നാന്ദീമുഖ ശ്രാദ്ധം
*നാന്ദീമുഖ ശ്രാദ്ധം*
മൂന്ന് തരത്തിലുള്ള ഋണങ്ങൾ (കടം)പേറിയാണത്രേ ഓരോ മനുഷ്യരും ജന്മമെടുക്കുന്നത്. ദേവ ഋണം, ഋഷി ഋണം, പിതൃ ഋണം എന്നിവയാണവ. ഈ മൂന്നു കടങ്ങളും വീട്ടുന്ന ഘട്ടത്തിൽ മാത്രമാണത്രെ ഒരു പുരുഷായുസ് സാർത്ഥകമാകുന്നത്. മോക്ഷമാർഗ്ഗത്തിലേക്ക് യോഗ്യത നേടുന്നതിന് ഒഴിച്ച് കൂടാനാകാത്തതാണ് ഈ മൂന്ന് കടങ്ങളുടെയും പൂർത്തീകരണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒന്നാണ് പിതൃക്കളുമായി ബന്ധപ്പെട്ട ഋണം. കാരണം നമ്മളുടെ എല്ലാത്തിൻ്റേയും അടിസ്ഥാനം എന്നത് പോലും പിതൃക്കളാണ്. അച്ഛൻ്റെ പ്രാണനും, ഗർഭത്തിലിരിക്കെ അമ്മ കഴിച്ച അന്നവുമാണ് നമ്മളെ നമ്മളാക്കുന്നത്. ഇതേ ബന്ധം നമ്മുടെ മാതാപിതാക്കൾക്ക് അവരുടെ മാതാപിതാക്കളോടുണ്ട്. അവർക്ക് അവർക്ക് മുകളിലെ തലമുറയോട്. അവിടം കൊണ്ടു അവസാനിക്കാതെ തലമുറകൾ പിറകിലേക്ക് പോകുന്ന ഒരു പരമ്പരയാണിത്. ദീർഘമായ ആ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് നമ്മൾ. തലമുറകൾ കൈമാറി വരുന്ന ഒരു ജനിതക ഘടനയുടെ ചങ്ങലയാണത്. അതാണ് പാരമ്പര്യം എന്ന് പറയുന്നത്. അത് തന്നെയാണ് പൈതൃകവും. പൈതൃകമായിക്കിട്ടിയ നമ്മുടെ സകലതിനും പിതൃക്കളാണ് കാരണക്കാർ. നമ്മുടെ ഈ ശരീരത്തിന് പോലും നമ്മൾ നമ്മുടെ പിതൃക്കളോട് കടപ്പെട്ടിരിക്കുന്നു. അവർക്ക് വേണ്ടി കർമ്മബന്ധനങ്ങളെ അഴിച്ചെടുക്കലാണ് നമ്മുടെ പൈതൃക ധർമ്മം.
വൈദിക കർമ്മങ്ങളിൽ ഈ പിതൃസ്മരണയാണ് നാന്ദീമുഖ ശ്രാദ്ധം എന്ന ക്രിയ. ഏതൊരു കർമ്മവും ആരംഭിക്കേണ്ടത് നാന്ദീമുഖത്തോടെയാണ്. ആദ്യം പിതൃഗണത്തിന്റെ അധിദേവതകൾ ആയ വിശ്വദേവകളേയും പിതൃഗണത്തേയും ആണ് ഇവിടെ സ്മരിക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കിൽ ഈ സ്മരണ നാമമാത്രമായി. പിതൃ സങ്കൽപ്പത്തിൽ ദാന രൂപത്തിൽ ഉള്ള ക്രിയയല്ലാതെ ശ്രാദ്ധ സമ്പ്രദായത്തിൽ ഒരു ക്രിയ ഉണ്ടെന്ന് പോലും പലർക്കും ഇന്നറിയില്ല.
ശ്രാദ്ധം എന്ന് പറയുമെങ്കിലും നാന്ദീമുഖ ശ്രാദ്ധം സാധാരണ ശ്രാദ്ധ ദിവസം ഊട്ടുന്ന ശ്രാദ്ധം പോലെയല്ല . ഒരു വ്യക്തി മരിച്ചാൽ അദ്ദേഹത്തിന്റെ മരണം ആണ്ട് എത്തുന്ന ദിവസമാണല്ലോ സാധാരണ ശ്രാദ്ധം ഊട്ടുന്നത്. ഇത് അങ്ങിനെയല്ല. പിതൃ ഗണത്തെ സമഷ്ടിയായിട്ടാണ് ഇവിടെ സ്മരിക്കുന്നത്. പിതൃ ഗണത്തോട് ഇവിടെ ഈ പരമ്പരയിൽ ഒരാൾ കൂടി ഉപനയന സംസ്കാരത്തിലേക്ക് കടക്കുകയാണെന്ന് അറിയിക്കുകയും, പിതൃ ഗണത്തിന്റെ അനുവാദം മേടിക്കുകയും ആണ് ചെയ്യുന്നത്.
*നാന്ദീമുഖ ശ്രാദ്ധേ പിതൃഭ്യ ഇദം*
Comments
Post a Comment