ഭാരതീയർ പിന്തുടരുന്ന ചില ആരോഗ്യ ശീലങ്ങൾ
🔥
*ഭാരതീയർ പിന്തുടരുന്ന ചില ആരോഗ്യ ശീലങ്ങൾ.*
*അജീർണ്ണേ ഭോജനം വിഷം :* പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.
*അർദ്ധരോഗഹരീ നിദ്രാ :* പാതി രോഗം ഉറങ്ങിയാൽ തീരും.
*മുദ്ഗദാളീ ഗദവ്യാളീ :* ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.
*ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ :* വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും.
*അതി സർവ്വത്ര വർജ്ജയേൽ :* ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിക്കരുത്.
*നാസ്തി മൂലം അനൗഷധം :* ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല
*ന വൈദ്യ: പ്രഭുരായുഷ: :* വൈദ്യൻ ആയുസ്സിന്റെ നാഥനല്ല.
*മാതൃവത് പരദാരാണി :* അന്യസ്ത്രീകളെ അമ്മയായി കാണണം.
*ചിന്താ വ്യാധിപ്രകാശായ :* മനസ്സു പുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും.
*വ്യായാമശ്ച ശനൈഃ ശനൈഃ :* വ്യായാമം പതിയെ വർദ്ധിപ്പിയ്ക്കണം. പതിയെ ചെയ്യണം -- അമിതവേഗം പാടില്ല.
*അജവത് ചർവ്വണം കുര്യാത് :* ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരിലാണ് ആദ്യത്തെ ദഹനപ്രക്രിയ.
*സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം :* കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും.
*ന സ്നാനം ആചരേത് ഭുക്ത്വാ :* ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും.
*നാസ്തി മേഘസമം തോയം :* മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.
*അജീർണ്ണേ ഭേഷജം വാരി :* തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും.
*സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം :* എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയ അരിയിലും പഴകിയ വേലക്കാരനിലും ഒഴികെ.
*നിത്യം സർവ്വ രസാഭ്യാസ :* ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം.
*ജഠരം പൂരയേദർദ്ധം അന്നൈ :* ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം.
*ഭുക്ത്വോപവിശതസ്തന്ദ്രാ :* ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക.
*വൃദ്ധസ്യ തരുണീ വിഷം*
*ക്ഷുത് സ്വാദുതാം ജനയതി :* വിശപ്പ് രുചി വർദ്ധിപ്പിക്കും.
*ചിന്താ ജരാണാം മനുഷ്യാണാം :* മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും.
*ശതം വിഹായ ഭോക്തവ്യം :* നൂറു കാര്യം നിർത്തണമെങ്കിലും ഊണ്, സമയത്തു കഴിയ്ക്കണം.
*സർവ്വധർമ്മേഷു മദ്ധ്യമാം :* എല്ലാ ധർമ്മത്തിനും ഇടയ്ക്കുള്ള വഴിയേ പോകുക.
*നിശാന്തേ ച പിബേത് വാരി :* ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും.
*വൈദ്യാനാം ഹിതഭുക് മിതഭുക് രിപു :* ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം...?
*ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ :* ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.
*ആരോഗ്യം ഭാസ്കരാദിച്ഛേത്*
*ദാരിദ്ര്യം പരമൗഷധം :* ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിതസുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്.
*ആഹാരോ മഹാഭൈഷജ്യമുച്യതേ :* ആഹാരമാണ് മഹാമരുന്ന്.
*സുഹൃർദ്ദർശനമൗഷധം :* സ്നേഹിതരെക്കണ്ടാൽ രോഗത്തിന് ആശ്വാസം വരും.
*ജ്വരനാശായ ലംഘനം :* പനിയുണ്ടെങ്കിൽ ഉണ്ണരുത്.
*പിബ തക്രമഹോ നൃപ രോഗഹരം :* ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.
*ന ശ്രാന്തോ ഭോജനം കുര്യാത് :* തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.
*ഭുക്ത്വോപവിശത: സ്ഥൗല്യം :* ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും.
*ദിവാസ്വാപം ന കുര്യാതു :* പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,
*ലാഭാനാം ശ്രേഷ്ഠമാരോഗ്യം :* ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം.
*സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത് :* മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം.
*പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ :* ശ്വാസോച്ഛ്വാസം പ്രാണായാമ രീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല.
*വിനാ ഗോരസം കോ രസം ഭോജനാനാം ? :* അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ...?
*ആരോഗ്യം ഭോജനാധീനം :* ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക്കുക.
*മിതഭോജനേ സ്വാസ്ഥ്യം :* ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ്.
*സർവ്വരോഗഹരീ ക്ഷുധാ :* ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.
Comments
Post a Comment