേറിട്ടുപോയ ഭാഗമാണവിടെ, അതെന്താണെന്നോ എവിടെയാണെന്നോ നമുക്കറിയില്ല. തുടർച്ചയില്ലെങ്കിലും രണ്ടറ്റവും കാണുമ്പോൾ അതൊരിക്കൽ ഒരു കയറിന്റെ രണ്ട്‌ ഭാഗങ്ങളായിരുന്നു എന്ന്   മനസ്സിലാക്കിയെടുക്കുവാൻ സാധിക്കും.

ശാന്ത സ്വരൂപിണിയായ ദുർഗ്ഗാദേവി എന്ന സങ്കൽപ്പത്തിലാണ്‌ ഇവിടുത്തെ പ്രതിഷ്ഠ. വനത്തിനുള്ളിലാണെങ്കിലും വനദുർഗ്ഗാ സങ്കൽപമല്ല. ആറാട്ടുപുഴയിലേക്ക്‌ ഇവിടെ നിന്നും പൂരം പോയിരുന്നു. പണ്ട്‌ ക്ഷേത്രം മുപ്പത്തിരണ്ട്‌ മനക്കാരുടെ കയ്യിൽ ആയിരുന്നു. ആ കാലത്ത്‌ ഒരുപക്ഷേ ആറാട്ടുപുഴയിലേക്ക്‌ ഇവിടെ നിന്ന് പോയിരിക്കാൻ സാധ്യതയുണ്ട്‌. പിന്നീട്‌ പലരും ക്ഷയിച്ചു. നാഗഞ്ചേരി മനയായിരുന്നു ക്ഷേത്രം അവസാനമായി കൊണ്ടുനടന്നത്‌. ഭൂപരിഷ്‌കരണത്തോടെ നാഗഞ്ചേരി മനയും നശിച്ചു. ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്‌. ഊരാണ്മക്കാരായിരുന്ന പട്ടശ്ശേരി മനക്കാരും ദേവസ്വം ബോർഡും തമ്മിൽ ഉടമസ്ഥതയെ ചൊല്ലി കേസ്‌ നടന്നുകൊണ്ടിരിക്കുകയാണത്രേ.

എൺപത്‌ തൊണ്ണൂറ്‌ കൊല്ലങ്ങൾക്ക്‌ മുൻപ്‌വരെ ഇരിങ്ങോൾ അടക്കം ഏഴ്‌ ക്ഷേത്രങ്ങളിൽ നിന്ന് തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിപ്പുകൾ പോകുകയും, എട്ട്‌ ദേവീദേവന്മാർക്കും ഒരുമിച്ച്‌ അവിടെ പൂരം നടത്തിയിരുന്നതായും പൂർവ്വികർ പറഞ്ഞിട്ടുള്ളതായി അദ്ദേഹം ഓർത്തു. ഈ എട്ട്‌ ക്ഷേത്രങ്ങളിലും മീനത്തിലെ മകയിരം നാളിലാണ്‌ കൊടിയേറ്റം. കൊടികയറിയാൽ ഓരോ ദിവസവും ഓരോ ക്ഷേത്രത്തിലാണ്‌ പ്രധാനം. തിരുനായത്തോട്‌ പൂരം ദിവസമാണ്‌ എട്ടുപേരും ഒരുമിച്ച്‌ ചേർന്നിരുന്നത്‌. മറ്റ്‌ ദിവസങ്ങളിൽ തിരുനായത്തോട്‌ ഒഴികെയുള്ളവർ ഏഴ്‌ ക്ഷേത്രങ്ങളിലും മാറി മാറി ഒത്തുചേരും. ഈ ഏഴുഭഗവതിമാരും സഹോദരിമാർ ആണെന്നാണ്‌ സങ്കൽപം. അതുകൊണ്ട്‌ സപ്തദേവിമാർ എന്ന് വിളിക്കുന്നു. അവസാനപൂരം പൂരംനാളിൽ ഇരിങ്ങോളിലാണ്‌ നടന്നിരുന്നത്‌. കാടിനു പുറത്തുള്ള ഒരു മൈതാനത്തിൽ വച്ചായിരുന്നു പൂരം ആഘോഷിച്ചിരുന്നത്‌. ഇന്ന് മൈതാനമൊക്കെ അന്യാധീനപ്പെട്ടുപോയി. ആറാട്ടുപുഴ പൂരം ദിവസം തന്നെയാണ്‌ ഇവിടേയും പൂരം. ഒരുപക്ഷേ പണ്ട്‌ ആറാട്ടുപുഴയിൽ പോയിരുന്നത്‌ മുടങ്ങിയതു മുതലാകാം ഈ ക്ഷേത്രങ്ങൾ ഒരുമിച്ചുകൂടി പൂരം നടത്തിതുടങ്ങിയത്‌. പിന്നീട്‌ അത്‌ നിന്നുപോയി. ഇപ്പോൾ ഒരിടത്തേക്കും യാത്രയില്ല. ആരും ഇങ്ങോട്ടും വരുന്നില്ല. കൊടിയേറ്റം മുതൽ എന്നും ആറാട്ടിന്‌ കുറച്ച്‌ അപ്പുറത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലേക്ക്‌ പോകുന്ന യാത്രമാണുള്ളത്‌. പണ്ടുകാലത്ത്‌ പൂരം നടന്നിരുന്ന മുൻഗണനാ ക്രമത്തിലാണ്‌ ഇന്നും ഈ എട്ട്‌ ക്ഷേത്രങ്ങളിലേയും പൂരം ആഘോഷിച്ച്‌ വരുന്നത്‌.

"പൂരം മുൻപില്‌ വേങ്ങൂര്‌
പിന്നെ മാണിക്യമംഗലം
ചെങ്ങൽ എടാട്ട്‌ ആവണംകോട്‌
തിരുനായത്തോട്‌ ഏഴിപ്രം"
ഇതിൽ അവസാനമാണ്‌ ഇരിങ്ങോൾ
ഇതായിരുന്നു ആറാട്ടുപുഴയിലെ കണക്ക്‌. അതു തന്നെയാണ്‌ പിൻകാലത്ത്‌ ഇവിടങ്ങളിൽ പിൻതുടർന്നതും. യാത്രകളില്ലെങ്കിലും ഈ മുൻഗണനാ ക്രമം പാലിച്ചുകൊണ്ടാണ്‌ ഈ ക്ഷേത്രങ്ങളിൽ ഇന്നും പ്രധാന പൂരദിവസങ്ങൾ ആഘോഷിച്ചു വരുന്നത്‌. ഇരിങ്ങോൾ ഭഗവതിയെ എഴുന്നള്ളിക്കാൻ പിടിയാന തന്നെ വേണം എന്ന് നിർബന്ധമാണ്‌. കൊമ്പനാനയെ കാട്ടിനുള്ളിലേക്ക്‌ പോലും കയറ്റികൂടാ. പണ്ടൊക്കെ പൂരത്തിന്‌ ഏഴ്‌ പിടിയാനകൾ വരുമായിരുന്നു. ഇപ്പോൾ മൂന്നായി ചുരുങ്ങി. മാത്രമല്ല ഇപ്പോൾ പൂരം ക്ഷേത്രമുറ്റത്ത്‌ വച്ച്‌ തന്നെയാണ്‌ നടത്തുന്നത്‌. കാടിനു നടുവിൽ ഒരു പൂരം എത്രമനോഹരമായിരിക്കും!! കുറച്ച്‌ കാലം മുൻപ്‌ വരെ ക്ഷേത്രത്തിന്‌ സ്വന്തമായി ആനയുണ്ടായിരുന്നു. അത്‌ ചരിഞ്ഞു.

ഇതേ ഐതിഹ്യവും അതിൽ നിന്നുടലെടുത്ത സ്ഥലനാമങ്ങളും വേറെയും കേട്ടിട്ടുള്ളതിനാൽ അത്തരം വ്യർത്ഥമായ കാര്യങ്ങളുടെ പുറകേ പോകുന്നില്ല.  ഇരിങ്ങോൾ എന്നാൽ 'കാട്ടിലെ കാവ്‌ ' എന്നാണർത്ഥം. ക്ഷേത്രാങ്കണത്തിൽ നിന്നിറങ്ങി മുന്നിലുള്ള പടവുകളിലൂടെ നടന്നാൽ കാനന പാതയിലാണ്‌ എത്തിപ്പെടുക.  ഇടക്കെപ്പൊഴോ കലപില കൂട്ടിക്കൊണ്ട്‌ എതിരേ കടന്നുപോയ ആൾക്കൂട്ടങ്ങൾ ശരിക്കും അരോചകമായി തോന്നി. അവർ പോയപ്പോൾ വീണ്ടും ഞാൻ ഏകാന്തതയിൽ ലയിച്ചു. കൂട്ടിനായി കാടിന്റെ മൂളൽ മാത്രം. ചീവീടുകളുടെ കരച്ചിൽ ഇടമുറിയാതെ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. കൂമനും നത്തും കുയിലും പിന്നെ ഏതൊക്കെയോ പക്ഷികളും ശബ്ദ്ധിച്ചുകൊണ്ടേയിരുന്നു. വന്യജീവികളോ ഇഴജന്തുക്കളോ ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടുകൂടി ഉൾക്കാട്ടിലേക്ക്‌ കടന്നപ്പോൾ അൽപം ഭയം തോന്നാതെയിരുന്നില്ല. കാട്ടിനുള്ളിൽ സുഗന്ധപുഷ്‌പങ്ങൾ വിരിയില്ല എന്നാണ്‌ പറയുന്നത്‌. സുഗന്ധ പുഷ്‌പങ്ങൾ ഇവിടെ പൂജക്കെടുക്കില്ല. സുഗന്ധമുള്ള പൂക്കൾ ചൂടിവരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറുമില്ല. വനത്തിലെ ഓരോ മരവും ഓരോ ദേവൻ ആണെന്നാണ്‌ സങ്കൽപം. കാവ്‌ കാത്തു സംരക്ഷിക്കുന്ന വനദേവന്മാർ! അതുകൊണ്ടുതന്നെ ഒരു ചുള്ളിക്കമ്പുപോലും ആരും ഇവിടെ നിന്ന് ഏടുക്കാറില്ല. വീണുപോയമരങ്ങൾ  എടുത്തുമാറ്റാൻ പാടില്ല. അവ അവിടെ കിടന്ന് മണ്ണിൽ ചേരണം. അതാണ്‌ നിയമം. ആരെങ്കിലും ഇവിടം സന്ദർശ്ശിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്ലാസ്റ്റിക്‌ വസ്തുക്കൾ കൊണ്ടുപോകരുത്‌. കാവിലേക്ക്‌ കയറിച്ചെല്ലുമ്പോൾ തന്നെ അത്‌ എഴുതിവച്ചിട്ടുണ്ട്‌. വിവിധയിനം പക്ഷിമൃഗാദികളാലും ചിത്രശലഭങ്ങളാലും വൃക്ഷലദാതികളാലും സമ്പന്നമാണ്‌ ഈ വനം. അത്‌ കാത്ത്‌ സംരക്ഷിക്കാൻ സന്ദർശ്ശകർ ഓരോരുത്തരും ബാധ്യസ്ഥരാണ്‌.

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ