കര്‍മ്മങ്ങള്‍

: കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്‌.

1. പ്രാരാബ്‌ധ കര്‍മ്മം 
2. സഞ്ചിത കര്‍മ്മം 
3. ആഗാമി കര്‍മ്മം.

പ്രാരാബ്‌ധ കര്‍മ്മം: 
തുടങ്ങിവെച്ചത്‌ അഥവ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം. ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന്‌ അര്‍ത്ഥം. എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന്‌ സാരം. ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതാനാണ്‌. നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക്‌ അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച്‌ നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു
 ആഗാമി കര്‍മ്മം: 
ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം. ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ കര്‍മ്മമാണ്‌ ആഗാമി കര്‍മ്മം. പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.

ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല. ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്‌. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്‌. നിശ്ചിതമാണ്‌. അനന്തമല്ല. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയില്‍ ശിക്ഷകള്‍. ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌. അതാണ്‌ ആത്മജ്ഞാനം.

പുനര്‍ജന്മത്തിന്‌ പ്രേരകമാണ്‌ കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത്‌ അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക. പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക്‌ കര്‍മ്മ മുക്തനാകുവാന്‍ കഴിയും. കര്‍മ്മ മുക്തി നമുക്ക്‌ സ്വാതന്ത്ര്യം തരുന്നു. തന്മൂലം ഒന്നിന്‌ ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും.
 സഞ്ചിത കര്‍മ്മം: 
ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നര്‍ത്ഥം. കഴിഞ്ഞ ജന്മത്തില്‍ അഥവ പൂര്‍വ്വ ജന്മത്തില്‍ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നര്‍ത്ഥം. ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു. വാസന ഒരു സൂക്ഷ്‌മമായ ഒരു കര്‍മ്മമാണ്‌. ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്‌. മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓര്‍മ്മയിലൂടെയാണ്‌. എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ്‌ തന്നെ അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ്‌ പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌.

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ