പരാശക്തി
*പരാശക്തി*
========================
സാമാന്യമായ ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽപ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽപ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം.
ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.
ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽപ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജ്ജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.
സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.
പരബ്രഹ്മമൂർത്തി ആയ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ലളിത ത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം. എന്നാണ് ശാക്തേയരും, ശൈവരും കരുതുന്നത്.
മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.
ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്.
ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.
ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.
ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല
1.ശൈലപുത്രി, 2.ബ്രഹ്മചാരിണി, 3.ചന്ദ്രഖണ്ഡ,
4.കൂശ്മാണ്ട,
5.സ്കന്ദ മാതാ, 6.കാത്യായനി,
7.കാലരാത്രി,
8.മഹാഗൗരി,
9.സിദ്ധിധാത്രി
തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.
*ലളിതാസഹസ്രനാമം നിത്യവും ജപിച്ചോളൂ*,
ശക്‌തിസ്വരൂപിണിയും പ്രപഞ്ചമാതാവുമായ ആദിപരാശക്തി ത്രിശൂലധാരിയാണ്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ത്രിശൂലം. ഈ മൂന്നുശക്തികളും ദേവിയിൽ നിഷിപ്തമായിരിക്കുന്നു എന്ന് സാരം. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമമായ മാർഗമാണ് ലളിതാസഹസ്രനാമജപം. ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രസംഗ്രഹമാണ് ലളിതാസഹസ്രനാമം.
മാതൃസ്വരൂപിണിയാണ് ദേവി. ദേവിയുടെ മാതൃസ്വരൂപം വർണനാതീതമാണ്. മക്കളുടെ വിഷമഘട്ടത്തിൽ അമ്മ ഓടിവന്നു സമാധാനിപ്പിക്കുന്നത് പോലെ ഭക്തരുടെ ക്ലേശം കണ്ടറിഞ്ഞു ശാന്തി വരുത്തും. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. ദേവീസ്മരണയുണ്ടാവുന്ന നിമിഷം തന്നെ ഭക്തന്റെ മനസിലെ മാലിന്യം ഇല്ലാതാകും.
ഗൃഹസ്ഥാശ്രമികൾക്ക് നിത്യപാരായണത്തിന് ഏറ്റവും ഉത്തമവുമാണിത്.
ദേവിയുടെ രൂപഭാവഗുണങ്ങൾ വർണ്ണിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രങ്ങളാണ്. മറ്റ് സഹസ്രനാമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ലളിതാസഹസ്രനാമത്തിലെ ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. ശ്രീ മാതാ എന്ന് തുടങ്ങി ലളിതാംബിക എന്ന നാമത്തിൽ ഈ സഹസ്രനാമം പൂർണമാകുന്നു. അതായത് എല്ലാം അമ്മയില്‍ നിന്നാരംഭിച്ച് അമ്മയില്‍തന്നെ ലയിച്ചുചേരുന്നു.
നിത്യേന പാരായണം ചെയ്യുന്ന ഭവനത്തിൽ രോഗദുരിതം, ദാരിദ്ര്യം എന്നിവ ഉണ്ടാവുകയില്ല. കുടുംബൈശ്വര്യം വർദ്ധിക്കുകയും ക്ലേശങ്ങൾ അകലുകയും ചെയ്യും. കൂടാതെ ജാതകദോഷം, ഗ്രഹപ്പിഴാദോഷങ്ങൾ എന്നിവയൊന്നും അലട്ടുകയുമില്ല. ഉത്തമസന്താനസൗഭാഗ്യത്തിനും, സന്താനപുരോഗതിക്കും, വൈധവ്യദോഷനാശത്തിനും, ദീർഘായുസ്സുണ്ടാവാനും ലളിതസഹസ്രനാമജപം ഉത്തമമാണ്.
ലളിതാസഹസ്രനാമജപത്തിലൂടെ മനസ്സ് ശാന്തമാവുകയും ഏതു പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും. അർഥം അറിഞ്ഞു ജപിക്കുന്നത് ഇരട്ടി ഫലം നൽകുമത്രേ. ചുരുക്കത്തിൽ ദേവീ ഉപാസകർക്ക് ഒരു ദിവ്യ ഔഷധമാണ് ലളിതാസഹസ്രനാമം. നിത്യവും ചൊല്ലാൻ സാധിക്കാത്ത പക്ഷം പൗർണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ചൊല്ലാൻ ശ്രമിക്കുക.
കലികാല വിപത്തുകൾക്കു സിദ്ധൗഷധമാണു ലളിതാസഹസ്രനാമം. സഹസ്രനാമം ചൊല്ലി ദേവിയെ പൂജിക്കുന്ന രീതിയാണു ഭഗവതിസേവയില്‍ കൈകൊണ്ടിട്ടുള്ളത്. സ്വസ്തിക പത്മമിട്ട് അല്ലെങ്കിൽ അഷ്ടദള പത്മമിട്ട് നെയ്‌വിളക്ക് കത്തിച്ച് ചുവന്ന പട്ടും വെള്ളപ്പട്ടും ചാർത്തി സാത്വികപുഷ്പങ്ങളാൽ ദേവിയെ പൂജിക്കുന്നു. ധൂപദീപങ്ങളാൽ അലംകൃതമായ അന്തരീക്ഷത്തിൽ ഭക്തിപൂർവം പൂജ ചെയ്താൽ ഫലസിദ്ധി ക്ഷണനേരങ്ങളാൽ അനുഭവിച്ചറിയാം.
ശർക്കരപ്പായസമാണു നിവേദ്യം. രോഗദുരിതങ്ങൾക്കും ദാരിദ്ര്യദുഃഖാദികൾക്കും പരിഹാരം ലഭിക്കും. ഉന്നതിക്കും കുടുംബശ്രേയസ്സിനും സന്താനലാഭത്തിനും ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ഉപകരിക്കുന്ന ദേവീപൂജയാണു ഭഗവതിസേവ. ശ്രീചക്രത്തിൽ ഏഴാമത്തെ ആവരണമായ സർവരോഗഹരചക്രത്തിൽ സ്ഥിതി ചെയ്യുന്ന വശിനി, കാമേശി, മോദിനി, വിമലാ, അരുണ, ജയിനി, സർവേശ്വരി, കൗലിനി തുടങ്ങിയ വാഗ്ദേവതകളാണു ലളിതാസഹസ്രനാമം രചിച്ചത്.
ശത്രുസംഹാരം, ദുഷ്ടഗ്രഹനിവാരണം, സർവജന്മ മഹാപാപനാശം, കുലദൈവപ്രീതി, കീർത്തി, കാര്യലാഭം, മനോധൈര്യം, അഷ്ടൈശ്വര്യസിദ്ധി, സർവക്ഷേത്ര ദർശനപുണ്യം, ഗോദാനപുണ്യം, സദ്‌വിദ്യാലാഭം, സന്താനലാഭം, രോഗശമനം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾക്ക് കൈകൊണ്ട ദിവ്യൗഷധമാണു ഭഗവതിസേവ. മാത്രമല്ല ദേവീകടാക്ഷം ലഭിക്കുകയും ചെയ്യും. അതിലുപരി മോക്ഷദായകവുമാണ്. പൂജയ്ക്കു ശേഷം ദേവിക്കു ചാർത്തിയ പട്ട് വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്നത് അഖില ആപത്തുകളെ തടയുന്നതിനും എപ്പോഴും ദേവീകടാക്ഷം ഉണ്ടാകുന്നതിനും ദുർബാധകൾ വീട്ടിനുള്ളിൽ പ്രവേശിക്കുന്നത് തടയുന്നതിനും ഉത്തമമാണ്.
തികഞ്ഞ ദേവീഭക്തനായ പൂജകൻ ചെയ്താൽ മാത്രമേ ഫലസിദ്ധി ഉണ്ടാകുകയുള്ളൂ. സ്വാർഥലാഭത്തിനു വേണ്ടി ഒരിക്കലും ഇതു ചെയ്യരുത്. പൂജയ്ക്കു ശേഷം ദേവിക്ക് അർപ്പിച്ച കുങ്കുമം തൊടുന്നതു സർവവശീകരണത്തിന് ഉതകുന്നതാണ്.
ഡാൻസ്, പാട്ട്, അഭിനയം എന്നീ വശ്യശക്തി അനിവാര്യമായ മേഖലയിലുള്ളവർ ചുവന്ന കുങ്കുമം തൊടുന്നതിനു പിന്നിലുള്ള രഹസ്യം ഇതാണ്. അവനവന്റെ കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കാനും ഇതിലൂടെ ആദരണീയനാകാനും ഇതിലൂടെ സാധിക്കുന്നു.
*കാരിക്കോട്ടമ്മ -09 - 02 - 20*
Comments
Post a Comment