ഗുരുഭക്തി

*സനാതനം 94*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*ഗുരുഭക്തി*

*ഭക്തകവി കബീർ ദാസ് ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിരുന്നില്ലെങ്കിൽ കൂടിയും അദ്ദേഹം തന്റെ രചനകളിൽ ഗുരുവിന് വളരെ ശ്രേഷ്ഠമായ സ്ഥാനമാണ് നൽകിയിരുന്നത്. ഗുരുവും സാക്ഷാൽ ഭഗവാനും ഒരേ സമയം തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ താൻ ആദ്യം ഗുരുവിനെ വന്ദിക്കുമെന്നും കാരണം ഈശ്വരനെ പറ്റി തനിക്ക് പറഞ്ഞു തന്നത് ഗുരുവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.*

*പഴയകാലത്തെ അദ്ധ്യാപകർ ശിഷ്യന്മാരെ കഠിനമായി ശിക്ഷിച്ചിരുന്നതായും എങ്കിൽ പോലും ശിഷ്യരുടെ നന്മ ലാക്കാക്കി ചെയ്തിരുന്ന ആ പ്രവർത്തികൾ ന്യായീകരിക്കപ്പെട്ടിരുന്നു. ഇന്നും തങ്ങളുടെ ഗുരുനാഥന്മാരെ കാണുമ്പോൾ ബഹുമാനപുരസ്സരം പെരുമാറുന്നവരാണ് ഇക്കാലത്തെ മുതിർന്നവരിൽ ബഹുഭൂരിപക്ഷവും.*

*എന്നാൽ പുതുതലമുറയ്ക്ക് അദ്ധ്യാപകരോടുള്ള മനോഭാവത്തിൽ  ആ ശീലങ്ങൾ കൈമോശം വന്നുവോ എന്നാണ് പലരുടെയും സംശയം. ന്യായവും അന്യായവുമായ ആവശ്യങ്ങളുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സമരമുഖത്തെത്തുമ്പോൾ നഷ്‌ടമാകുന്നത് അദ്ധ്യാപനമെന്ന തൊഴിലിന്റെ മഹനീയതയും വിനയത്തോടെ മാത്രം വിദ്യ അഭ്യസിക്കേണ്ട ശിഷ്യരുടെ സദ്ഗുണവുമാണ്.*

*വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, കലാശാലകൾ, തൊഴിൽ ശാലകൾ തുടങ്ങി ഭാരതത്തിലെ സാമൂഹ്യ ജീവിതത്തിൽ ആകമാനം സ്വാധീനം ചെലുത്തി അത്യുൽകൃഷ്ട പദവിയിൽ പ്രതിഷ്ഠിതമായിരിക്കുന്ന പൂജനീയ സങ്കൽപ്പമാണ് ഗുരുവിനുള്ളത്. ഭാരതീയർ ഏതൊരു സംരംഭത്തിനും തുടക്കം കുറിക്കുന്നത് ഗുരുവന്ദനത്തോടെയാണ്. ഒരു വ്യക്തിയുടെ നശ്വരമായ പ്രപഞ്ച ജീവിതത്തിൽ നിന്ന് അനശ്വരമായ അമൃതത്വത്തിലേക്ക് വളരുന്നതിനള്ള ശക്തിയും, മാർഗ്ഗ നിർദ്ദേശവും നൽകുന്നത് ഗുരുവാണ്. ആദികാല ഗുരുക്കന്മാര്‍ ഋഷിമാരായിരുന്നു. അതായത്‌ സര്‍വസംഗപരിത്യാഗികള്‍.ദേവന്മാർക്കും അസുരന്മാർക്ക് പോലും ഗുരു ഉണ്ടായിരുന്നു.*

*എത്ര ശക്തനും പ്രതാപശാലിയുമായ രാജാവും കാഷായ വസ്ത്രധാരിയായ ഒരു സംന്ന്യാസിയെ തന്റെ ഗുരുവായി രാജാസനത്തിനരികെ ഇരുത്തി ആശിര്‍വാദം വാങ്ങിക്കൊണ്ടാണ്‌ ഭരണഭാരം നിര്‍വഹിച്ചുപോന്നതെന്ന്‌ കാണാം. ചക്രവര്‍ത്തിയും രാജര്‍ഷിയുമായ ജനകന്‍ അഷ്ടാവക്രനെപ്പോലുള്ള അനേകം ശിഷ്യരുടെ ഗുരുവായിരുന്നത്‌ ത്യാഗംകൊണ്ടും തപസ്സുകൊണ്ടും ആര്‍ജ്ജിച്ച വിജ്ഞാനത്തിന്റെ മഹത്വം കൊണ്ടാണ്‌. ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ മുന്നില്‍ സ്വയം സമര്‍പ്പണം ചെയ്ത ഭാരതീയ ഗുരു പരമ്പര തപസ്സിലൂടെ നേടിയ സമസ്ത വിജ്ഞാനങ്ങളും തലമുറകള്‍ കൈമാറിക്കൊണ്ട് കേവലം മൃഗസമാനമായ അവസ്ഥയില്‍ കഴിയുമായിരുന്ന മാനവകുലത്തെ ദേവത്വത്തിലേക്ക് ഉയര്‍ത്തി. അങ്ങനെ അനേകം ഗുരുപരമ്പരകള്‍ തന്നെ ഭാരതത്തില്‍ ഉടലെടുത്തു. അവരെയെല്ലാം ആദരവോടെ സ്മരിക്കാനും അവര്‍ കാണിച്ചു തന്ന മാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോകാനും  യുവതലമുറ പ്രതിജ്ഞാബദ്ധമാകേണ്ടതാണ്.*

*തുടരും......*

*സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191127

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ